സംസ്ഥാനത്ത് വീണ്ടും ലോക്ക് ഡൗൺ പരിഗണിക്കുന്നില്ലെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും ലോക്ക് ഡൗൺ പരിഗണിക്കുന്നില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കൂടുതൽ ശക്തമായ ബോധവൽക്കരണമാണ് പ്രധാനം. നാമെല്ലാവരും രോഗം ബാധിച്ചേക്കാൻ ഇടയുള്ളവരാണെന്ന് ആദ്യം ബോധ്യപ്പെടുകയെന്നും ആവശ്യമായ പ്രതിരോധ മാർഗങ്ങൾ സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.

പ്രതിരോധ പ്രവർത്തനങ്ങളിലേക്ക് മുഴുവൻ ആളുകളെയും എത്തിക്കുന്നതിനുള്ള ബോധവൽക്കരണ പ്രക്രിയ ശക്തിപ്പെടുത്തുക. കൊറോണ പരിശോധന വർധിപ്പിച്ച് കൂടുതൽ വ്യാപനം ഒഴിവാക്കുക. 50,000 ടെസ്റ്റിലേക്ക് എത്തിക്കുകയാണ് ഇപ്പോൾ ലക്ഷ്യമിടുന്നത്. അടച്ചുപൂട്ടൽ കൊണ്ടുമാത്രം രോഗത്തെ നേരിടാനാകും എന്ന് കരുതുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

സംസ്ഥാനത്ത് ഏറ്റവും കൂടുതൽ കൊറോണ രോഗികളുള്ള തിരുവനന്തപുരത്ത് കൂടുതൽ ജാഗ്രത വേണമെന്നും മുഖ്യമന്ത്രി പറഞ്ഞു. തിരുവനന്തപുരത്ത് തീരപ്രദേശത്ത് നിന്ന് മാറി മിക്കയിടത്തും രോ​ഗം റിപ്പോർട്ട് ചെയ്യപ്പെടുന്നു. നിലവിൽ 4459 ആക്ടീവ് കേസുകളുണ്ട്. ഇന്ന് 512 പേരെ ഡിസ്ചാർജ് ചെയ്തു. 590 പേർക്കാണ് ഇന്ന് ജില്ലയിൽ രോഗം സ്ഥിരീകരിച്ചത്.