ന്യൂഡെൽഹി: രാജ്യത്ത് കൂടുതൽ ട്രെയിൻ സർവ്വീസുകൾ നടത്താനൊരുങ്ങി ഇന്ത്യൻ റെയിൽവേ. ലോക്ക് ഡൗണിന് ശേഷം രാജ്യത്ത് 230 ട്രെയിനുകൾ നിലവിൽ സർവീസ് ആരംഭിച്ചിട്ടുണ്ട്. അതിന് പുറമെയാണ് 80 ൽ അധികം ട്രെയിനുകൾ കൂടി സർവീസ് ആരംഭിക്കുന്നത്.
സംസ്ഥാന സർക്കാരുകളുടെ അഭ്യർഥന പരിഗണിച്ചാണ് സർവീസ് ആരംഭിക്കുന്നതെന്ന് കേന്ദ്ര റെയിൽവേ മന്ത്രാലയം വ്യക്തമാക്കി. സെപ്തംബർ 12 മുതൽ 80ൽ അധികം സർവ്വീസുകൾ ആരംഭിക്കുമെന്ന് റെയിൽവെ ബോർഡ് ചെയർമാൻ വിനോദ് കുമാർ യാദവ് അറിയിച്ചു.
പത്താം തീയതി മുതൽ ടിക്കറ്റ് റിസർവേഷൻ ആരംഭിക്കുമെന്നും വിനോദ് കുമാർ യാദവ് അറിയിച്ചു. പരീക്ഷ, മറ്റു പ്രധാന ആവശ്യങ്ങൾ എന്നിവ മുൻ നിർത്തിയാണ് കൂടുതൽ ട്രെയിൻ സർവ്വീസ് റെയിൽവെ പരിഗണിക്കുന്നത്. പല സംസ്ഥാനങ്ങളും സ്‌പെഷ്യൽ ട്രെയിൻ സർവീസ് നടത്തണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെന്നും വിനോദ് കുമാർ യാദവ് പറഞ്ഞു. സെപ്തംബർ ഒന്ന് മുതൽ കൂടുതൽ ഇളവുകൾ കേന്ദ്രസർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്.