ബാം​ഗ്ലൂർ മയക്കുമരുന്ന് കേസ് പ്രതി അനൂപ് മുഹമ്മദുമായി ബിനീഷ് കൊടിയേരി മൂന്നു മാസത്തിനിടെ 76 തവണ ഫോണിൽ ബന്ധപ്പെട്ടു

കൊച്ചി; ബാം​ഗ്ലൂർ മയക്കുമരുന്ന് കേസിലെ രണ്ടാം പ്രതി അനൂപ് മുഹമ്മദുമായി ബിനീഷ് കോടിയേരിയുടെ കൂടുതൽ ബന്ധം പുറത്ത്. മൂന്ന് മാസത്തിനിടെ 76 തവണ അനൂപ് മുഹമ്മദും ബിനീഷ് കൊടിയേരിയും ഫോണിൽ ബന്ധപ്പെട്ടതായി റിപ്പോർട്ട്. ബിനിഷ് കോടിയേരിയും അനൂപ് മുഹമ്മദും ജൂണിൽ മാത്രം 58 കാളുകളാണ് നടത്തിയത്. കൂടാതെ പ്രമുഖ സംവിധായകൻ ഖാലിദ് റഹ്മാനുമായി 22 തവണ അനൂപ് മുഹമ്മദ് ബന്ധപ്പെട്ടിട്ടുണ്ട്.

ജൂലൈ മാസത്തിൽ 10 കോളുകൾ മാത്രമാണ് വിളിച്ചത്. പലതും വാട്സാപ്പിലൂടെയാണ് നടത്തിയതെന്ന് അന്വേഷണ ഉദ്യോ​ഗസ്ഥർ പറയുന്നു. ജൂലൈ മാസത്തിൽ 8 കോളുകൾ ഇരുവരും ചെയ്തു. ബിനീഷിന്റെ അടുത്ത സുഹൃത്തും തലശ്ശേരിയിലെ ബികെ 55 ക്ലബ്ബിന്റെ അധ്യക്ഷനുമായ അജ്മൽ പിലാക്കണ്ടി ആഗസ്റ്റ് 5 മുതൽ 16 വരെയുള്ള ദിവസങ്ങളിൽ 11 തവണയാണ് അനൂപുമായി ഫോണിൽ സംസാരിച്ചത്.

സിനിമാ സംവിധായക ഖാലിദ് റഹ്മാൻ ജൂൺ ജൂലൈ മാസങ്ങളിലായി 22 തവണ ഫോണിൽ സംസാരിച്ചു. ബിനീഷും അനൂപിനും ഒപ്പമുള്ള ഫോട്ടോ പോസ്റ്റ് ചെയ്ത അബി വെള്ളിമുറ്റം 12 തവണ അനൂപുമായി സംസാരിച്ചു. റമീസ് എന്ന പേരിലുള്ള ഒരാളുടെ 2 നമ്പറുകളിലേക്ക് പല തവണ വിളിച്ചിട്ടുണ്ട്. ഇത് സ്വർണ്ണക്കടത്ത് കേസിലെ പ്രതി റമീസാണോയെന്ന് വ്യക്തമല്ല. വ്യവസായ, സിനിമ,മേഖലകളിലൊക്കെ നല്ല ബന്ധമുണ്ടായിരുന്നുവെന്ന് വെളിപ്പെടുത്തുന്നതാണ് അനൂപിന്റെ കോൾ ലിസ്റ്റ്.

തൽക്കാലം ഈ കോൾ ലിസ്റ്റിലെ കർണ്ണാടക സ്വദേശികളുടെ പട്ടിക തയ്യാറാക്കി അവരിലേക്ക് അന്വേഷണം നീട്ടി പിന്നീട് കേരള ബന്ധത്തിലേക്ക് നീങ്ങാനാണ് നാർക്കോട്ടിക് ബ്യൂറോയുടെ ആലോചന.