ഇറ്റാനഗർ: ഇന്ത്യാ-ചൈനാ തർക്കം തുടരുന്നതിനിടെ ചൈനീസ് സൈന്യം (പീപ്പിൾസ് ലിബറേഷൻ ആർമി) അഞ്ച് ഇന്ത്യക്കാരെ അരുണാചൽപ്രദേശിൽ തട്ടിക്കൊണ്ടു പോയി. അരുണാചല്‍പ്രദേശിലെ സുബാന്‍സിരി ജില്ലയിലാണ് തട്ടികൊണ്ടു പോകൽ നടന്നതെന്ന് കോണ്‍ഗ്രസ് എംഎല്‍എ നിനോംഗ് എറിക് ട്വീറ്റ് ചെയ്തു.
തട്ടിക്കൊണ്ടുപോയ ഗ്രാമീണരുടെ പേരും നിനോംഗ് പുറത്തുവിട്ടിട്ടുണ്ട്. തട്ടിക്കൊണ്ടുപോയ ആളുടെ സഹോദരന് പങ്കുവച്ച ഫേസ്ബുക്ക് പോസ്റ്റ് സഹിതമാണ് അദ്ദേഹം ട്വീറ്റ് ചെയ്തത്.
ഇത് രണ്ടാം തവണയാണ് തട്ടികൊണ്ടു പോകൽ നടക്കുന്നത്. ചൈനയ്ക്കും ചൈനീസ് സൈന്യത്തിനും ഉചിതമായ മറുപടി നല്‍കണമെന്ന് നിനോംഗ് പ്രധാനമന്ത്രിയോടും മുഖ്യമന്ത്രിയോടും ട്വിറ്ററിൽ ആവശ്യപ്പെട്ടു.
തനു ബക്കർ, പ്രസാത് റിംഗ്ലിംഗ്, എൻഗരു ദിരി, ഡോങ്‌തു എബിയ, ടോച്ച് സിങ്കം എന്നീ അഞ്ച് പേരെ തട്ടിക്കൊണ്ടുപോയതായതായാണ് റിപ്പോർട്ട്. ലഡാക്കിനും ഡോക്ലാമിനും പിന്നാലെ ചൈനീസ് സൈന്യം അരുണാചൽ പ്രദേശിൽ ആക്രമണം ആരംഭിച്ചതായി നിനോംഗ് എറിംഗ് പറഞ്ഞു.