തിരുവനന്തപുരം: കൊറോണക്കാലത്ത് തിരക്കിട്ട് ശ്രീനാരായണ ഗുരു ഓപ്പൺ യൂണിവേഴ്സിറ്റി സ്ഥാപിക്കുന്നത് സർക്കാരിന് വേണ്ടപ്പെട്ടവരെ താക്കോൽ സ്ഥാനങ്ങളിൽ നിയമിക്കാനെന്ന് ആക്ഷേപം. കേരള, കാലിക്കറ്റ്, എംജി, കണ്ണൂർ സർവകലാശാലകളിലെ പ്രൈവറ്റ്, ഡിസ്റ്റൻസ് പoനവും നിർത്തലാക്കുന്നത് വിദ്യാർഥികളുടെ ഭാവിയെ പ്രതികൂലമായി ബാധിക്കുമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.
സർവകലാശാലയുടെ ആദ്യ വിസി, പിവിസി, രജിസ്ട്രാർ, കൺട്രോളർ, ഫിനാൻസ് ഓഫീസർ എന്നിവരെ സർക്കാർ നേരിട്ട് നിയമിക്കും. യുജിസി ചട്ടമനുസരിച്ച് നടത്തേണ്ട ആദ്യ വിസി നിയമനം നിയമനത്തിൽ വ്യവസ്ഥ പാലിക്കില്ലെന്നത് ആക്ഷേപത്തിന് ഇടയാക്കുന്നു. മലയാളം സർവകലാശാല രൂപീകരിച്ചപ്പോൾ ആദ്യ വിസി യായി യുഡിഎഫ് സർക്കാർ ഒരു റിട്ടയേർഡ് ഐഎഎസുകാരനെ നിയമിച്ചത് വിവാദമായിരൂന്നു.
കേരള, കാലിക്കറ്റ്, എംജി, കണ്ണൂർ സർവകലാശാലകളിൽ നിന്ന് ഡിസ്റ്റൻസ് എഡ്യൂക്കേഷനും പ്രൈവറ്റ് ഓപ്പണും മാറ്റുന്നതിനാൽ നാലു സർവകലാശാലകളിലും ജോലി ചെയ്യുന്ന ജീവനക്കാർക്ക് ഓപ്ഷൻ മുഖേന ഓപ്പൺ സർവകലാശാലയിൽ വരുവാൻ വ്യവസ്ഥ ചെയ്തിട്ടുണ്ട്.
സ്ഥിരം അധ്യാപകർ കേരള സർവകലാശാലയിൽ മാത്രമേ ഉള്ളൂ. 19 അധ്യാപകർ ജോലി ചെയ്യുന്നു. ഇവരെല്ലാവരും കേരള സർവകലാശാലയിലെ അധ്യാപക വിഭാഗത്തിലേക്ക് മാറ്റത്തിനുവേണ്ടിയുള്ള സമ്മർദ്ദം സർവകലാശാലാ തലത്തിൽ ആരംഭിച്ചു. ഓപ്പൺ സർവകലാശാലയിലേക്ക് പോകാൻ സ്വയം തയ്യാറാകാതെ വരുമ്പോൾ ഇവരെ ഓപ്ഷൻ മുഖേന സൂപ്പർ ന്യൂമററിയായി തുടരാൻ അനുവദി ക്കേണ്ടിവരും. ഈ ഇനത്തിൽ മാത്രം കേരളയ്ക്ക് മൂന്ന് കോടി രൂപയുടെ അധിക ചെലവ് ഉണ്ടാകും.
എന്നാൽ അനധ്യാപക ജീവനക്കാർ പുതിയ സർവകലാശാലയ്ക്ക് പോകാൻ ഏറെയുണ്ടാകും.
സർവകലാശാല ഭരണനിർവഹണത്തിനു സിൻഡിക്കേറ്റും, അക്കാഡമിക് കൗൺസിലും ഉണ്ടാകും. സെനറ്റ് ഉണ്ടാകില്ല. നിലവിലെ പരമ്പരാഗത കോഴ്സുകൾക്കൊപ്പം ആധുനിക കോഴ്സുകളും ആരംഭിക്കും. വിഷയങ്ങൾ പഠിപ്പിക്കുന്നത് കരാർ അടിസ്ഥാനത്തിൽ നിയമിക്കപ്പെടുന്ന റിട്ടയർ ചെയ്തവർ ഉൾപ്പടെയുള്ളവരായിരിക്കും.
യുജിസി ചട്ടപ്രകാരം സ്കോർ പോയിന്റുള്ള സർവകലാശാലകളിൽ വിദൂര വിദ്യാഭ്യാസകോഴ്‌സുകൾ നടത്തുന്നത് വിലക്കിയത് കൊണ്ട് കോളേജ് പ്രവേശനം ലഭിക്കാത്തവർക്ക് പൂർണമായും ഓപ്പൺ യൂണിവേഴ്സിറ്റികളെ ആശ്രയിക്കേണ്ടിവരും. ഓപ്പൺ ഡിഗ്രിയെ രണ്ടാം തരം ഡിഗ്രിയായെ പരിഗണിക്കപ്പെടുകയുള്ളുവെന്നും ചൂണ്ടികാണിക്കപ്പെടുന്നു.
കേരള കാലിക്കറ്റ്, എം ജി, കണ്ണൂർ എന്നീ യൂണിവേഴ്സിറ്റികളിലെ നിലവിലെ കേന്ദ്രങ്ങൾ തല്ക്കാലം റീജിയനൽ സെന്ററുകളാകും.പിന്നീട് സർവകലാശാല ക്യാമ്പസുകൾക്ക് പുറത്ത് സെന്ററുകൾ തുടങ്ങും. മറ്റ് സംസ്ഥാനങ്ങളിൽ യുജിസി ചട്ടം അനുസരിച്ച് 3.26 സ്കോർ പോയിൻറ് ഉള്ള സർവകലാശാലകളിൽ റെഗുലർ കോഴ്സുകൾക്കൊപ്പം ഡിസ്റ്റൻസ് കോഴ്സ് കൂടി നടത്തുന്നുണ്ട്.
ഇന്ത്യയിൽ ഇന്ദിരാഗാന്ധി ഓപ്പൺ യൂണിവേഴ്സിറ്റി കൂടാതെ 13 സ്റ്റേറ്റ് യൂണിവേഴ്സിറ്റികൾ ഉണ്ട്. കേരള ഓപ്പൺ കൂടിയാകുമ്പോൾ പതിനാല് യൂണിവേഴ്സിറ്റികൾ ആകും.
ഡിജിറ്റൽ സർവകലാശാലയും ഇപ്പോൾ ഓപ്പൺ സർവകലാശാലയും ഓർഡിനൻസിലൂടെ ധൃതി പിടിച്ച് ആരംഭിക്കുന്നത് അക്കാദമിക് താ ൽപ്പര്യങ്ങളിലുപരി സർവകലാശാലായിലെ ഉന്നത നിയമനങ്ങൾ നടത്തുക എന്ന ലക്ഷ്യം മാത്രം മുന്നിൽ കണ്ടാണെന്നും ഓപ്പൺ സർവകലാശാല പ്രവർത്തനം അടുത്ത അക്കാദമിക് വർഷം മുതൽ മാത്രമേ ആരംഭിക്കാവൂയെന്നും സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു.