തിരുവനന്തപുരം : മുഖ്യമന്ത്രിയുടെ മുൻ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനെതിരെ വിജിലന്‍സ് അന്വേഷണത്തിന് അനുമതി തേടിയുള്ള ഫയല്‍ ആഭ്യന്തര സെക്രട്ടറി ടി.കെ.ജോസിനു മുന്നിലെത്തി. 26 ദിവസം പൂഴ്‌ത്തിവച്ചശേഷം, കഴിഞ്ഞ 26ന് വൈകിട്ട് ആഭ്യന്തര സെക്രട്ടറിയുടെ പേരെഴുതിയ സീല്‍ഡ് കവറില്‍ കോണ്‍ഫിഡന്‍ഷ്യല്‍ (അതീവ രഹസ്യം) എന്നു രേഖപ്പെടുത്തി വിജിലന്‍സ് ആസ്ഥാനത്തു നിന്ന് ഫയലെത്തിക്കുകയായിരുന്നു.ഇത്രയും ദിവസം എന്തുകൊണ്ടാണ് ഇത് കാണാതായതെന്നത് ദുരൂഹമായി തുടരുകയാണ്.
പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, എറണാകുളം സ്വദേശി ചെഷൈര്‍ ടാര്‍സണ്‍ എന്നിവരുടെ പരാതികളെത്തുടര്‍ന്നാണ് ശിവശങ്കറിനെതിരെ അന്വേഷണത്തിന് വിജിലന്‍സ് സര്‍ക്കാരിന്റെ അനുമതി തേടിയത്.
സ്വപ്‌നാ സുരേഷിന്റേതടക്കമുള്ള ഐടിവകുപ്പിലെ വഴിവിട്ട നിയമനങ്ങളും കണ്‍സള്‍ട്ടന്‍സി കരാറുകളുമാണ് പ്രധാനം.യോഗ്യതയില്ലാത്ത സ്വപ്നയെ ഒരു ലക്ഷത്തിലേറെ രൂപ ശമ്പളത്തില്‍ പ്രോജക്‌ട് മാനേജരായി നിയമിച്ച് 12 മാസം ശമ്പളം നല്‍കിയതിലൂടെ ഖജനാവിന് നഷ്ടമുണ്ടായതിനാല്‍ അഴിമതിനിരോധനനിയമത്തിന്റെ പരിധിയില്‍ വരും.
ശിവശങ്കറിനെതിരെ അന്വേഷണത്തിന് അനുമതി ആവശ്യപ്പെട്ടുള്ള ഫയല്‍ പൂഴ്‌ത്തിയതായി മൂന്നാഴ്ച മുമ്പ് റിപ്പോര്‍ട്ട് പുറത്ത് വന്നിരുന്നു. തുടര്‍ന്ന് ആഭ്യന്തര സെക്രട്ടറി ആവശ്യപ്പെട്ട ശേഷമാണ് ഫയല്‍ പൊങ്ങിയത്. ഇത്തരം ഫയലുകള്‍ അസി.ലീഗല്‍ അഡ്വൈസര്‍, പ്രോസിക്യൂഷന്‍ ഡയറക്ടര്‍ ജനറല്‍ എന്നിവരുടെ നിയമോപദേശം സഹിതമാണ് ആഭ്യന്തരസെക്രട്ടറിക്ക് കൈമാറേണ്ടത്.
ഈ ഫയലില്‍ നിയമോപദേശം ഉള്‍പ്പെടുത്തിയിരുന്നില്ല. അതിനാല്‍ ഫയല്‍ അന്നുതന്നെ ആഭ്യന്തരസെക്രട്ടറി വിജിലന്‍സ് ആസ്ഥാനത്തേക്ക് തിരിച്ചയച്ചു. ശിവശങ്കറിനെതിരെ കേസെടുക്കാമെന്ന പ്രോസിക്യൂഷന്‍ ഡയറക്ടര്‍ ജനറലിന്റെ നിയമോപദേശം സഹിതം അടുത്ത ദിവസം ഫയല്‍ തിരിച്ചെത്തിച്ചു. ഫയല്‍ തിങ്കളാഴ്ച മുഖ്യമന്ത്രിക്ക് സമര്‍പ്പിക്കും. ബെവ്ക്യൂ ആപ്, സ്‌പ്രിന്‍ക്ലര്‍ ഇടപാടുകള്‍ എന്നിവ അന്വേഷിക്കണമെന്നും പരാതിയിലുണ്ട്.