യാത്രയ്ക്കിടെ കുഴഞ്ഞുവീണയാളെ സ്വകാര്യ ബസ്സുകാർ റോഡരികില്‍ ഉപേക്ഷിച്ച് മരിക്കാനിടയായ സംഭവം അന്വേഷിക്കും

ഉദയംപേരൂര്‍: യാത്രയ്ക്കിടെ കുഴഞ്ഞുവീണയാളെ സ്വകാര്യ ബസ് ജീവനക്കാര്‍ റോഡരികില്‍ ഉപേക്ഷിച്ച് മരിക്കാനിടയായ സംഭവത്തിൽ വിശദമായ അന്വേഷണത്തിന് പോലീസ്. ഉദയംപേരൂര്‍ ഉണിക്കുന്നത്ത് കുറുപ്പശ്ശേരില്‍ പുഷ്പാംഗദന്‍ (57) മരിച്ച സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് പുഷ്പാംഗദന്റെ ഭാര്യ രാജി ഉദയംപേരൂര്‍ പോലീസ് സ്‌റ്റേഷനില്‍ നല്‍കിയ പരാതിയെ തുടർന്നാണ് അന്വേഷണം.

പൂത്തോട്ടയില്‍ വ്യാഴാഴ്ച ഉച്ചതിരിഞ്ഞാണ് സംഭവം. ചോറ്റാനിക്കരയില്‍ ഒരു ഡോക്ടറുടെ ഡ്രൈവറായി ജോലി ചെയ്യുകയാണ് പുഷ്പാംഗദന്‍. കിഴക്കേക്കോട്ടയില്‍ നിന്ന് ‘ചിയേഴ്‌സ്’ എന്ന ബസില്‍ വീട്ടിലേക്ക് പോകാനായി കയറി. ഉദയംപേരൂര്‍ എസ്എന്‍ഡിപി സ്‌റ്റോപ്പില്‍ ഇറങ്ങേണ്ടതായിരുന്നെങ്കിലും ശാരീരിക അസ്വസ്ഥതയെ തുടര്‍ന്നു കുഴഞ്ഞുവീണ പുഷ്പാംഗദനെ ആശുപത്രിയിലെത്തിക്കാതെ ബസ് മുന്നോട്ടു പോയി.

പുഷ്പാംഗദന്റെ ഫോണിലേക്ക് അവസാനം വിളിച്ച കൂട്ടുകാരന്റെ നമ്പറില്‍ ബസ് ജീവനക്കാര്‍ വിളിച്ചുപറയുക മാത്രം ചെയ്തു. ഇദ്ദേഹമാണ് വീട്ടുകാരെ അറിയിച്ചത്. അയല്‍വാസികളായ രണ്ടു പേരെയും കൂട്ടി കാറില്‍ പൂത്തോട്ടയിലെത്തിയപ്പോള്‍ ഭര്‍ത്താവ് മണ്ണില്‍ കിടക്കുന്നതാണ് കണ്ടതെന്ന് ഭാര്യ രാജി പറയുന്നു.

ആശുപത്രിയിലേക്ക് കൊണ്ടുപോകാന്‍ ശ്രമിച്ചപ്പോള്‍ പോലീസ് വന്നിട്ട് കൊണ്ടുപോയാല്‍ മതിയെന്ന വാദവുമായി ചിലര്‍ തടഞ്ഞതായും വീട്ടുകാര്‍ പറഞ്ഞു. നാലു മണിയോടെ തൃപ്പൂണിത്തുറ താലൂക്കാശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

പുഷ്പാംഗദന്‍ ഹൃദ്രോഗത്തിന് മരുന്നുകള്‍ കഴിച്ചിരുന്നു. ബസിന്റെ അവസാന സ്‌റ്റോപ്പായ പൂത്തോട്ടയില്‍ പുഷ്പാംഗദനെ ഇറക്കിക്കിടത്തിയ ശേഷം ബസ് ജീവനക്കാര്‍ സര്‍വീസ് തുടരുകയായിരുന്നു. പൂത്തോട്ടയില്‍ എത്തുംമുമ്പ് വഴിയില്‍ ഒരു സ്വകാര്യ ആശുപത്രിയും പുത്തന്‍കാവ് സര്‍ക്കാര്‍ ആശുപത്രിയും ഉണ്ടായിരുന്നിട്ടും അവിടെയൊന്നും ആളെ കൊണ്ടുപോകാന്‍ കൂട്ടാക്കിയില്ലെന്ന് പരാതിയിലുണ്ട്. ബസ് ജീവനക്കാരുടെ ഭാഗത്ത് വീഴ്ച ഉണ്ടായതടക്കമുള്ള കാര്യങ്ങളാണ് അന്വേഷിക്കുന്നത്.