തിരുവനന്തപുരം: ലഹരിമരുന്നു കേസിൽ ബിനീഷ് തെറ്റു ചെയ്തെങ്കിൽ ശിക്ഷിക്കട്ടെയെന്ന് കോടിയേരി ബാലകൃഷ്ണൻ. തൂക്കിക്കൊല്ലേണ്ടതാണെങ്കിൽ തൂക്കികൊല്ലട്ടെ. കമ്മ്യൂണിസ്റ്റുകാരനായതുകൊണ്ടാണ് നാനാഭാഗത്തുനിന്നും ആക്രമണമുണ്ടായത്. അന്വേഷണ ഏജൻസികൾ എല്ലാ ആരോപണങ്ങളും അന്വേഷിക്കട്ടെയെന്നും കോടിയേരി പറഞ്ഞു.
മകനെതിരേ ഇത്തരം ആരോപണങ്ങൾ വന്നാൽ ഏതു രക്ഷിതാവാണു സംരക്ഷിക്കുക. ഇത്തരം ചോദ്യങ്ങൾകൊണ്ടു മാനസികമായി തകർക്കലാണ് ഉദ്ദേശ്യമെങ്കിൽ ഇതുകൊണ്ടൊന്നും തളരില്ല.
ആരോപണം ഉന്നയിക്കുന്നവർക്ക് അതു കണ്ടെത്തേണ്ട ഉത്തരവാദിത്തവുമുണ്ട്. പുകമറ സൃഷ്ടിക്കാൻ എന്തും വിളിച്ചുപറയുന്നതു നല്ലതാണോ എന്ന കാര്യം ചെന്നിത്തല തന്നെ ആലോചിക്കട്ടെയെന്നും കോടിയേരി പറഞ്ഞു.
വെഞ്ഞാറമൂടിലുണ്ടായ ഇരട്ടക്കൊലപാതകത്തില്‍ രക്തസാക്ഷികളെ ഗുണ്ടകളെന്നും കൊലപാതകികളെ മഹത്വവത്കരിക്കുകയും ചെയ്യുന്ന സമീപനമാണ് കോണ്‍ഗ്രസ് സ്വീകരിച്ചിരിക്കുന്നതെന്ന് കോടിയേരി ബാലകൃഷ്ണന് പറഞ്ഞു. അക്രമകാരികള്‍ക്ക് പരസ്യമായ പ്രോല്‍സാഹനമാണ് കോണ്‍ഗ്രസ് നല്‍കുന്നത്. കൊലപാതകത്തെ അവര്‍ തള്ളിപ്പറയുന്നില്ലെന്നും കോണ്‍ഗ്രസിന്റെ നിലപാട് അത്യന്തം അപലപനീയമാണെന്നും കോടിയേരി വ്യക്തമാക്കി.
ഇടത് സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം അക്രമം കുറഞ്ഞു. സര്‍ക്കാരിന്റെ ക്രമസമാധാന പാലനത്തിന് ലഭിച്ച അംഗീകാരമാണത്. അതില്ലാതാക്കാനാണ് ആസൂത്രിത ശ്രമം യുഡിഎഫ് നടത്തുന്നത്. അതിന്റെ ഭാഗമാണ് ഈ സംഭവമെന്നും കോടിയേരി വിശദീകരിച്ചു.