ന്യൂഡെൽഹി: ഉപതെരഞ്ഞെടുപ്പുകൾ നവംബറിൽ പൂർത്തിയാക്കുമെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. തീയതി പിന്നീട് അറിയിക്കും. ചവറയും കുട്ടനാടും ഒഴിവ് വന്ന സീറ്റുകളുടെ പട്ടികയിലുണ്ട്. ബീഹാർ നിയമസഭാ തെരഞ്ഞെടുപ്പിനൊപ്പമാകും ഉപതെരഞ്ഞെടുപ്പുകൾ നടത്തുകയെന്നും അറിയിച്ചിട്ടുണ്ട്.
കൊറോണ വ്യാപനത്തിന്റെ സാഹചര്യം ഉണ്ടെങ്കിലും ഉപതെരഞ്ഞെടുപ്പുകൾ ഉപേക്ഷിക്കേണ്ട എന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം. കൊറോണയും അതിതീവ്ര മഴയുടെയുമൊക്കെ പശ്ചാത്തലത്തിൽ ഉപതെരഞ്ഞെടുപ്പുകൾ മാറ്റിവെക്കണമെന്ന് ചില സംസ്ഥാനങ്ങൾ തെരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടിരുന്നു. ഇന്ന് ചേർന്ന യോഗം ഇതു സംബന്ധിച്ച് ചർച്ച ചെയ്തു.
ഉപതെരഞ്ഞെടുപ്പുകൾ മാറ്റിവെക്കേണ്ടതില്ല എന്ന തീരുമാനത്തിലേക്ക് യോഗം എത്തിച്ചേരുകയായിരുന്നു. 65 മണ്ഡലങ്ങളിലേക്കാണ് ഉപതെരഞ്ഞെടുപ്പ് നടക്കാനുള്ളത്. 64 നിയമസഭാ മണ്ഡലങ്ങളും ഒരു പാർലമെന്റ് മണ്ഡലവുമാണ് പട്ടികയിൽ ഉൾപ്പെടുന്നത്.
അടുത്തു തന്നെ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന മണ്ഡലങ്ങളിലും ഉപതെരഞ്ഞെടുപ്പ് നടത്തുമോ എന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല. ഏതൊക്കെ സീറ്റുകളിലാണ് നവംബറിൽ ഉപതെരഞ്ഞെടുപ്പ് നടക്കുക എന്നത് സംബന്ധിച്ച് ഇനിയും വിവരങ്ങൾ പുറത്തുവരേണ്ടതുണ്ട്.