കേരള കോണ്‍ഗ്രസ് ചിഹ്നവും പാര്‍ട്ടി അധികാരവും സംബന്ധിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്‍ തീരുമാനം അന്തിമമെന്ന് റോഷി അഗസ്റ്റിന്‍

തിരുവനന്തപുരം: കേരള കോണ്‍ഗ്രസ് ചിഹ്നവും പാര്‍ട്ടി അധികാരവും സംബന്ധിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്‍ തീരുമാനം അന്തിമമാണെന്ന് റോഷി അഗസ്റ്റിന്‍ എംഎല്‍എ. രണ്ടും ജോസ് പക്ഷത്തിനാണ് ലഭിച്ചത്. അതുകൊണ്ടുതന്നെ തന്റെ വിപ്പ് നിലനില്‍ക്കുമെന്നും റോഷി അഗസ്റ്റിന്‍ വ്യക്തമാക്കി.

വിപ്പ് സംബന്ധിച്ച് തീരുമാനം എടുക്കാന്‍ സ്പീക്കര്‍ പരിഗണിക്കുന്നത് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന്റെ വിധിയാണെന്നും റോഷി അഗസ്റ്റിന്‍ വ്യക്തമാക്കി.

നിയമസഭയിലെ അടിയന്തര പ്രമേയത്തില്‍ ഇരുപക്ഷവും പരസ്പരം വിപ്പ് കൈമാറിയിരുന്നു. വിപ്പ് ലംഘിച്ചാല്‍ നടപടിയെടുക്കുമെന്നായിരുന്നു ഇരു കൂട്ടരുടെയും ഭീഷണി. ചിഹ്നം മാത്രമേ ജോസ് പക്ഷത്തിന് ലഭിച്ചിട്ടുള്ളൂവെന്നും ചെയര്‍മാന്‍ സ്ഥാനം ലഭിച്ചിട്ടില്ലെന്നുമാണ് പിജെ ജോസഫ് പ്രതികരിച്ചത്.

കേരള കോണ്‍ഗ്രസ് (എം) ചിഹ്ന തര്‍ക്കത്തില്‍ കഴിഞ്ഞ ദിവസമാണ് കേന്ദ്ര തെരഞ്ഞെടുപ്പ് വിധി പറഞ്ഞത്. ചിഹ്നം ജോസ് പക്ഷത്തിന് അവകാശപ്പെട്ടതാണെന്ന് കമ്മീഷന്‍ വ്യക്തമാക്കി. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിധി ജോസഫ് പക്ഷത്തിന് തിരിച്ചടിയായിരുന്നു.