കോഴിക്കോട്: ചരക്ക് നീക്കം സുഗമമാക്കാൻ കേരളത്തിലെ ആദ്യ റോ-റോ ട്രെയിന്‍ സര്‍വീസിന് പച്ചക്കൊടി കാട്ടാന്‍ റെയില്‍വേ ബോര്‍ഡ്. ചരക്ക് കടത്ത് വേഗത്തിലാക്കുന്ന ട്രെയിന്‍ സര്‍വീസിന് ഈയാഴ്ചയോ അടുത്തയാഴ്ച ആദ്യമോ അനുമതി നല്‍കിയേക്കും.
തത്ക്കാലം കോഴിക്കോട് വെസ്റ്റ് ഹില്‍ വരെ അനുമതി നല്‍കാനാണ് സാദ്ധ്യത. ഷൊര്‍ണൂര്‍ വരെയുള്ള പരീക്ഷണ ഓട്ടം വിജയകരമായിരുന്നെങ്കിലും കോഴിക്കോട് റെയില്‍വേ സ്റ്റേഷന് തൊട്ടുമുമ്ബുള്ള മേല്‍പ്പാലവും തിരൂര്‍ റെയില്‍വേ മേല്‍പ്പാലവും തടസമാകുമോയെന്ന കാരണത്താല്‍ ഒഴിവാക്കണമെന്ന അഭിപ്രായവുമുണ്ട്.
ദക്ഷിണ റെയില്‍വേയില്‍ സേലം ഡിവിഷനില്‍ നടത്തിയ പരീക്ഷണ ഓട്ടവും വിജയകരമായിരുന്നു. രണ്ട് അപേക്ഷകളും ഒന്നിച്ചാണ് അയച്ചതെങ്കിലും റോ – റോ സര്‍വീസില്‍ വൈദഗ്ദ്ധ്യമുള്ള കൊങ്കണ്‍ പാതയുടെ തുടര്‍ച്ചയായി വരുന്ന പാലക്കാട് ഡിവിഷനാണ് മുന്‍ഗണന. കൊറോണ മൂലം പാസഞ്ചര്‍ ട്രെയിനുകള്‍ നിലച്ചതിലൂടെയുണ്ടായ വരുമാന നഷ്ടം പരിഹരിക്കാന്‍ ചരക്ക് കടത്തിലൂടെ കഴിയുമെന്ന പ്രതീക്ഷയാണ് റെയില്‍വേ ബോര്‍ഡിനുള്ളത്.
റോ-റോ സര്‍വീസ് പൂര്‍ണമായും കേരളത്തിന് ഗുണകരമാവണമെങ്കില്‍ സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ ലോറികളെത്തുന്ന എറണാകുളം വരെ നീട്ടണം. എന്നാല്‍ ഷൊര്‍ണൂര്‍ യാര്‍ഡിലെ മേല്‍പ്പാലം തടസമാണ്.കേരളത്തിലെ വ്യാപാരി-വ്യവസായികള്‍ക്കും റോ- റോ സര്‍വീസിനോട് താല്പര്യമുണ്ട്. കൊറോണ വ്യാപനം മൂലം ലോറികള്‍ക്ക് ദൂരസ്ഥലങ്ങളിലേക്ക് സര്‍വീസ് നടത്താന്‍ കഴിയുന്നില്ല.
തൊഴിലാളികള്‍ക്ക് ഭക്ഷണമോ മറ്റ് സൗകര്യങ്ങളോ ലഭിക്കാത്ത പ്രശ്നങ്ങളുമുണ്ട്. റോ – റോ ഇതിന് പരിഹാരമാകുമെന്നാണ് വിലയിരുത്തല്‍. ചരക്ക് കൂലിയും ഗണ്യമായി കുറയും. പല കാരണങ്ങളാല്‍ ലോറികള്‍ നിറുത്തിയിടുന്നത് ഒഴിവാക്കാനും ചരക്കുകള്‍ കേടുകൂടാതെ എത്തിക്കുന്നതിനും സഹായമാവും.