ന്യൂഡെൽഹി: കൊറോണ മരണനിരക്ക് രാജ്യത്ത് കുറവാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രോഗമുക്തി നിരക്ക് വർധിച്ചു കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. യുഎസ്-ഇന്ത്യ സ്ട്രാറ്റജിക് പാർട്ടണർഷിപ്പ് ഫോറത്തിന്റെ മൂന്നാമത് വാർഷിക സമ്മേളനത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
130 കോടി ഇന്ത്യക്കാരുടെ ലക്ഷ്യങ്ങളെ കൊറോണ ബാധിച്ചിട്ടില്ല. ആത്മനിർഭർ ഭാരത് സൃഷ്ടിക്കാനുള്ള ദൗത്യം ജനങ്ങൾ തുടങ്ങിയിരിക്കുകയാണ്. നമ്മുടെ പോരാട്ടവീര്യത്തെയും പൊതുജനാരോഗ്യ സംവിധാനത്തെയും സാമ്പത്തിക വ്യവസ്ഥയെയും കൊറോണ പരീക്ഷിച്ചു കൊണ്ടിരിക്കുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു.
ഇത്തരമൊരു പ്രതിസന്ധി ഈ വർഷമുണ്ടാകുമെന്ന് ആരും പ്രതീക്ഷിച്ചില്ല. മനുഷ്യകേന്ദ്രിതമായ വികസനം സംബന്ധിച്ച് പുതിയ മനോനിലയാണ് നിലവിലെ സാഹചര്യം ആവശ്യപ്പെടുന്നതെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
ആഗോള വിതരണ ശൃംഖല വികസിപ്പിക്കാനുളള തീരുമാനം വിലയുടെ മാത്രം അടിസ്ഥാനത്തിലായിരിക്കരുത്, മറിച്ച് വിശ്വാസത്തിലൂന്നിയായിരിക്കണമെന്ന് ഈ മഹാമാരി ലോകത്തിന് കാണിച്ചുതന്നു. കമ്പനികൾ ഇപ്പോൾ വിശ്വാസ്യതയും നയസ്ഥിരതയും കൂടി കണക്കിലെടുത്തുതുടങ്ങി. ഇന്ത്യ ഈ ഗുണങ്ങളെല്ലാമുളള രാജ്യമാണെന്നും പ്രധാനമന്ത്രി പറഞ്ഞു.