കൊറോണ പ്രതിരോധം; ക്യൂആർ കോഡ് സ്‌കാൻ സംവിധാനം സംസ്ഥാനമൊട്ടാകെ വ്യാപിപ്പിക്കുന്നു

തിരുവനന്തപുരം: കൊറോണ പ്രതിരോധത്തിന്റെ ഭാഗമായി ക്യു ആർ കോഡ് സ്‌കാൻ സംവിധാനം സംസ്ഥാനമൊട്ടാകെ വ്യാപിപ്പിക്കുന്നു. ഇതിന്റെ ആദ്യ ഘട്ടമായി കോഴിക്കോട് നടത്തിയ പരീക്ഷണം വിജയകരമായി മുന്നോട്ടുപോകുകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. കടകൾ, സർക്കാർ ഓഫീസുകൾ, മാളുകൾ തുടങ്ങി പൊതുജനങ്ങൾ കൂടുതലായി എത്തുന്ന സ്ഥലങ്ങളിലാണ് ഈ സംവിധാനം സജ്ജമാക്കാൻ തീരുമാനിച്ചിരിക്കുന്നത്

ഈ ഓണക്കാലത്ത് കടകളിലും ഷോപ്പിങ് മാളുകളിലും മറ്റും നിയന്ത്രണങ്ങൾ നല്ല തോതിൽ പാലിച്ചിട്ടുണ്ട്. എന്നാൽ, തീരേ നിയന്ത്രണങ്ങൾ പാലിക്കാത്ത അവസ്ഥയും ചില കേന്ദ്രങ്ങളിലുണ്ടായി. കടകളിലോ മാർക്കറ്റുകളിലോ ചെല്ലുന്നവർ പേരെഴുതി ഇടണം എന്നത് നിർബന്ധമാക്കിയിരുന്നു. അതിൽ വീഴ്ചയുണ്ടായി. അവിടെ സൂക്ഷിച്ച പേന ഉപയോഗിക്കുന്നതിൽ പലർക്കും വിമുഖതയുമുണ്ടായി. ഇത്തരം പ്രശ്‌നങ്ങൾക്ക് പരിഹാരമായി ക്യുആർ കോഡ് സ്‌കാൻ ചെയ്യുന്ന സംവിധാനം വ്യാപകമായി ഉപയോഗിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്.

ഒരു കേന്ദ്രത്തിൽ, അത് സർക്കാർ ഓഫീസിലായാലും ഷോപ്പുകളിലായാലും മാളുകളിലായാലും എത്തുന്നവർ അവിടെ പ്രദർശിപ്പിച്ച ക്യുആർ കോഡ് സ്‌കാൻ ചെയ്യുക എന്നതാണ് രീതി. അതോടെ അവിടെ എത്തിയ ആളിനെക്കുറിച്ചുളള ആവശ്യമായ വിവരങ്ങൾ രേഖയിൽ വരും. പിന്നീട് ആ ഷോപ്പിലോ സ്ഥലത്തോ രോ​ഗ ബാധയുണ്ടാവുകയാണെങ്കിൽ അവിടെ സന്ദർശിച്ച എല്ലാവർക്കും സന്ദേശവും ആവശ്യമായ നിർദേശവും നൽകാൻ ഇത് സഹായകമാകും.