ന്യൂഡൽഹി: പുതിയ പരീക്ഷണത്തിനൊരുങ്ങി റെയിൽവേ. വരുമാനം കൂട്ടാൻ ലക്ഷ്യമിട്ട് ലാഭകരമല്ലാത്ത അഞ്ഞൂറ് യാത്ര തീവണ്ടികൾ റദ്ദാക്കാനാണ് തീരുമാനം. ടിക്കറ്റ് നിരക്ക് കൂട്ടാതെ വാർഷിക വരുമാനത്തിൽ 1500 കോടിയുടെ വർധന ലക്ഷ്യം വച്ചുള്ള നീക്കങ്ങളാണ് റെയിൽവേ ലക്ഷ്യമിടുന്നത്. ചരക്ക് ട്രെയിനുകൾ കൂടുതൽ ഓടിക്കാൻ ലക്ഷ്യമിട്ടുള്ള പദ്ധതി ഗ്രാമീണമേഖലയിലെ യാത്രക്കാർക്ക് തിരിച്ചടിയാകുമെന്നാണ് വിലയിരുത്തൽ.
പുനക്രമീകരണം വഴി ചരക്കു തീവണ്ടികൾ ഈ പാതകളിൽ വേഗത്തിലോടിക്കാം. ചരക്കു തീവണ്ടികളുടെ എണ്ണം 15 ശതമാനം കൂട്ടാമെന്നും അതുവഴി വരുമാനം കൂട്ടാമെന്നും റെയിൽവെ കണക്കുകൂട്ടുന്നു.
കൊറോണ വ്യാപന പശ്ചാതലത്തിൽ നിയന്ത്രിതമായാണ് റെയിൽവേയുടെ പ്രവർത്തനം. സാഹചര്യം മാറുമ്പോൾ പഴയ പല ട്രെയിനുകളും നിർത്തലാക്കിയാവും പുനക്രമീകരണം. യാത്രക്കാരുടെ എണ്ണം പകുതിയായി കുറഞ്ഞ എല്ലാ ട്രെയിൻ സർവീസുകളും റദ്ദാക്കും. ദീർഘദൂര ട്രെയിനുകളിൽ ഇരൂനൂറ് കിലോമീറ്റിനുള്ളിൽ പ്രധാനനഗരങ്ങളിൽ മാത്രം സ്റ്റോപ്പുകൾ.
നിലവിൽ ദീർഘദൂര യാത്ര ട്രെയിനുകൾക്ക് അനുവദിച്ചിരിക്കുന്ന പ്രത്യേക സ്റ്റോപ്പുകൾ നിർത്തലാക്കും. ഈ സ്റ്റേഷനുകളിൽ മറ്റു ട്രെയിനുകൾക്ക് സ്റ്റോപ്പുകൾ തുടരും. എന്നാൽ പുതിയ തീരുമാനം ഗ്രാമീണ മേഖലയിലെ യാത്രക്കാരെ കാര്യമായി ബാധിക്കുമെന്ന് വിമർശനം ഉയർന്നിട്ടുണ്ട്. ബോംബൈ ഐഐറ്റിയിലെ വിദഗ്ധരുടെ സഹായത്തോടെ പുതിയ പദ്ധതി നടപ്പാക്കുന്നത്. കൊറോണ പ്രതിസന്ധിക്ക് ശേഷം ട്രെയിൻ സർവീസുകൾ പഴയപടിയാകുന്നതോടെ ഇത് നടപ്പാക്കുമെന്നാണ് റെയിൽവേ വൃത്തങ്ങൾ പറയുന്നത്.