ന്യൂഡെല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെ നിര്‍ബന്ധിത വിരമിക്കല്‍ വ്യവസ്ഥ ചെയ്ത് ഓഗസ്റ്റ് 28ന് ഇറക്കിയ ഓഫീസ് മെമ്മോറാണ്ടം വിവാദത്തില്‍. കാര്യക്ഷമതയില്ലായ്മയും, പ്രതിബദ്ധതയിലെ സംശയവും പരിഗണിച്ച്, സര്‍വീസില്‍ 30 വര്‍ഷം പൂര്‍ത്തിയാക്കുകയോ, 50/55 പ്രായപരിധിയില്‍ എത്തുകയോ ചെയ്ത ജീവനക്കാരെ നിര്‍ബന്ധിത വിരമിക്കലിന് നിര്‍ദേശിക്കാം എന്നായിരുന്നു വ്യവസ്ഥ.
ഇവരുടെ പ്രകടനം വിലയിരുത്തി വിരമിക്കല്‍ നല്‍കാന്‍ മേലധികാരിയെ ചുമതലപ്പെടുത്തുന്നതാണ് കേന്ദ്ര പേഴ്‌സണല്‍ മന്ത്രാലയം ഇറക്കിയ ഓഫീസ് മെമ്മോറാണ്ടം. ഈ വിധം വിരമിക്കലിന് വിധേയമായ ജീവനക്കാരന് ഇത് സംബന്ധിച്ച് പരാതിയുണ്ടെങ്കില്‍ നടപടിക്ക് ശേഷം ഉപദേശക സമിതിയെ സമീപിക്കാം.
കേന്ദ്ര സര്‍ക്കാരാണ് ഈ ഉപദേശക സമിതിയെ നിയോഗിക്കുന്നത്. എന്നാല്‍ ജീവനക്കാരില്‍ നിര്‍ബന്ധിത വിരമിക്കല്‍ അടിച്ചേല്‍പ്പിക്കുകയാണ് മോദി സര്‍ക്കാരെന്ന് പ്രതിപക്ഷ തൊഴിലാളി സംഘടനകള്‍ കുറ്റപ്പെടുത്തി. ഈ ഓഫീസ് മെമ്മോറാണ്ടം പിന്‍വലിക്കണമെന്ന് സിഐടിയു, ഐഎന്‍ടിയുസി, എഐടിയുസി, എച്ച്എംഎസ് എന്നീ സംഘടനകള്‍ ആവശ്യപ്പെട്ടു.