ന്യൂഡെൽഹി: രാജ്യത്ത് പബ്ജിയടക്കം നിരോധിച്ച 118 ചൈനീസ് ആപ്പുകളുടെ കാര്യത്തിൽ കൂടുതൽ വിശദീകരണവുമായി വിദേശകാര്യ മന്ത്രാലയം. നിരോധിച്ച ആപ്പുകൾ നിയമലംഘനം നടത്തിയെന്ന് കണ്ടെത്തിയെന്നാണ് വിശദീകരണം. ചൈനീസ് ആപ്പുകൾ ഇന്ത്യയുടെ പരമാധികാരവും സുരക്ഷയും ലംഘിക്കുന്നതെന്ന് വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി.
അതിർത്തിയിൽ ചൈന ഏകപക്ഷീയമായ തൽസ്ഥിതി മാറ്റാൻ ശ്രമിച്ചുവെന്ന് വിദേശകാര്യ മന്ത്രാലയം കുറ്റപ്പെടുത്തി. ബ്രിഗേഡ് കമാൻഡർതല ചർച്ച തുടരുന്നുകയാണെന്നും ചൈനയുടെ നടപടികളാണ് അതിർത്തിയിലെ സമാധാനത്തിന് തടസ്സം നിൽക്കുന്നതെന്നും കേന്ദ്ര മന്ത്രാലയം പറഞ്ഞു. പൂർണ്ണ പിന്മാറ്റത്തിന് ചൈന തയ്യാറായാലേ മേഖലയിൽ സമാധാനം പുനസ്ഥാപിക്കാനാകൂ എന്നും വിദേശകാര്യ വക്താവ് അനുരാഗ് ശ്രീവാസ്തവ പറഞ്ഞു.
അതേസമയം അതിർത്തിയിൽ പ്രകോപനം തുടരുന്ന ചൈനയ്ക്ക് എതിരെ ശക്തമായ സൈനിക നയതന്ത്ര നിലപാടുകളുമായ് ഇന്ത്യ. ലഡാക്കിൽ സൈനിക സാന്നിധ്യം ശക്തമാക്കാൻ തിരുമാനിച്ച ഇന്ത്യ ഫിംഗർ നാലിൽ വരെ സമ്പൂർണ്ണ നിയന്ത്രണം ഉറപ്പിച്ചു. പാംഗോംഗ് തടാകത്തിന്റെ എല്ലാ മേഖലയിലും സർവ സജ്ജമായി ഇന്ത്യൻ സേന നില ഉറപ്പിച്ച് കഴിഞ്ഞു.
ഫിംഗർ നാലിലെ എല്ലാ ഭാഗത്തും സേനയെ വിന്യസിക്കുന്ന നടപടി ഇന്നലെ വൈകിട്ടോടെയാണ് പൂർത്തി ആയത്. ചൈനീസ് പ്രകോപനത്തിന് ശക്തമായ മറുപടി നൽകാൻ സർക്കാർ നൽകിയ നിർദേശത്തിന്റെ അടിസ്ഥാനത്തിലാണ് നീക്കങ്ങൾ എല്ലാം നടക്കുന്നത്. ലഡാക്ക് അതിർത്തിയിൽ നിയന്ത്രണരേഖ മറികടന്ന് ഇന്ത്യൻ പ്രദേശത്തേക്ക് കടന്നുകയറാനുള്ള അഞ്ഞൂറോളം വരുന്ന ചൈനീസ് പട്ടാളത്തിന്റെ നീക്കം സേന കഴിഞ്ഞദിവസം പരാജയപ്പെടുത്തിയിരുന്നു.
പാംഗോംഗ് തടാകത്തിന് തെക്കൻ തീരത്തുകൂടി ടാങ്കുകളുമായി ചൈനീസ് സേനാവ്യൂഹം രാത്രി മറയാക്കിയാണ് നീങ്ങിയത്. ചുഷൂൽ കുന്നിൻപ്രദേശങ്ങൾ കൈവശപ്പെടുത്തുകയായിരുന്നു ലക്ഷ്യം. ഈ നീക്കമാണ് ഇന്ത്യ പരാജയപ്പെടുത്തിയത്.