പെരുമ്പാവൂർ: ജോലിയിൽ നിന്ന് നിർബന്ധമായി പിരിച്ചുവിടപ്പെട്ട പെട്രോൾ പമ്പ് ജീവനക്കാരനായ യുവാവ് പട്ടിണി കിടന്ന് മരിച്ചു. ദൂരെയെങ്ങുമല്ല സംഭവം – ദൈവത്തിൻ്റെ സ്വന്തം നാട്ടിൽ തന്നെ. കോതമംഗലം ചെറുവട്ടൂരിൽ നടന്ന സംഭവം പട്ടിണി മരണമാണെന്ന് ലോകമറിഞ്ഞതും പിന്നിൽ പമ്പുടമയുടെ ഭീഷണിയാണെന്ന് പുറത്തു വന്നതും ദിവസങ്ങൾ കഴിഞ്ഞ്, ഞെട്ടലോടെ. വെട്ടിയേലിക്കുടി കുറുമ്പൻ വള്ളുവത്തി ദമ്പതികളുടെ മകൻ ജിതിൻ ആണ് മരിച്ചത്.
രണ്ടാഴ്ചയായി ഭക്ഷണവും വെള്ളവും കഴിക്കാതെ അവശനിലയിലാണ് ഓടയ്ക്കാലിയിലെ സ്വകാര്യ ക്ലിനിക്കിൽ ജിതിനെ എത്തിച്ചത്. കഴിഞ്ഞ 24 നാണ് സംഭവം. വന്നപാടെ കോലഞ്ചേരി മെഡിക്കൽ മിഷൻ ആശുപത്രിയിലേക്ക് റഫർ ചെയ്തു. തീരെ അവശനിലയിലായതിനാൽ ഗ്ലൂക്കോസ് കയറ്റിയിട്ട് കൊണ്ടുപോകാമെന്ന് ബന്ധുക്കൾ ആവശ്യപ്പെട്ടു. കാൽ ഭാഗം പോലും കയറുന്നതിന് മുമ്പേ വിറയൽ വന്നു. അപസ്മാരം പോലെ വിറച്ച ശേഷം മരിക്കുകയായിരുന്നു. ജോലി നഷ്ടമായ ജിതിന് മനസിൽ ഭയം തട്ടിയിരുന്നു. ഇതേ തുടർന്നാണ് ഭക്ഷണവും വെള്ളവും ഉപേക്ഷിച്ചതെന്ന് ബന്ധുക്കൾ പറഞ്ഞതായി ഓടയ്ക്കാലിയിലെ സ്വകാര്യ ക്ലിനിക്കിലെ ഡോക്ടർ എഡ്വിൻ പറഞ്ഞു.
അസുഖങ്ങളൊന്നും ഇല്ലാതിരുന്ന ആളായിരുന്നു ഡിഗ്രി പൂർത്തിയാക്കിയ ജിതിൻ. പട്ടാലിലുള്ള പെട്രോൾ പമ്പിലായിരുന്നു ഏഴു വർഷമായി ജിതിന് ജോലി. കളക്ഷൻ പണത്തിൽ കുറവു വന്നതിൻ്റെ പേരിൽ കാര്യശേഷി അൽപം കുറഞ്ഞ ജിതിനെ നിർബന്ധമായി പറഞ്ഞു വിടുകയായിരുന്നു. പിന്നീട് പെട്രോൾ പമ്പിലെ മാനേജർ വീട്ടിലെത്തി ഭീക്ഷണിപ്പെടുത്തിയതായി അയൽവാസികൾ പറഞ്ഞു. ഇത് യുവാവിന് താങ്ങാവുന്നതിലപ്പുറമായിരുന്നുവെന്ന് ബന്ധുക്കൾ പറഞ്ഞു. എന്നാൽ ജിതിൻ ഒരു മാസത്തെ ലീവ് വേണമെന്ന് ആവശ്യപ്പെട്ടതിനെ തുടർന്ന് അത് അനുവദിക്കുക മാത്രമാണ് ചെയ്തതെന്നാണ് പമ്പ് അധികൃതരുടെ വിശദീകരണം. എന്നാൽ ജിതിൻ്റെ മൃതദേഹം കാണാൻ പോലും പമ്പ് ഉടമകളോ ജീവനക്കാരൊ എത്താത്തതിൽ ദുരൂഹത ഉണ്ടെന്ന് ബന്ധുക്കൾ ആരോപിക്കുന്നു.
പമ്പിലെ ജോലി പോയ ശേഷം ജിതിൻ ആരോടും മിണ്ടാതായി. വീടിന് മുമ്പിൽ വെറുതേ ദൂരത്തേക്ക് നോക്കി നിൽക്കുമായിരുന്നെന്ന് അയൽവാസികൾ പറഞ്ഞു. പിന്നീട് ഭക്ഷണം ഉപേക്ഷിച്ചു. വെള്ളവും കുടിക്കാതായി.
ജിതിൻ്റെ വീട്ടിലെ അവസ്ഥയും അതിദയനീയമാണ്. ഇടിഞ്ഞ് വീഴാറായ കാലപ്പഴക്കം വന്ന വീട്. കാഴ്ചശക്തി ഇല്ലാത്ത അമ്മ. കേൾവി ശക്തിയും സംസാരശേഷിയും ഇല്ലാത്ത സഹോദരൻ. പ്രായാദിഖ്യത്തെ തുടർന്ന് ജോലിക്ക് പോകാനാവാത്ത അച്ഛൻ. എന്നാലും ഇടക്ക് കൂലിവേലയ്ക്കു പോകുന്നുണ്ട്. ജിതിൻ്റെ വരുമാനമായിരുന്നു വീട്ടിലെ ഏക ആശ്രയം.
അനിയൻ ജിതേഷ് പത്താം ക്ലാസിൽ തോറ്റതോടെ പഠിപ്പ് നിർത്തി. നേരത്തേ കേൾവി ശക്തിയും സംസാരശേഷിയും ഉണ്ടായിരുന്നു. ചെവിയിൽ പഴുപ്പ് വന്ന് കേൾവി ശക്തി നഷ്ടപ്പെട്ടു. പിന്നീട് ജിതേഷ് സംസാരിക്കാതായി. ആളുകളെ കാണുമ്പോൾ ഭയം. രണ്ടു പേരെ ഒന്നിച്ചു കണ്ടാൽ ഒളിച്ചിരിക്കും. ജിതിൻ്റെ മൃതശരീരം കൊണ്ടുവന്നപ്പോൾ കക്കൂസിൽ കയറി വാതിലടച്ചു. നാല് മണിക്കൂറിന് ശേഷം വാതിൽ തുറന്ന് ഇരുട്ടിലേക്ക് ഓടി ഒളിച്ചു.
അമ്മയ്ക്ക് കാഴ്ചശക്തി ഇല്ല. നടു വേദനയും ശാരീരിക അസ്വസ്ഥതകളും മറവിരോഗവും.
ജിതിൻ പലപ്പോഴും പുറത്തു നിന്നാണ് ഭക്ഷണം കഴിക്കാറുണ്ടായിരുന്നത്. ജിതിൻ്റെ വീടിരിക്കുന്ന പ്രദേശം കണ്ടയ്ൻമെൻ്റ് സോൺ ആയതോടെ കടകൾ അടച്ചതും വിനയായി.
ഡിഗ്രി വരെ പഠിച്ച ജിതിൻ്റെ സഹപാഠികൾ എത്തിയതോടെയാണ് വാർത്ത പുറം ലോകമറിഞ്ഞത്. ജിതിൻ ഐരാപുരം ശ്രീ ശങ്കര വിദ്യാപീഠം കോളജിലെ 2003-2006 വർഷത്തെ ബി.എ ഇക്കണോമിക്സ് വിദ്യാർഥി ആയിരുന്നു. ജിതിൻ്റെ സുഹൃത്തുക്കൾ ചേർന്ന് ജിതേഷിൻ്റെ ചികിത്സ ചെലവ് ഏറ്റെടുക്കാൻ തീരുമാനിച്ചിട്ടുണ്ട്.