ശമ്പളവും ആനുകൂല്യങ്ങളും സ്വീകരിക്കാത്ത ഏക രാജ്യസഭാംഗം മുൻ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയിയെന്ന് വിവരാവകാശ രേഖ

ന്യൂഡെൽഹി: ശമ്പളവും മറ്റ് ആനുകൂല്യങ്ങളും സ്വീകരിക്കാത്ത ഏക രാജ്യസഭ എംപിയാണ് സുപ്രീം കോടതി മുൻ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയി എന്ന് വിവരാവകാശ രേഖ. ഇന്ത്യ ടുഡേയ്ക്ക് ലഭിച്ച വിവരാവകാശ മറുപടിയിലാണ് രാജ്യസഭ സെക്രട്ടേറിയറ്റ് ഇക്കാര്യം വ്യക്തമാക്കിയത്. മാർച്ചിലാണ് സർക്കാർ ഗൊഗോയിയെ രാജ്യസഭയിലേക്ക് നാമനിർദേശം ചെയ്തത്.

2020 മാർച്ച് 24ന് ശമ്പളവും മറ്റ് ആനുകൂല്യങ്ങളും സ്വീകരിക്കാൻ താൽപര്യമില്ലെന്ന് വ്യക്തമാക്കി ഗൊഗോയി രാജ്യസഭ സെക്രട്ടറി ജനറലിന് കത്തെഴുതിയിരുന്നു. യാത്രാബത്തയും താമസച്ചെലവും ഒഴികെ, ശമ്പളവും മറ്റ് ആനുകൂല്യങ്ങളും സ്വീകരിക്കാൻ താൽപര്യപ്പെടുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.

സുപ്രീം കോടതിയിൽനിന്ന് വിരമിച്ച ചീഫ് ജസ്റ്റിസ് എന്ന നിലയിൽ ലഭിക്കുന്ന ആനുകൂല്യങ്ങൾ തുടർന്നും കൈപ്പറ്റാനാണ് താൽപര്യപ്പെടുന്നതെന്നും ഗൊഗോയി കത്തിൽ വ്യക്തമാക്കിയിരുന്നു. പ്രതിമാസം 82,301 രൂപയാണ് വിരമിച്ച ചീഫ് ജസ്റ്റിസിനുള്ള പെൻഷൻ എന്ന നിലയിൽ ഗൊഗോയിക്ക് ലഭിക്കുന്നത്.

അതേസമയം രാജ്യസഭാംഗം എന്ന നിലയിൽ ആനുകൂല്യങ്ങൾ മാത്രം സ്വീകരിക്കുന്ന രണ്ട് എ.പിമാരുണ്ട്. പ്രൊഫ. മനോജ് കുമാർ ഝായും പ്രൊഫ. രാകേഷ് സിൻഹയുമാണ് ആനുകൂല്യങ്ങൾ മാത്രം കൈപ്പറ്റുന്നത്.