ഹൈദരാബാദ്: സിപിഐ മാവോയിസ്റ്റ് മുൻതലവനും പ്രമുഖ മാവോയിസ്റ്റ് നേതാവുമായ ഗണപതി കീഴടങ്ങുന്നതായി സൂചന. മുപ്പാള ലക്ഷ്മണ റാവു എന്ന ഗണപതി കീഴടങ്ങാൻ ഒരുങ്ങുന്ന എന്ന കാര്യം ചത്തീസ്ഗഡ്, തെലങ്കന പൊലീസ് വൃത്തങ്ങൾ സ്ഥിരീകരിച്ചുവെന്നാണ് റിപ്പോർട്ട്.
മാവോയിസ്റ്റുകളുമായി അടുത്ത വൃത്തങ്ങളുടെ സൂചനകൾ പ്രകാരം ഇപ്പോഴുള്ള നേതൃത്വവുമായി ചില അഭിപ്രായ വ്യത്യാസങ്ങൾ ഗണപതിക്കുണ്ട്. ഇതിനെല്ലാം പുറമേ 74 വയസുകാരനായ ഗണപതിയുടെ ആരോഗ്യനിലയും തൃപ്തികരമല്ലെന്നാണ് റിപ്പോർട്ട്.
ഇൻറലിജൻസ് വൃത്തങ്ങളുടെ റിപ്പോർട്ട് പ്രകാരം, ഓഗസ്റ്റിന് ഇരുപത്തിയെട്ടിന് ഗണപതി ചത്തീസ്ഗഡിലെ അബുദ്ജമാദ് കാട്ടിൽ നിന്നും തെലങ്കാനയിലേക്ക് പുറപപ്പെട്ടിട്ടുണ്ട്. നന്ദേവാഡ നാരായൺപൂർ അതിർത്തിവഴി ഗഡച്ചീറോളി വഴി തെലങ്കാനയിലേക്ക് എത്തുന്ന ഗണിപതി പൊലീസിന് കീഴടങ്ങനാണ് ആലോചിക്കുന്നത്-
തെലങ്കാനയിലെ മുതിർന്ന പൊലീസ് ഓഫീസറെ ഉദ്ധരിച്ചാണ് മാധ്യമ റിപ്പോർട്ടുകൾ പുറത്ത് വന്നത്. കഴിഞ്ഞ വർഷം സിപിഐ മാവോയിസ്റ്റ് നേതൃസ്ഥാനത്ത് നിന്നും ഗണപതി ഒഴിഞ്ഞിരുന്നു. തുടർന്ന് ബസവ് രാജുവാണ് ഇപ്പോൾ ആ സ്ഥാനത്ത്.
2004ൽ സിപിഐഎംഎൽ, പീപ്പിൾസ് വാർ ഗ്രൂപ്പ്, മാവോയിസ്റ്റ് കമ്യൂണിസ്റ്റ് സെൻറർ എന്നിങ്ങനെ വിഘടിച്ചുകിടന്ന മാവോയിസ്റ്റ് സംഘടനകളെ ലയിപ്പിച്ച് സിപിഐ മാവോയിസ്റ്റ് ഉണ്ടാക്കുവാൻ പ്രധാന പങ്കുവഹിച്ച വ്യക്തിയാണ് ഗണപതി.
അന്ധ്രാ സർക്കാറുമായി വിജയിക്കാതെ പോയ സന്ധി സംഭാഷണത്തിനും ഇദ്ദേഹം മുൻകൈ എടുത്തിരുന്നു. അതേ സമയം ബസ്തർ മേഖലയിൽ കൊറോണ സ്ഥിതി സങ്കീർണ്ണമാണെന്നും. ഇതായിരിക്കും ഇപ്പോഴുള്ള കീഴടങ്ങലിന് കാരണമെന്നുമാണ് ചത്തീസ്ഗഢ് പൊലീസ് വൃത്തങ്ങൾ പറയുന്നത്. നേരത്തെ നേതൃസ്ഥാനത്ത് നിന്നും മാറി നിന്നെങ്കിലും ഗണിപതി ഇപ്പോഴും സിപിഐ മാവോയിസ്റ്റ് കേന്ദ്രകമ്മിറ്റി അംഗമാണ്.