അട്ടപ്പാടിയിൽ ആദിവാസി സ്ത്രീയെ അയൽവാസികൾ മർദ്ദിച്ചു

പാലക്കാട്: അട്ടപ്പാടിയിൽ ആദിവാസി സ്ത്രീയെ അയൽവാസികൾ മർദ്ദിച്ചതായി പരാതി. അഗളി സന്പാർക്കോട് സ്വദേശിയായ വള്ളിക്ക് നേരെയാണ് ആക്രമണമുണ്ടായത്. കുട്ടികൾ തമ്മിൽ കളിക്കുന്നതിനിടെ ഇരട്ടപേര് വിളിച്ചതിനെ ചൊല്ലിയുണ്ടായ കയ്യാങ്കളിയാണ് സംഘർഷത്തിൽ കലാശിച്ചത്. അതേ സമയം പോലീസിൽ പരാതി നൽകിയെങ്കിലും നടപടിയുണ്ടായില്ലെന്ന് കുടുംബം ആരോപിക്കുന്നു.

കഴിഞ്ഞ ഓഗസ്റ്റ് ആറാം തീയ്യതിയാണ് അട്ടപ്പാടി സന്പാർക്കോട് താമസിക്കുന്ന വള്ളിക്കും കുടുംബത്തിനും നേരെ ആക്രമണമുണ്ടാത്. വളളിയുടെ പത്താം ക്ലാസിൽ പഠിക്കുന്ന മകൻ അയൽവാസിയായ പുത്തൂർ വീട്ടിലെ ബാബുവിന്‍റെ മകനുമായി കളിക്കുന്നതിനിടെ വാക്കേറ്റത്തിൽ ഏർപ്പെട്ടിരുന്നു. വള്ളിയുടെ മകനെ ബാബുവിന്‍റെ മകൻ ഇരട്ടപ്പേര് വിളിച്ചതാണ് കയ്യാങ്കളിക്കിടിയക്കിയത്.

ഇതിന്‍റെ വൈരാഗ്യം തീർക്കാൻ ബാബുവും ബാബുവിന്‍റെ ഭാര്യയും അച്ഛനും ചേർന്ന് വീട്ടിൽ അതിക്രമിച്ച് കയറി മർദ്ദിച്ചെന്നാണ് പരാതി. മകനെ വീട്ടിൽ നിന്ന് വലിച്ചിറക്കുകയും ബാബുവിന്‍റെ ഭാര്യ ചെരുപ്പു കൊണ്ട് മർദ്ദിച്ചെന്നും വള്ളി പോലീസിന് നൽകിയ പരാതിയിൽ പറയുന്നു.

മർദ്ദനമേറ്റ് ആശുപത്രിയിലേക്ക് പോയ വള്ളിയോട് പോലീസിൽ പരാതിപ്പെട്ടാൽ കുടുംബത്തെ ഇല്ലാതാക്കുമെന്ന് ബാബു ഭീഷണിപ്പെടുത്തിയതായും പറയുന്നു. മർദ്ദനത്തിൽ വള്ളിയുടെ നെഞ്ചിനും നടുവിനും പരിക്കുണ്ട്. ഷോളയൂർ പോലീസിനും അഗളി ഡിവൈഎസ്പിക്കും പരാതി നൽകിയെങ്കിലും കാര്യക്ഷമമായ അന്വേഷണം നടക്കുന്നില്ലെന്നും സംഭവം ഒതുക്കി തീർക്കാൻ ശ്രമങ്ങൾ നടക്കുന്നുതായും വള്ളി ആരോപിക്കുന്നു. അതേ സമയം കുടുംബത്തിന്‍റെ ആരോപണം അടിസ്ഥാന രഹിതമാണെന്ന് ആരോപണ വിധേയനായ ബാബു പ്രതികരിച്ചു.