റിയാദ് : സൗദിയില്‍ വനിതകള്‍ക്ക് രാത്രി ജോലി ചെയ്യുന്നതിന് അനുമതി. ഇതു സംബന്ധിച്ചുള്ള തൊഴില്‍ നിയമ ഭേദഗതിയില്‍ മാറ്റം വരുത്തി സൽമാൻ രാജാവിന്റെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭാ യോഗം അംഗീകാരം നല്‍കി. അപകടകരമായ ചില ജോലികളിൽ വനിതകളെ നിയമിക്കുന്നതും രാത്രിയിൽ ചില സമയങ്ങളിൽ വനിതകളെ ജോലിക്കു വെക്കുന്നതും വിലക്കുന്ന തൊഴിൽ നിയമത്തിലെ 149, 150 വകുപ്പുകൾ റദ്ദാക്കി
വനിതകൾക്ക് അപകടകരവും ഹാനികരവുമായ ജോലികൾ നിർണയിക്കുന്നതിന്റെ ചുമതല വകുപ്പ് മന്ത്രിക്കാണെന്നും 149 ആം വകുപ്പ് വ്യക്തമാക്കിയിരുന്നു. വനിതകളെ രാത്രികാലങ്ങളിൽ ജോലിക്കു വെക്കുന്നത് 150 ആം വകുപ്പും വിലക്കിയിരുന്നു.
ഭേദഗതിയുടെ ഭാഗമായി ഈ രണ്ടു വകുപ്പുകളും റദ്ദാക്കി തൊഴിൽ സാഹചര്യം മെച്ചപ്പെടുത്താനും വനിതാ ശക്തീകരണത്തിനും അപകടങ്ങളിൽ നിന്നും ഹാനികളിൽ നിന്നും തൊഴിലാളികൾക്ക് സംരക്ഷണം നൽകാനും തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കാനും സൗദി അറേബ്യ നടത്തിവരുന്ന ശ്രമങ്ങളുടെ തുടർച്ചയെന്നോണമാണ് പുതിയ നിയമ ഭേദഗതികളെന്നും ഫൈസൽ അൽഫാദിൽ പറഞ്ഞു.
ഖനികളിലും ക്വാറികളും വനിതകളെ ജോലിക്കു വെക്കാൻ ഭേദഗതി ചെയ്ത തൊഴിൽ നിയമം അനുവദിക്കുന്നു. പതിനെട്ടു വയസ്സ് തികയാത്ത ആരെയും ഖനികളിലും ക്വാറികളിലും ജോലിക്കു വെക്കാൻ പാടില്ലെന്നാണ് ഭേദഗതി ചെയ്ത 186 ആം വകുപ്പ് അനുശാസിക്കുന്നത്.
തൊഴിലാളികൾക്ക് അപകടകരവും ഹാനികരുമായ തൊഴിലുകൾ മാനവശേഷി, സാമൂഹിക വികസന മന്ത്രി നിർണയിക്കണമെന്നും സ്ഥിരമായോ ഭാഗികമായോ ജോലിക്കു വെക്കുന്നതിന് വിലക്കുള്ള വിഭാഗങ്ങളെയും പ്രത്യേക വ്യവസ്ഥകളോടെ ജോലിക്കു വെക്കേണ്ട വിഭാഗങ്ങളെയും മാനവശേഷി, വികസന മന്ത്രി നിർണയിക്കണമെന്നും ഭേദഗതി ചെയ്ത 131ആം വകുപ്പ് അനുശാസിക്കുന്നു.
ജോലിക്കു വെക്കുന്ന സ്ത്രീയോ പുരുഷനോ ആയ തൊഴിലാളിക്ക് ആവശ്യമായ സംരക്ഷണം ഒരുക്കൽ നിയമ ഭേദഗതി നിർബന്ധമാക്കുന്നതായി ശൂറാ കൗൺസിൽ അംഗവും നിയമ വിദഗ്ധനുമായ ഫൈസൽ അൽഫാദിൽ പറഞ്ഞു. രാത്രിയായാലും പകലായാലും തൊഴിൽ സമയങ്ങളുമായി ബന്ധപ്പെട്ട് സ്ത്രീപുരുഷന്മാർക്കിടയിൽ നിയമ ഭേദഗതി സമത്വമുണ്ടാക്കുന്നു. വനിതകളെ രാത്രിയിൽ ജോലിക്കു വെക്കുന്നതിനുള്ള ഭാഗിക വിലക്ക് നിയമ ഭേദഗതി എടുത്തുകളഞ്ഞിട്ടുമുണ്ട്.