ന്യൂഡെൽഹി: പ്രണാബ് മുഖർജിയെ അടുത്തറിയാവുന്നവർ സമ്മതിക്കുന്ന മൂന്ന് കാര്യങ്ങളുണ്ട്. കാര്യശേഷിയും തന്ത്രജ്ഞതയും കഠിനാധ്വാനവും. ഈ ഗുണങ്ങൾ ഇത്ര നന്നായി സമ്മേളിച്ച നേതാക്കൾ ഇന്ത്യയിൽ തന്നെ കുറവാണ്. എന്നിട്ടും പ്രധാനമന്ത്രി പദം പ്രണാബിന് ബാലികേറാമലയായി.
ഇന്ദിരാഗാന്ധി വെടിയേറ്റ് മരിച്ച ദിനം. അടുത്ത പ്രധാനമന്ത്രിയാകാന്‍ പശ്ചിമബംഗാളില്‍ നിന്നും ഒരു ബ്രാഹ്മണന്‍ ഡെല്‍ഹിക്കുപറന്നു. ആള്‍ ആരെന്നല്ലേ, ഇന്ദിരാ മന്ത്രിസഭയില്‍ നമ്പര്‍ ടു ആയിരുന്ന പ്രണബ് കുമാര്‍ മുഖര്‍ജി തന്നെ. പറഞ്ഞിട്ടെന്തുകാര്യം. പ്രധാനമന്ത്രിസ്ഥാനം പോയിട്ട് കോണ്‍ഗ്രസിലെ സാദാ മെമ്പര്‍ സ്ഥാനം പോലും നഷ്ടമായി. മിറാത്തിയില്‍ മമദ കിന്‍കര്‍ മുഖര്‍ജിയുടെ പുത്രനായി 1935 ഡിസംബര്‍ 11 ന് പ്രണബ് ജനിച്ചു. പഠനത്തില്‍ മിടുക്കനായിരുന്ന അദ്ദേഹം എം എ ബിരുദം നേടി, പിന്നെ നിയമം പഠിച്ചു. ഇത്രയൊക്കെ കൈവശമുള്ള ഒരു ബംഗാളിക്ക് അല്‍പ്പം പൊതുപ്രവര്‍ത്തനമൊക്കെയാകാമെന്ന് തീരുമാനിച്ചു. അവിടവിടെ ചില പ്രസംഗങ്ങളൊക്കെ ഭംഗിയായി നടത്തി. അതിന് ഫലമുണ്ടായി. കൊള്ളാവുന്ന ഒരു ബംഗാളി മാസികയുടെ പത്രാധിപരാക്കി അതിന്റെ ഉടമ. മാസികയ്ക്കുവേണ്ടി അനീതി, അക്രമമെന്നിവയെ തൂലികകൊണ്ട് അതിശക്തമായി എതിര്‍ത്തു. പക്ഷേ, അതൊന്നുകൊണ്ടുമാത്രം രാജ്യം രക്ഷപെടുകയില്ലെന്നുമനസ്സിലാക്കി. പിന്നെ യുവതലമുറയെ നല്ലരീതിയില്‍ വാര്‍ത്തെടുക്കാമെന്നുകരുതി.
കോളേജ് അധ്യാപകന്റെ കുപ്പായമണിഞ്ഞു. ബംഗാളിലെ തലതെറിച്ച പിള്ളേരുണ്ടോ പ്രണബിന്റെ സൂക്തകങ്ങള്‍ക്ക് ചെവികൊടുക്കുന്നു. ഒടുവില്‍ അധ്യാപനം മതിയാക്കി അജോയ്മുഖര്‍ജിയുടെ നേതൃത്വം സ്വീകരിച്ച് ബംഗാള്‍ കോണ്‍ഗ്രസ്സില്‍ ചേര്‍ന്നു. അവിടെ ഓഫീസ് സെക്രട്ടറിയായെങ്കിലും ഡല്‍ഹി ആയിരിക്കും തനിക്കുപറ്റിയ മേച്ചില്‍പ്പുറമെന്നു തോന്നിയതോടെ ഇന്ദിരാഗാന്ധിയുടെ ചാരത്തണഞ്ഞു. ആ തണലില്‍ നിന്ന് തളിര്‍ത്തുവളരാനായി. ആദ്യം രാജ്യസഭയില്‍ ഇരിപ്പിടം കിട്ടി.
പിന്നീട് വന്ന രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ ഇന്ദിരയുടെ മനഃസാക്ഷിക്കനുസരിച്ച് വി. വി ഗിരിക്ക് വോട്ടുകുത്തിയപ്പോള്‍ ഇന്ദിരാപ്രിയദര്‍ശിനി, മനഃസാക്ഷിയെ സൂക്ഷിക്കാന്‍ പ്രണബിനെ ചുമതലപ്പെടുത്തി. തുടര്‍ന്നങ്ങോട്ട്, ഇന്ദിര വിദേശത്തേക്കയച്ച എല്ലാ പാര്‍ലമെന്ററി ഡെലിഗേഷനുകളിലും പ്രണബ് ആയിരുന്ന പതാക വാഹകന്‍…!
1973ല്‍ സിദ്ധാര്‍ത്ഥ ശങ്കര്‍റേയുടെ അനുഗ്രഹാശിസ്സുകളോടെ കേന്ദ്രത്തില്‍ വ്യവസായത്തിന്റെ ഡെപ്യൂട്ടി മന്ത്രിയായി. അടിയന്തിരാവസ്ഥക്കുശേഷം ഇന്ദിര നിലംപറ്റിയപ്പോള്‍ രാജ്യസഭയിലെ ഡെപ്യൂട്ടി ലീഡറുടെ കസേര പ്രണാബ്ജിക്ക് തരപ്പെട്ടു. തുടര്‍ന്നുവന്ന ജനതാപാര്‍ട്ടിയുടെ ഭരണകാലത്ത് ഇന്ദിരാജിയുടെ വലംകൈയായി പ്രവൃത്തിച്ച് വിശ്വസ്ഥതയുടെ പുതിയ മാനങ്ങള്‍ അദ്ദേഹം സൃഷ്ടിച്ചു. ഷാ കമ്മീഷനുമുന്നില്‍ മിടുക്കരായ എസ് എസ് റായും, വി വി ചതോപാദ്ധ്യായുമൊക്കെ മൂക്കുകുത്തിവീണപ്പോഴും പ്രണാബ്ജി ഒരു ജിംനാസ്റ്റിക്കിനേക്കാള്‍ മെയ് വഴക്കത്തോടെ ഇന്ദിരയ്ക്ക് കോട്ടതീര്‍ത്തുകൊടുത്തു. ഇത്രയൊക്കെ ചെയ്തിട്ടും ഇന്ദിരാഗാന്ധിയുടെ മരണത്തിനുശേഷം രണ്ടാമനെ തഴഞ്ഞ് രാജീവ് പ്രധാനമന്ത്രിയായെന്ന് മാത്രമല്ല, ആ മന്ത്രിസഭയില്‍ ഇടം പോലും കിട്ടിയില്ല.
മാത്രമല്ല, അശേക്സെന്‍, ഗനിഖാന്‍ ചൗധരി, പ്രിയരഞ്ജന്‍ ദാസ് മുന്‍ഷി എന്നിവര്‍ മറ്റുചിലരുടെ പ്രേരണയാല്‍ വല്യേട്ടന്മാരായി വിലസാന്‍ തുടങ്ങിയപ്പോള്‍ അതില്‍ അമര്‍ഷം പൂണ്ട്, 1985ലെ നഗരസഭാ തെരഞ്ഞെടുപ്പ് ഒരായുധമാക്കി പ്രണബ് പി സി സി പ്രസിഡന്റ് സ്ഥാനം വലിച്ചെറിഞ്ഞു. എന്നിട്ടും അമര്‍ഷം ഉള്ളിലൊതുക്കാനാകാതെ കമലാപതി ത്രിപാഠിയെ പാട്ടിലാക്കി രാജീവിനെതിരെ വാരിക്കുഴിയൊരുക്കിയെങ്കിലും അതില്‍ വീണത് പ്രണബ് തന്നെയായിരുന്നു.
അതോടെ ശൗര്യം ഇരട്ടിച്ചു. കോണ്‍ഗ്രസ്സില്‍ നിന്നും പുറത്തുചാടി. ഇപ്പോഴത്തെ കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍, ഗുണ്ട റാവു, വി സി ശുക്ല തുടങ്ങിയ രാഷ്ട്രീയ നേതാക്കളുടെയും ധീരുഭായി അംബാനി, സ്വരാജ് പോള്‍ എന്നി വന്‍കിട വ്യവസായികളുടേയും പിന്‍ബലത്താല്‍ രാജീവിന് ബദലായി ഒരു രാഷ്ട്രീയ പാര്‍ട്ടി പടുത്തുയര്‍ത്താനൊരുങ്ങി. അങ്ങിനെയാണ് രാഷ്ടീയ സമാജ് വാദി കോണ്‍ഗ്രസ് രുപമെടുക്കുന്നത്.
പുതിയ പാര്‍ട്ടിക്കുവേണ്ടി കെട്ടുകണക്കിന് പോസ്റ്ററുകളും ലെറ്റര്‍പ്പാഡും അടിച്ചുകൂട്ടിയെങ്കിലും അത് കാര്യമായൊന്നും ഉപയോഗിക്കാന്‍ കഴിഞ്ഞില്ല. ഒടുവില്‍ നരസിംഹറാവുവിന്റെ സഹായത്താല്‍ കോണ്‍ഗ്രസ്സില്‍ തന്നെ മടങ്ങിയെത്തി. 1995ല്‍ കേന്ദ്ര വിദേശകാര്യമന്ത്രിയായി.
ഇന്ത്യ- യുഎസ് ആണവ കരാര്‍ നടപ്പാക്കുന്നതില്‍ മുഖ്യപങ്ക് വഹിച്ചതു പ്രണബാണ്. 2004 ല്‍ പ്രതിരോധമന്ത്രിയും 2006 ല്‍ വിദേശകാര്യ മന്ത്രിയുമായി. രണ്ടാം യുപിഎ സര്‍ക്കാരില്‍ ധനമന്ത്രിയായിരിക്കുമ്പോള്‍ ദേശീയ ഗ്രാമീണ തൊഴിലുറപ്പ് നിയമം നടപ്പാക്കിയത് ചരിത്രം. പെണ്‍കുട്ടികളുടെ സാക്ഷരത, ആരോഗ്യ പരിരക്ഷാ പദ്ധതി തുടങ്ങിയവ വഴി ഏറെ ശ്രദ്ധേയനുമായി.
വീണ്ടുമൊരിക്കല്‍ക്കൂടി പ്രധാനമന്തിയാകാനുള്ള അവസരമൊരുങ്ങിവന്നെങ്കിലും നറുക്കുവീണത് മന്‍മോഹന്‍ സിങ്ങിനായിരുന്നു. അതോടെ പ്രധാനമന്ത്രിയാവുക എന്ന ആഗ്രഹത്തെ എന്നന്നേക്കുമായി കുഴിച്ചുമൂടി. ദ കോയിലേഷന്‍ ഇയേഴ്സ് എന്നപസ്തകത്തില്‍ അക്കഥയൊക്കെ വെടിപ്പായി വിവരിച്ചിട്ടുണ്ട് പ്രണബ്ജി. പിന്നെ രാഷ്ട്രപതി. ബംഗാളില്‍ നിന്ന് ഇന്ത്യന്‍ രാഷ്ട്രപതിയാകുന്ന ആദ്യ വ്യക്തിയാണ് പ്രണബ്ജി.
മമതയ്ക്ക് മമതയില്ല
ഒരേ പാർട്ടിയിലുണ്ടായിരുന്നപ്പോൾ തുടങ്ങിയതാണ് പ്രണബും മമതാബാനർജിയും തമ്മിലുള്ള പോരും പ്രശ്നങ്ങളും. പ്രണബിന് ജനകീയാടിത്തറയില്ലെന്ന മമതയുടെ കടുത്ത ആക്രമണം ചിലപ്പോഴൊക്കെ അദ്ദേഹത്തെ തളർത്തിയിട്ടുണ്ട്. ബംഗാളിൽ വേരില്ലാത്തയാളെന്ന അധിക്ഷേപം മമത ഉയർത്തിയപ്പോൾ കോൺഗ്രസ് തുണച്ചത് പ്രണാബിനെയാണ്. വികസന മുരടിപ്പും ഭരണവിരുദ്ധ തരംഗവും ബംഗാളിൽ ശക്തമായിട്ടും അത് മുതലെടുക്കാൻ കഴിയാത്തത് പ്രണാബിൻ്റെ സംഘടനാ ശേഷിയില്ലായ്മയാണെന്നും ഇത് കോൺഗ്രസ് പാർട്ടിയെ തളർത്തിയെന്നും മമത തുറന്നടിച്ചു. ഈ പോരിൽ മമതയ്ക്ക് പാർട്ടി വിടേണ്ടി വന്നതും ഒറ്റയാൾ പോരാട്ടത്തിനിറങ്ങി സിപിഎമ്മിന് ബംഗാളിൽ കുഴി തോണ്ടിയതും ചരിത്രം.
പ്രണാബിന് ‘പത്മഭൂഷൺ’ ലഭിച്ചപ്പോൾ മമതയുടെ നേതൃത്വത്തിൽ അദ്ദേഹത്തിന്റെ കോലം കത്തിക്കുന്ന പ്രതിഷേധം വരെയുണ്ടായി. എന്നാൽ, പിന്നീട് സഖ്യകക്ഷിയായപ്പോൾ രോഷം തണുത്തു. ബംഗാളിസംഗീതം ഇഷ്ടപ്പെടുന്ന പ്രണബിന് രബീന്ദ്രസംഗീതത്തിന്റെ ഒരുപാടു കാസറ്റുകൾ സമ്മാനിച്ചത് മമതയാണ്. സമീപകാലത്താണത്രേ ഇത്തരമൊരു സമ്മാനം. പക്ഷേ, പ്രണബ് രാഷ്ട്രപതി സ്ഥാനാർഥിയായപ്പോൾ മമത വീണ്ടും കലാപമുയർത്തി.
ഒട്ടേറെ ബഹുമതികളും ഇദ്ദേഹത്തെ തേടിയെത്തി. അതില്‍ ശ്രദ്ധേയമായചിലത്, 1997ല്‍ മികച്ച പാര്‍ലമെന്റേറിയനുള്ള പുരസ്‌കാരവും 2014ല്‍ അദ്ദേഹം പഠിച്ച കൊല്‍ക്കത്ത സര്‍വകലാശാല ഡി ലിറ്റ് ബിരുദം നല്‍കി ആദരിച്ചതും, ഭാരത രത്നം, 2008ല്‍ ഭാരതം പദ്മ വിഭൂഷണ്‍ നല്‍കിയതുമാണ്. അര നൂറ്റാണ്ടുകാലം കോണ്‍ഗ്രസ്സിലെ സൗമ്യമുഖമായിരുന്നു ഇപ്പോള്‍ മാഞ്ഞുപോയത്.
വി കെ കൃഷ്ണമേനോനും പ്രണാബും
ഇന്ദിരാഗാന്ധിയുടെ വിശ്വസ്തനായാണ് പ്രണബ് മുഖർജി അധികാരകേന്ദ്രങ്ങളുടെ അണിയറശില്പിയായതെന്ന് ആർക്കുമറിയാത്ത കാര്യമല്ല. എന്നാൽ, പ്രണബിന്റെ മിടുക്കും രാഷ്ട്രീയതന്ത്രജ്ഞതയും ഇന്ദിരയുടെ കണ്ണിൽപ്പെടാൻ കാരണക്കാരനായത് ഒരു മലയാളിയാണ്. കേരളക്കരയും കടന്ന് ഇന്ത്യയുടെയും ലോകത്തിന്റെയും ശ്രദ്ധ കവർന്ന വി കെ. കൃഷ്ണമേനോൻ.
1969-ൽ ബംഗാളിലെ മിഡ്നാപ്പുർ ലോക്സഭാ മണ്ഡലത്തിൽനിന്ന് കൃഷ്ണമേനോൻ വിജയിച്ചുകയറിയപ്പോൾ അതു പ്രണബിന്റെ രാഷ്ട്രീയജീവിതത്തിലേക്കുള്ള വഴിത്തിരിവായി. ബംഗ്ലാ കോൺഗ്രസ്സിന്റെ സ്ഥാനാർഥിയായിരുന്നു കൃഷ്ണമേനോൻ. 1957-ലും 1962-ലും ബോംബെ നോർത്തിൽ മത്സരിച്ച് പരാജയം രുചിച്ച അദ്ദേഹം മിഡ്നാപ്പുരിലും സ്ഥാനാർഥിയായി. സിറ്റിങ് എം പി എസ്.എൻ മൂർത്തിയുടെ മരണത്തെത്തുടർന്ന് മിഡ്നാപ്പുരിൽ ഉപതിരഞ്ഞെടുപ്പു വേണ്ടിവന്നു. പാർട്ടിക്കുള്ളിലെ കലാപത്തിന്റെ ഭാഗമായി ബംഗാൾ മുഖ്യമന്ത്രി അജോയ് മുഖർജി കോൺഗ്രസ്സിനെ പിളർത്തി. പുതുതായി രൂപവത്കരിക്കപ്പെട്ട ബംഗ്ലാ കോൺഗ്രസ് മിഡ്നാപുരിൽ കൃഷ്ണമേനോനെ മത്സരിപ്പിക്കാൻ തീരുമാനിച്ചു. ആ പാർട്ടിയുടെ ഭാഗമായിരുന്ന പ്രണബായിരുന്നു മേനോനെ സഹായിക്കാൻ നിശ്ചയിക്കപ്പെട്ട മുഖ്യ തിരഞ്ഞെടുപ്പ് ഏജന്റ്. കോൺഗ്രസ്സിലെ കെ ഡി.റോയിയെ 1,87,850 വോട്ടുകൾക്ക് കൃഷ്ണമേനോൻ പരാജയപ്പെടുത്തിയത് ചരിത്രമായി. പ്രണബിന്റെ രാഷ്ട്രീയതന്ത്രങ്ങളുടെ കൂടി വിജയമായിരുന്നു ഈ നേട്ടം. ഇക്കാര്യം ശ്രദ്ധയിൽപ്പെട്ട ഇന്ദിരാഗാന്ധി പ്രണബിനെ കോൺഗ്രസ്സിലേക്ക് തിരിച്ചെത്തിച്ചു. അതേവർഷം പ്രണബ് രാജ്യസഭാംഗമായി തിരഞ്ഞെടുക്കപ്പെട്ടു.
ഇന്ദിരയുടെ മന്ത്രിസഭയിൽ രണ്ടാമനായിരുന്ന പ്രണബ് അവർ പറഞ്ഞതുകേൾക്കാതെ 1980-ൽ ലോക്സഭയിലേക്ക് മത്സരിച്ചു. ”നിങ്ങൾ തോൽക്കുമെന്ന് എല്ലാവർക്കുമറിയാം. ഭാര്യയ്ക്കുപോലും അതിൽ തർക്കമുണ്ടാവില്ല. എന്നിട്ടും മത്സരിച്ച് എനിക്കു പ്രയാസമുണ്ടാക്കുന്നത് എന്തിനാണ്?” – ഇതായിരുന്നു പ്രണബിനോട് രോഷത്തോടെ ഇന്ദിരയുടെ ചോദ്യം. രണ്ടു ദിവസത്തിനുശേഷം പ്രണബിന്റെ വീട്ടിലേക്ക് സഞ്ജയ് ഗാന്ധിയുടെ വിളിയെത്തി. ”അമ്മയ്ക്ക് നിങ്ങളോട് വലിയ ദേഷ്യമാണ്. എന്നിട്ടും അവർ ചോദിക്കുന്നു, നിങ്ങളില്ലാതെ എങ്ങനെ മന്ത്രിസഭയുണ്ടാക്കുമെന്ന്. അതുകൊണ്ട് നാളെത്തന്നെ വിമാനം കയറി ഡൽഹിയിലെത്തണം.” തുടർന്നുള്ള മന്ത്രിസഭയിലും പ്രണബ് പങ്കാളിയായത് ഇന്ദിരയുടെ ഈ വിശ്വാസത്തിലായിരുന്നു.
തമാശക്കഥകൾ കേൾക്കാൻ ഏറേ താത്പര്യമുള്ള പ്രണബിന് കേരളത്തിലെ ‘തീറ്റ റപ്പായി’യാണ് ഇഷ്ടകഥാപാത്രം. ഒരു മലയാളി മാധ്യമപ്രവർത്തകൻ ഒരിക്കൽ അഭിമുഖത്തിന് ചെന്നപ്പോൾ ‘റപ്പായിക്കഥകൾ അറിയില്ലേ’യെന്നായിരുന്നു പ്രണബിന്റെ ആദ്യചോദ്യം. വർത്തമാനത്തിനിടെ ഇടയ്ക്കിടെ തീറ്റ റപ്പായിയുടെ രസകരമായ വിശേഷങ്ങൾ പങ്കുവെച്ച് അദ്ദേഹം പൊട്ടിച്ചിരിച്ചു.
ബംഗാളി ഭക്ഷണത്തിൽ ഏറേ തത്പരനാണ്. എല്ലാ വർഷവും തന്റെ നാട്ടിൽ നിന്നുള്ള ലിച്ചിപ്പഴവും മാങ്ങയും കക്ഷിഭേദമില്ലാതെ പ്രണബ് എല്ലാ നേതാക്കൾക്കും അയച്ചു കൊടുക്കുമായിരുന്നു. ഒന്നാം യു.പി.എ. സർക്കാറിൽ റെയിൽവേ മന്ത്രിയായിരുന്ന ലാലുപ്രസാദ് യാദവ് മുസാഫർപുരിലെ ലിച്ചിയാണ് ബഹുകേമമെന്നു പറഞ്ഞതാണ് പ്രകോപനം. എന്നാൽ, തന്റെ നാട്ടിലെ പഴങ്ങളെ തോല്പിക്കാൻ വേറൊന്നുമില്ലെന്ന് വാദിച്ച പ്രണബ് അന്നു മുതൽ രാഷ്ട്രീയ നേതാക്കൾക്ക് ലിച്ചിയും മാങ്ങയും സമ്മാനിക്കാൻ തുടങ്ങി.
2006-ൽ പ്രതിരോധമന്ത്രി സ്ഥാനത്തു നിന്നും വിദേശകാര്യമന്ത്രിയായി ചുമതലയേറ്റ പ്രണബ് നിയുക്തമന്ത്രി ആന്റണിയോടു പറഞ്ഞത് രസകരമാണ്. ”ആന്റണി, എന്റെ ഉറക്കമില്ലാത്ത രാത്രികൾ ഇതാ ഞാൻ നിങ്ങൾക്കു കൈമാറുന്നു.”
ഇന്ദിരാസർക്കാറിൽ ധനമന്ത്രിയായിരുന്ന പ്രണബാണ് ഡോ. മൻമോഹൻ സിങ്ങിനെ റിസർവ് ബാങ്ക് ഗവർണറായി നിയമിക്കുന്നത്. പിന്നീട് മൻമോഹൻ പ്രധാനമന്ത്രിയായ യുപിഎ സർക്കാറിൽ പ്രണബ് ധനമന്ത്രിയായത് തികച്ചും യാദൃച്ഛികം. എന്നാൽ, പഴയ ഓർമയിലാവണം, കോർ കമ്മിറ്റി യോഗത്തിൽ പ്രണബിനെ മൻമോഹൻ സിങ് അഭിസംബോധന ചെയ്തത് സർ എന്നായിരുന്നു. ”ഇങ്ങനെയെങ്കിൽ ഇനിയുള്ള യോഗങ്ങളിൽ താൻ പങ്കെടുക്കില്ലെ”ന്ന് പ്രണബിന്റെ ഭീഷണി. ഒടുവിൽ ഇരുവരും ധാരണയിലെത്തി. മൻമോഹൻ ‘പ്രണബ്ജി’യെന്നും തിരിച്ച് ഡോ. സിങ് എന്നും അഭിസംബോധന ചെയ്യാമെന്നായിരുന്നു ധാരണ.
പുകവലി ശീലമുണ്ടായിരുന്ന പ്രണബ് പിന്നീടതു നിർത്തി. സിഗരറ്റ് പായ്ക്കറ്റുകളിൽ അർബുദത്തെ ഓർമിപ്പിക്കുന്ന ചിത്രങ്ങൾ പതിപ്പിക്കാൻ ആദ്യ യു.പി.എ. സർക്കാറിലെ ആരോഗ്യമന്ത്രി അൻപുമണി രാംദാസ് തീരുമാനിച്ചു. പുകവലി മൂലമുള്ള കാൻസറിന്റെ ദാരുണചിത്രങ്ങളായിരുന്നു ആദ്യമൊക്കെ പായ്ക്കറ്റുകളിൽ. എന്നാൽ, ഇത്രയും നടുക്കുന്ന ചിത്രങ്ങൾ പതിപ്പിക്കരുതെന്നുള്ള പ്രണബിന്റെ വാശി വിജയിച്ചു. തന്റെ ജില്ലയിലെ ബീഡിത്തൊഴിലാളികളായിരുന്നു ഇതുപറയുമ്പോൾ പ്രണബിന്റെ മനസ്സിൽ.
പ്രണബിനെ പിന്തുണച്ചതിനെച്ചൊല്ലി സി.പി.എമ്മും ഇടതുപാർട്ടികളും പരസ്പരം ഇടഞ്ഞു. സി.പി.എമ്മും പ്രണബും തമ്മിലുള്ള അടുപ്പം രഹസ്യമല്ല. ആദ്യകാലം മുതലേ സി.പി.എമ്മിനോട് പ്രണബിന് മൃദുസമീപനമായിരുന്നു. ബംഗാളിൽ നന്ദിഗ്രാം, സിംഗൂർ പ്രശ്നങ്ങൾ കത്തിക്കാളുമ്പോൾ ഒരിക്കലും പ്രണബും സി.പി.എമ്മും കൊമ്പു കോർത്തിട്ടില്ല. നന്ദിഗ്രാം, സിംഗൂർ വിഷയങ്ങളുയർത്തി ബംഗാളിൽ കോൺഗ്രസ് സംഘടിപ്പിച്ച പരിപാടികളിലൊന്നും പ്രണബ് പ്രസംഗിക്കാൻ പോയില്ല.
ബംഗാളിലെ കോൺഗ്രസ് നേതാവ് പ്രിയരഞ്ജൻദാസ് മുൻഷി പലതവണ ക്ഷണിച്ചെങ്കിലും അദ്ദേഹം വഴങ്ങിയില്ല. കേന്ദ്രസർക്കാറിനെ പിന്തുണയ്ക്കുന്ന സി.പി.എമ്മിനെതിരെ പ്രസംഗിക്കാൻ താനില്ലെന്നായിരുന്നു പ്രണബിന്റെ മറുപടി. കാരണം ഇതൊന്നുമായിരുന്നില്ല. ബുദ്ധദേവ് ഭട്ടാചാര്യയുമായുള്ള സൗഹൃദമായിരുന്നു ഈ പിന്മാറ്റത്തിനു പിന്നിൽ. രാഷ്ട്രപതി സ്ഥാനാർഥിയായി നിശ്ചയിക്കപ്പെട്ടപ്പോൾ ഇടതുപക്ഷത്തിന്റെ പിന്തുണ തേടി പ്രണബ് ആദ്യം വിളിച്ചതും ബുദ്ധദേവിനെയാണ്. പ്രണബിനെ പിന്തുണയ്ക്കാൻ സി.പി.എം. തീരുമാനിച്ചത് ബുദ്ധദേവിന്റെ കടുത്ത നിർബന്ധത്തിലായിരുന്നു.