തീവ്രവാദികളെ ഒതുക്കാൻ വനിതാ ഉദ്യോഗസ്ഥ ചാരു സിൻഹ; സിആർപിഎഫ് ശ്രീനഗർ സെക്ടർ ഐജി

ശ്രീനഗർ : തീവ്രവാദികളെ ഒതുക്കാൻ ഇനി പെൺകരുത്ത്. ജമ്മു കശ്മീരിലെ തീവ്രവാദബാധിത പ്രദേശങ്ങളിലൊന്നായ ശ്രീനഗർ സെക്ടറിലെ സെൻട്രൽ റിസർവ് പോലീസ് ഫോഴ്‌സിന്റെ (സിആർപിഎഫ്) ഇൻസ്പെക്ടർ ജനറലായി (ഐ. ജി) വനിതാ ഐപിഎസ് ഉദ്യോഗസ്ഥയായ ചാരു സിൻഹ നിയമിതയായി.

തീവ്രവാദബാധിത മേഖലയുടെ ചുമതല ഏറ്റെടുക്കുന്ന ആദ്യത്തെ വനിതാ ഐ‌പി‌എസ് ഉദ്യോഗസ്ഥയാണ് ചാരു സിൻ‌ഹ. 1996 ബാച്ചിലെ തെലങ്കാന കേഡറിലെ ഐപിഎസ് ഉദ്യോഗസ്ഥയാണ് ചാരു സിൻഹ. ആദ്യമായല്ല ഇവർക്ക് സംഘർഷ മേഖലയിൽ ചുമതല നൽകുന്നത്.

നക്‌സലുകളെ കൈകാര്യം ചെയ്യാൻ മുൻപ് ബിഹാർ മേഖലയിലും ഇവർ സേവനമനുഷ്ടിച്ചിട്ടുണ്ട്. ഇക്കാലയളവിൽ ബിഹാറിൽ നിരവധി നക്സൽ വിരുദ്ധ പ്രവർത്തനങ്ങൾക്ക് നിരവധി നക്സൽ വിരുദ്ധ ഒാപറേഷനുകൾക്ക് നേതൃത്വം നൽകിയിട്ടുള്ള ചാരു സിൻഹ നിലവിൽ ജമ്മു സിആർപിഎഫ് ഐജിയാണ്.
തിങ്കളാഴ്ചയാണ് ഇവരെ ശ്രീനഗർ മേഖലയിലെ ഐജിയായി നിയമിച്ച് ഉത്തരവ് ഇറങ്ങിയത്.

2005ലാണ് ശ്രീനഗർ മേഖലയിൽ ബ്രീൻ നിഷാദ് കേന്ദ്രമാക്കി ഐജിയുടെ മേൽനോട്ടത്തിൽ സിആർപിഎഫ് പ്രവർത്തനം ആരംഭിച്ചത്. ഇന്ത്യൻ കരസേന, ജമ്മു കശ്മീർ പൊലീസ് അടക്കമുള്ള സേനാ വിഭാഗങ്ങളുമായി ചേർന്ന് സംയുക്ത ഭീകര വിരുദ്ധ ഒാപ്പറേഷനിൽ പങ്കാളിയാണ് സിആർപിഎഫ്. 2005 ൽ പ്രവർത്തനം ആരംഭിച്ച ഈ മേഖലയ്ക്ക് ഒരിക്കലും ഐജി തലത്തിൽ വനിതാ ഉദ്യോഗസ്ഥ ഉണ്ടായിരുന്നില്ല.

ജമ്മു കശ്മീരിലെ ബുദ്ഗാം, ഗാന്ദെർബാൽ, ശ്രീനഗർ മൂന്ന് ജില്ലകളിലും കേന്ദ്ര ഭരണ പ്രദേശമായ ലഡാക്കിലുമാണ് സിആർപിഎഫ് പ്രവർത്തന പരിധി. രണ്ട് റേഞ്ചേഴ്സ്, 22 എക്സിക്യൂട്ടീവ് യുനിറ്റുകൾ, മൂന്ന് മഹിള കമ്പനികൾ എന്നിവയാണ് ശ്രീനഗർ മേഖലയിൽ ഉൾപ്പെടുന്നത്.