കർണാടകത്തിൽ രണ്ടു മന്ത്രിമാർക്ക് കൊറോണ

ബംഗ്ലുളൂരു: കർണാടകത്തിൽ രണ്ടു മന്ത്രിമാർക്ക് കൂടി കൊറോണ. സംസ്ഥാന ഗ്രാമവികസന പഞ്ചായത്ത് രാജ് മന്ത്രി കെഎസ് ഈശ്വരപ്പ , വനിതാ ശിശുവികസന മന്ത്രി ശശികല ജൊല്ലെ എന്നിവർക്കാണ് കൊറോണ സ്ഥിരീകരിച്ചത്.

മന്ത്രി ഈശ്വരപ്പയെ ബംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസങ്ങളിൽ അദ്ദേഹത്തിന് രോഗലക്ഷണങ്ങൾ ഉണ്ടായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് ഫലം പോസിറ്റീവായത്. ശിവമോഗ മണ്ഡലത്തിൽനിന്നുള്ള നിയമസഭാംഗമാണ് 72 കാരനായ ഈശ്വരപ്പ.

കൊറോണ സ്ഥിരീകരിക്കപ്പെട്ട വനിതാ ശിശു വികസന മന്ത്രി ശശികല ജൊല്ലെ വീട്ടിൽ നിരീക്ഷണത്തിൽ കഴിയുകയാണ്. നേരത്തേ മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പയ്ക്കും കൊറോണ സ്ഥിരീകരിച്ചിരുന്നു. രോഗം ഭേദമായ മുഖ്യമന്ത്രി ആശുപത്രി വിട്ടിരുന്നു.

കർണാടകയിലെ കാബിനറ്റ് മന്ത്രിമാരായ ബിആർ ശ്രീരാമുലു, എസ്ടി സോമശേഖർ, ആനന്ദ് സിംഗ് സിടി രവി എന്നിവർക്കും പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യ, സംസ്ഥാന കോൺഗ്രസ് അധ്യക്ഷൻ ഡികെ ശിവകുമാർ എന്നിവർക്കും നേരത്തേ കൊറോണ സ്ഥിരീകരിച്ചിരുന്നു.