ന്യൂഡെൽഹി: മുൻ രാഷ്ട്രപതി പ്രണബ് മുഖർജി (85) അന്തരിച്ചു. മകൻ അഭിജിത് മുഖർജിയാണ് ട്വിറ്ററിലൂടെ വിവരം പുറത്തറിയിച്ചത്. വൈകുന്നേരം അഞ്ചരയോടെയാണ് അന്ത്യം. ഭാരതരത്ന നൽകി രാജ്യം ആദരിച്ച പ്രണബ് ഇന്ത്യയുടെ 13- മത് രാഷ്ട്രപതിയായിരുന്നു. കൊറോണ ബാധിച്ചതിനു പിന്നാലെ നടത്തിയ പരിശോധനയിൽ തലച്ചോറിൽ രക്തം കട്ട പിടിച്ചതായി കണ്ടെത്തിയതിനെ തുടർന്ന് ശസ്ത്രക്രിയ നടത്തിയിരുന്നു.
ഇന്ദിരാ ഗാന്ധി ദേശീയ രാഷ്ട്രീയത്തിലെത്തിച്ച പ്രണബ് കേന്ദ്രമന്ത്രി, ആസൂത്രണ കമ്മിഷൻ ഉപാധ്യക്ഷൻ, രാജ്യസഭാ അധ്യക്ഷൻ തുടങ്ങിയ പദവികൾ വഹിച്ചിട്ടുണ്ട്. ബംഗാളിൽ നിന്ന് ഇന്ത്യൻ രാഷ്ട്രപതിയാകുന്ന ആദ്യ വ്യക്തിയാണ്. ബജറ്റ് അവതരിപ്പിച്ച ആദ്യ ബംഗാളിയെന്ന അംഗീകാരവും പ്രണബിനു സ്വന്തം.
ഇന്ത്യ യുഎസ് ആണവ കരാർ നടപ്പാക്കുന്നതിൽ മുഖ്യപങ്കു വഹിച്ചതു പ്രണബാണ്. 2004 ൽ പ്രതിരോധമന്ത്രിയും 2006 ൽ വിദേശകാര്യ മന്ത്രിയുമായി. രണ്ടാം യുപിഎ സർക്കാരിൽ ധനമന്ത്രിയായിരിക്കുമ്പോൾ ദേശീയ ഗ്രാമീണ തൊഴിലുറപ്പ് നിയമം, പെൺകുട്ടികളുടെ സാക്ഷരത ആരോഗ്യ പരിരക്ഷാ പദ്ധതി തുടങ്ങിയവ വഴി ശ്രദ്ധേയനായി.
രാജ്യാന്തര നാണ്യ നിധി (ഐഎംഎഫ്), ലോക ബാങ്ക്, ഏഷ്യൻ ഡവലപ്‌മെന്റ് ബാങ്ക്, ആഫ്രിക്കൻ ഡവലപ്‌മെന്റ് ബാങ്ക് എന്നിവയുടെ ബോർഡ് ഓഫ് ഗവർണേഴ്‌സ് അംഗമായിരുന്നു (1982 1985). കോൺഗ്രസ് പ്രവർത്തക സമിതി അംഗം, എഐസിസി ട്രഷറർ, കോൺഗ്രസ് പാർലമെന്റ് കക്ഷി ട്രഷറർ, എഐസിസിയുടെ കേന്ദ്ര പാർലമെന്ററി ബോർഡ് അംഗം, എഐസിസിയുടെ ഇക്കണോമിക് അഡ്വൈസറി സെൽ അധ്യക്ഷൻ, എഐസിസി ജനറൽ സെക്രട്ടറി തുടങ്ങിയ പദവികളും വഹിച്ചിട്ടുണ്ട്.
1935 ഡിസംബർ 11ന് ബംഗാളിലെ ബീർഭൂം ജില്ലയിലെ മീറഠി ഗ്രാമത്തിലാണ് ജനനം. സ്വാതന്ത്ര്യസമര സേനാനിയായിരുന്ന കമദകിങ്കർ മുഖർജിയുടെയും രാജ്‌ലക്ഷ്‌മി മുഖർജിയുടെയും ഇളയ മകൻ. സുരി വിദ്യാസാഗർ കോളജിലും കൊൽക്കത്ത സർവകലാശാലയിലുമായിരുന്നു പഠനം. തപാൽ വകുപ്പിൽ യുഡി ക്ലർക്കായാണ് ഔദ്യോഗിക ജീവിതം തുടങ്ങിയത്. പിന്നീട് കോളജ് അധ്യാപകനായി. കുറച്ചുകാലം പത്രപ്രവർത്തകനുമായിരുന്നു. വി.കെ. കൃഷ്ണ മേനോന്റെ തിരഞ്ഞെടുപ്പു പ്രചാരണച്ചുമതലയിൽ കാട്ടിയ കാര്യക്ഷമത ശ്രദ്ധിച്ച ഇന്ദിരാഗാന്ധിയാണ് പ്രണബിനെ ദേശീയ രാഷ്ട്രീയത്തിലേക്കു കൈപിടിച്ചെത്തിച്ചത്. 1969 ൽ ഇന്ദിര പ്രണബിനെ രാജ്യസഭാംഗമാക്കി. 73 ലെ ഇന്ദിര മന്ത്രിസഭയിൽ അംഗവുമായി. അടിയന്തരാവസ്ഥക്കാലത്ത് ഇന്ദിരയുടെ വിശ്വസ്തനായിരുന്നു എന്നതിന്റെ പേരിൽ പ്രണബ് പിൽക്കാലത്തു പഴി കേട്ടിട്ടുണ്ട്. ഇന്ദിര കൊല്ലപ്പെട്ടതിനെത്തുടർന്നുണ്ടായ രാഷ്ട്രീയ ആശയക്കുഴപ്പത്തിൽ, പ്രണബ് പ്രധാനമന്ത്രിപദം ആഗ്രഹിച്ചിരുന്നെന്ന് ആരോപണമുയർന്നു. പക്ഷേ രാജീവ് ഗാന്ധി അധികാരത്തിലെത്തി. അദ്ദേഹത്തിന്റെ മന്ത്രിസഭയിൽ പ്രണബ് ഇടംകണ്ടതുമില്ല.
കോൺഗ്രസ് വിട്ട പ്രണബ് 1986 ൽ സ്വന്തം പാർട്ടി രൂപീകരിച്ചെങ്കിലും പിന്നീട് തിരിച്ചെത്തി. രാജീവ് ഗാന്ധി വധിക്കപ്പെട്ടപ്പോഴും പ്രണബ് പ്രധാനമന്ത്രിയാകുമെന്നു പാർട്ടിയിലടക്കം പലരും കരുതിയെങ്കിലും നടന്നില്ല. 2004 ൽ സോണിയ ഗാന്ധി പ്രധാനമന്ത്രിപദം നിരസിച്ചപ്പോൾ അതെത്തിയത് മൻമോഹൻ സിങ്ങിലായിരുന്നു. 2009 ലും യുപിഎ അധികാരത്തിലെത്തിയപ്പോൾ മൻ മോഹൻ തുടർന്നു. പ്രണബ് മന്ത്രിസഭയിലെ രണ്ടാമനായി. 2012 ൽ പ്രണബ് മുഖർജി രാഷ്ട്രപതിയായി. രാഷ്ട്രപതിയുടെ കാലാവധി അവസാനിച്ച ശേഷം 2018 ൽ നാഗ്പൂരിലെ ആർഎസ്എസ് ആസ്ഥാനം സന്ദർശിച്ചത് വിവാദങ്ങൾക്കു തിരികൊളുത്തിയിരുന്നു.
1977 ൽ മികച്ച പാർലമെന്റേറിയനുള്ള പുരസ്കാരവും 2008 ൽ പത്മവിഭൂഷണും ലഭിച്ചിട്ടുണ്ട്. ബിയോണ്ട് സർവൈവൽ, എമർജിങ് ഡൈമൻഷൻസ് ഓഫ് ഇന്ത്യൻ ഇക്കണോമി, ചാലഞ്ച് ബിഫോർ ദ് നാഷൻ/സാഗ ഓഫ് സ്ട്രഗ്ൾ ആൻഡ് സാക്രിഫൈസ് തുടങ്ങി ഒട്ടേറെ പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്.
ബഹുമതികൾ: ലോക ബാങ്കിന്റെ എമേർജിങ് മാർക്കറ്റ്‌സ് എന്ന പ്രസിദ്ധീകരണത്തിന്റെ ഫിനാൻസ് മിനിസ്‌റ്റർ ഓഫ് ദി ഇയർ ഫോർ ഏഷ്യ പുരസ്‌കാരം (2010). ന്യൂയോർക്കിലെ ‘യൂറോ മണി’ എന്ന പ്രസിദ്ധീകരണം 1984ൽ ലോകത്തിലെ മികച്ച ധനമന്ത്രിമാരിൽ ഒരാളായി തിരഞ്ഞെടുത്തു. 2007ൽ പത്മവിഭൂഷൺ ബഹുമതി. 2010 ഡിസംബറിൽ ദ് ബാങ്കർ എന്ന പ്രസിദ്ധീകരണം ഫിനാൻസ് മിനിസ്‌റ്റർ ഓഫ് ദി ഇയർ ആയി തിരഞ്ഞെടുത്തു. 2011ൽ വോൾവറാംടൺ സർവകലാശാല ഡോക്‌ടറേറ്റ് നൽകി.
ഭാര്യ: പരേതയായ സുവ്രാ മുഖർജി. മക്കൾ: ശർമിഷ്ഠ മുഖർജി, അഭിജിത് മുഖർജി, ഇന്ദ്രജിത് മുഖർജി.