തിരുവനന്തപുരം: കൊറോണ വ്യാപനത്തെ തുടർന്ന് മാർച്ച് മുതൽ അടച്ചിട്ടിരിക്കുന്ന സംസ്ഥാനത്തെ ഡ്രൈവിങ് സ്‌കൂളുകൾ അടുത്ത മാസം തുറന്നേക്കും. അൺലോക്ക് 4 മാർഗനിർദേശം അനുസരിച്ച് തുറക്കുന്ന സ്ഥാപനങ്ങളുടെ പട്ടികയിൽ സ്‌കിൽ ഡവലപ്‌മെന്റ് വിഭാഗത്തിലുള്ള സ്ഥാപനങ്ങൾക്കും പ്രവർത്തിക്കാൻ അനുമതിയുണ്ട്. ഇതിന്റെ ചുവടുപിടിച്ച്, ആരോഗ്യസുരക്ഷാ മാനദണ്ഡങ്ങളോടെ ഡ്രൈവിങ് സ്‌കൂളുകൾ തുറക്കാനാണു സംസ്ഥാന സർക്കാർ ലക്ഷ്യമിടുന്നത്.
ഇക്കാര്യത്തിൽ സർക്കാർ തീരുമാനം സെപ്റ്റംബർ 3ന് ഉണ്ടാകുമെന്നാണു സൂചന. എന്നാൽ, മാർച്ച് 10നു നിർത്തിവച്ച ഡ്രൈവിങ് ടെസ്റ്റ് പുനരാരംഭിക്കുന്ന കാര്യത്തിൽ തീരുമാനം ഉടൻ ഉണ്ടാകില്ല. നിലവിൽ ലേണിങ് ടെസ്റ്റ് ഓൺലൈനായി നടത്തുന്നുണ്ട്. തമിഴ്‌നാട്, ആന്ധ്ര, തെലങ്കാന, കർണാടക, മഹാരാഷ്ട്ര സംസ്ഥാനങ്ങളിൽ ഡ്രൈവിങ് സ്‌കൂളുകളുടെ പ്രവർത്തനം നേരത്തെ പുനരാരംഭിച്ചിരുന്നു.