തിരുവനന്തപുരം: വെഞ്ഞാറമ്മൂട്ടിലെ ഡിവൈഎഫ്ഐ പ്രവർത്തകരുടെ കൊലപാതകവുമായി ബന്ധപ്പെട്ട് ആറ് പേർ കസ്റ്റഡിയിൽ. അക്രമിസംഘത്തിലുണ്ടായിരുന്നത് ആറ് പേരായിരുന്നുവെന്ന് വിവരം. ഇവരുടെ പിടികൂടാനുള്ള ഊർജിത ശ്രമം നടക്കുന്നുണ്ട്. ബൈക്കിലെത്തി കൊല നടത്തിയ ശേഷം ഇവർ ബൈക്ക് ഉപേക്ഷിച്ച് കാറിൽ രക്ഷപ്പെടുകയായിരുന്നുവെന്നാണ് വിവരം. പ്രതികൾ ഉപയോഗിച്ച മൂന്ന് ബൈക്കുകൾ പൊലീസ് കണ്ടെത്തി കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
മുഖ്യപ്രതിയുടെ സുഹൃത്ത് ഷജിത്തും ബൈക്ക് ഉടമയുമടക്കം ആറ് പേരാണ് കസ്റ്റഡിയിലായത്. ഐഎൻടിയുസി പ്രവർത്തകനാണ് കസ്റ്റഡിയിലായ ഷജിത്ത്. വാട്സ്ആപ്പ് ഗ്രൂപ്പിൽ കൊലപാതകത്തിന് ശേഷം കറുത്തകൊടിയുടെ ചിഹ്നം ഇട്ടത് ഷജിത്തായിരുന്നു. ഇന്നലെ രാത്രിയാണ് വെഞ്ഞാറമ്മൂട്ടിൽ രണ്ട് ഡിവൈഎഫ്ഐ പ്രവർത്തകരെ ബൈക്കിലെത്തിയ സംഘം വെട്ടിക്കൊലപ്പെടുത്തിയത്.
ഹക് മുഹമ്മദ് (24), മിഥിലാജ് (30) എന്നിവരാണ് കൊല്ലപ്പെട്ടത്. ബൈക്കിലെത്തിയ സംഘം ഇരുവരേയും വളയുകയും മാരകായുധങ്ങളുപയോഗിച്ച് വെട്ടിക്കൊലപ്പെടുത്തുകയുമായിരുന്നു. നെഞ്ചിന് കുത്തേറ്റ മിഥിലാജ് സംഭവസ്ഥലത്ത് വെച്ചും ഹക് മുഹമ്മദ് ആശുപത്രിയിലും മരിച്ചു. മിഥിൽ രാജ് ഡിവൈഎഫ്ഐ തേമ്പാമൂട് യൂണിറ്റ് ജോ. സെക്രട്ടറിയും ഹക്ക് മുഹമ്മദ് കലിങ്കിൻ മുഖം യൂണിറ്റ് പ്രസിഡൻ്റും പാർട്ടി അംഗവുമാണ്.
രാഷ്ട്രീയകാര്യങ്ങളാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് തിരുവനന്തപുരം റൂറൽ എസ് പി വ്യക്തമാക്കിയിട്ടുണ്ട്. കോൺഗ്രസാണ് കൊലപാതകത്തിന് പിന്നിലെന്ന് സിപിഎം ആരോപിച്ചു. എന്നാലിക്കാര്യം നിഷേധിച്ച് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല രംഗത്തെത്തി. കോൺഗ്രസിന് പങ്കില്ലെന്നും വ്യക്തിവൈരാഗ്യമാണ് കൊലയ്ക്ക് കാരണമെന്നും ചെന്നിത്തല പ്രതികരിച്ചു.