ന്യൂഡെൽഹി: ലഡാക്ക് സംഘർഷത്തിന് പിന്നാലെ ദക്ഷിണ ചൈന കടലിലേക്ക് ഇന്ത്യ യുദ്ധക്കപ്പൽ അയച്ചെന്ന് റിപ്പോർട്ട്. ചൈന നിർണായകമായി കരുതുന്ന ദക്ഷണി ചൈന കടലിൽ ഇന്ത്യയുടെ യുദ്ധക്കപ്പൽ കണ്ടതിൽ ചൈന അസന്തുഷ്ടി അറിയിച്ചെന്നും റിപ്പോർട്ട് വ്യക്തമാക്കി.
2009 മുതൽ കൃത്രിമ ദ്വീപ് നിർമ്മിച്ചും സൈന്യത്തെ വിന്യസിച്ചും ദക്ഷിണ ചൈന കടലിൽ ചൈന അപ്രമാദിത്തത്തിന് ശ്രമിക്കുന്നുണ്ട്. വാർത്താ ഏജൻസിയായ എഎൻഐയാണ് വാർത്ത റിപ്പോർട്ട് ചെയ്തത്. ചർച്ച നടക്കുന്നതിനിടെയുള്ള ഇന്ത്യയുടെ നടപടി ചൈന എതിർത്തെന്നും റിപ്പോർട്ടിൽ പറയുന്നു.
അമേരിക്കൻ നാവിക സേനയുമായി ഇന്ത്യൻ നാവിക സേന ആശയവിനിമയം നടത്തിയിരുന്നതായും എഎൻഐ റിപ്പോർട്ട് ചെയ്തു. ചൈനീസ് നാവിക സേന ഇന്ത്യൻ മഹാസമുദ്രത്തിലേക്ക് കടക്കുന്നത് നിരീക്ഷിക്കാൻ ഇന്ത്യൻ നേവി ആൻഡമാൻ നിക്കോബാർ ദ്വീപുകളിലെ മലാക്ക മേഖലയിൽ കപ്പലുകൾ വിന്യസിച്ചിരുന്നു. ഇന്ത്യൻ മഹാസമുദ്ര മേഖലയിലേക്ക് ചൈനീസ് കടന്നുകയറ്റം തടയാൻ അന്തർ സമുദ്ര വാഹിനികളെയും ഇന്ത്യ സജ്ജീകരിച്ചു. ജിബൂട്ടി മേഖലയിൽ ചൈനീസ് കപ്പലുകളുടെ സാമീപ്യവും ഇന്ത്യ വീക്ഷിച്ചിരുന്നു.
ജൂൺ 15ന് ലഡാക്ക് അതിർത്തി സംഘർഷത്തിൽ 20 ഇന്ത്യൻ സൈനികർ വീരമൃത്യ വരിച്ചതിന് പിന്നാലെയാണ് ഇന്ത്യ യുദ്ധക്കപ്പൽ അയച്ചത്. അതിർത്തിയിലെ സംഘർഷം ഒഴിവാക്കാൻ നയതന്ത്ര തലത്തിലും സൈനിക തലത്തിലും ചർച്ചകൾ പുരോഗമിക്കുന്നതിനിടെ ദക്ഷിണ ചൈന കടലിൽ ഇന്ത്യൻ യുദ്ധക്കപ്പൽ എത്തിയത് ചൈന ശക്തമായി എതിർത്തെന്നും റിപ്പോർട്ടിൽ പറയുന്നു. അമേരിക്കൻ നാവിക സേനയും ദക്ഷിണ ചൈന കടയിൽ സാന്നിധ്യമുറപ്പിച്ചിരുന്നു.