ന്യൂഡൽഹി; ഇന്ത്യൻ ക്രിക്കറ്റ് താരം സുരേഷ് റെയ്നയുടെ ബന്ധുക്കളായ ഒരു കുടുംബത്തിലെ അഞ്ച് പേർക്കെതിരെ അജ്‍ഞാതരുടെ ആക്രമണം. ഓഗസ്റ്റ് 19നാണ് ആക്രമണം നടന്നതെന്നാണ് റിപ്പോർട്ട്. പഞ്ചാബിലെ പഠാൻകോട്ടിൽ താമസിക്കുന്ന റെയ്നയുടെ പിതാവിന്റെ സഹോദരിയും കുടുംബവുമാണ് ആക്രമിക്കപ്പെട്ടത്.
ആക്രമണത്തിൽ ഗുരുതരമായി പരുക്കേറ്റ പിതാവിന്റെ സഹോദരീ ഭർത്താവ് കൊല്ലപ്പെട്ടു. സഹോദരി അതീവ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ ചികിത്സയിലാണ്. ഇവരുടെ രണ്ടു മക്കളുടെയും നില ഗുരുതരമാണ്. മോഷണ ശ്രമത്തിനിടെയാണ് ആക്രമണമെന്നും റിപ്പോർട്ടുണ്ട്. ആക്രമണം നടന്നിട്ട് 10 ദിവസം പിന്നിട്ടെങ്കിലും ഇതുവരെ അക്രമികളെ പിടികൂടാൻ സാധിച്ചിട്ടില്ല.
മാരകമായ ആയുധങ്ങൾ ഉപയോഗിച്ചാണ് അക്രമികൾ റെയ്നയുടെ ബന്ധുക്കളെ ആക്രമിച്ചതെന്നാണ് റിപ്പോർട്ട്. വീടിന്റെ ടെറസിൽ ഉറങ്ങിക്കിടക്കുമ്പോഴാണ് അർധരാത്രിയിൽ ഇവർക്കുനേരെ ആക്രമണം ഉണ്ടായതെന്ന് ‘ദൈനിക് ജാഗരൺ’ റിപ്പോർട്ട് ചെയ്തു. കുപ്രസിദ്ധ കുറ്റവാളി കാലെ കച്ചേവാലയുടെ സംഘാംഗങ്ങളാണ് ആക്രമണത്തിന് പിന്നിലെന്നാണ് പൊലീസ് നൽകുന്ന സൂചന.
കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ യുഎഇയിലേക്ക് മാറ്റിയ ഐപിഎൽ 13–ാം സീസണിനായി അവിടെയെത്തിയ റെയ്ന, ‘വ്യക്തിപരമായ കാരണങ്ങളാൽ’ ഇന്ത്യയിലേക്ക് മടങ്ങിയതായി അദ്ദേഹത്തിന്റെ ടീമായ ചെന്നൈ സൂപ്പർ കിങ്സ് ഇന്ന് സ്ഥിരീകരിച്ചിരുന്നു. ഈ സീസണിൽ റെയ്ന കളിക്കില്ലെന്ന് വ്യക്തമാക്കുകയും ചെയ്തു. ഇതിനിടെയാണ് 19–ാം തീയതി റെയ്നയുടെ കുടുംബത്തിനു നേരെ നടന്ന ആക്രമണത്തിന്റെ വിശദാംശങ്ങൾ പുറത്തുവരുന്നത്.