കൊച്ചി: സെപ്റ്റംബര്‍ ഏഴുമുതല്‍ കൊച്ചി മെട്രോ സര്‍വീസ് പുനരാരംഭിക്കും. അൺലോക്ക് പദ്ധതിയുടെ നാലാം ഘട്ടത്തിലാണ് മെട്രോ റെയിൽ സർവീസിന് കേന്ദ്രം അനുമതി നല്‍കിയത്. രാവിലെ ഏഴ് മുതല്‍ രാത്രി എട്ട് വരെയായിരിക്കും സര്‍വീസുകള്‍. 20 മിനിറ്റ് ഇടവേളകളില്‍ ട്രെയിന്‍ സര്‍വീസുണ്ടാകും. കൊറോണ പ്രോട്ടോക്കള്‍ പാലിച്ചായിരിക്കും പ്രവര്‍ത്തനം.
സംസ്ഥാനങ്ങളും വിവിധ മന്ത്രാലയങ്ങളുമായി നടത്തിയ വിപുലമായ ചർച്ചകൾക്ക് ഒടുവിലാണ് അൺലോക്ക് നാലാം ഘട്ടം പ്രഖ്യാപിക്കുന്നത്. സെപ്റ്റംബര്‍ ഒന്ന് മുതൽ പല ദിവസങ്ങളിലായി പുതിയ നിർദേശങ്ങൾ നടപ്പാക്കി തുടങ്ങും.
സാംസ്കാരിക-കായിക-വിനോദ-സാമൂഹിക- ആത്മീയ-രാഷ്ട്രീയ യോഗങ്ങൾക്കും കൂട്ടായ്മകൾക്കും അനുമതി. പരമാവധി നൂറ് പേർക്ക് വരെ ഇത്തരം പരിപാടികളിൽ പങ്കെടുക്കാം. പങ്കെടുക്കുന്ന എല്ലാവരും മാസ്ക് ധരിക്കുകയും സാമൂഹിക അകലം പാലിക്കുകയും വേണം. പരിപാടിക്ക് പങ്കെടുക്കുന്നവർക്ക് തെർമൽ പരിശോധന നിർബന്ധം. ഹാൻഡ് വാഷും സാനിറ്റൈസറും ഉപയോഗിക്കണം.