കേന്ദ്രവിലക്ക് മറികടന്ന് സർവ്വകലാശാലകളിൽ സ്വന്തക്കാരെ അധ്യാപകരായി നിയമിക്കാൻ തിരക്കിട്ട നീക്കം; പ്രതിഷേധം ശക്തം

തിരുവനന്തപുരം: കൊറോണ കാലത്ത് ഓൺലൈൻ ഇന്റർവ്യൂവിലൂടെ അധ്യാപക നിയമനങ്ങൾ നടത്തുന്നത് കേന്ദ്രസർക്കാർ തടഞ്ഞിട്ടും യാതൊരു ചട്ടങ്ങളും കൂടാതെ കേരളത്തിലെ സർവ്വകലാശാലകൾ വ്യാപകമായി ഇന്റർവ്യൂകൾ നടത്താനുള്ള തിരക്കിലാണ്. ഓണം അവധിക്കുശേഷം ഇന്റർവ്യൂകൾ പുനരാരംഭിക്കാനിരിക്കയാണ് മിക്ക സർവ്വകലാശാലകളും. അർഹരായ നിരവധി പേരെ തഴഞ്ഞ് വഴിവിട്ട മാർഗങ്ങളിലൂടെ നടക്കാൻ പോകുന്ന നിയമനത്തിനെതിരേ പ്രതിഷേധം വ്യാപകമായിട്ടുണ്ട്.

കണ്ണൂർ സർവകലാശാലയും തുടർന്ന് കുസാറ്റുമാണ് ഓൺലൈൻ ഇന്റർവ്യൂ ഇതിനകം നടത്തിക്കഴിഞ്ഞത്. കാലിക്കറ്റ്‌ യൂണിവേഴ്സിറ്റി ഓൺലൈൻ ഇന്റർവ്യൂവിന്റെ പ്രാരംഭ നടപടികൾ ആരംഭിച്ചിട്ടുണ്ട്.

തദ്ദേശ സ്വയംഭരണ, നിയമസഭാ തെരഞ്ഞെടുപ്പുകൾ മുന്നിൽകണ്ട് പരമാവധി സിപിഎം അധ്യാപകരെ സർവകലാശാലകളിൽ വഴിവിട്ട മാർഗങ്ങളിലൂടെ നിയമിക്കാനാണ് ഇപ്പോൾ ശ്രമം നടക്കുന്നത്. 380ഓളം തസ്തികകളാണ് ഇതിനകം വിജ്ഞാപനം ചെയ്തിട്ടുള്ളത്.

സർവകലാശാല നിയമങ്ങളിൽ വ്യവസ്ഥകളിലില്ലെന്നത് കണക്കിലെടുത്ത് കേന്ദ്രസർക്കാർ നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിൽ ഓൺലൈൻ ഇന്റർവ്യൂ തടയ ണമെന്നുമാവശ്യപ്പെട്ടു ചാൻസിലർ കൂടിയായ ഗവർണർക്ക് പല സംഘടനകളും നിവേദനം നൽകിയിട്ടും അദ്ദേഹം സർവകലാശാലകളുടെ നിലപാട് അംഗീകരിച്ചത് ഏറെ ആക്ഷേപങ്ങൾക്കിടയാക്കിയിട്ടുണ്ട്. ഗവർണറുടെ നടപടി ദൗർഭാഗ്യകരമാണെന്നും സർവകലാശാല അധ്യാപക നിയമനങ്ങളിൽ വ്യാപക ക്രമക്കേടുകൾക്കും അഴിമതിക്കും ഇത് വഴിവച്ചിരിക്കുകയാണെന്നും സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി ആരോപിച്ചു.