ഹോളിവുഡ് നടന്‍ ചാഡ് വിക്ക് ബോസ്മന്‍ അന്തരിച്ചു

ന്യൂയോര്‍ക്ക് : ഹോളിവുഡ് നടന്‍ ചാഡ് വിക്ക് ബോസ്മന്‍ അന്തരിച്ചു. 43 വയസ്സായിരുന്നു. ഹിറ്റ് ചിത്രം ബ്ലാക്ക് പാന്തറിലെ നായക വേഷത്തിലൂടെയാണ് ബോസ്മന്‍ ജനപ്രീതിയാര്‍ജ്ജിച്ചത്. വയറ്റിലെ ക്യാന്‍സര്‍ ബാധയെ തുടര്‍ന്ന് നാലുവര്‍ഷമായി ചികില്‍സയിലായിരുന്നു.

ദി എക്‌സ്പ്രസ്, ദ കില്‍ ഹോള്‍, 42, ഡ്രാഫ്റ്റ് ഡേ, ഗെറ്റ് ഓണ്‍ അപ്പ്, ഗോഡ്‌സ് ഓഫ് ഈജിപ്റ്റ്, ക്യാപ്റ്റന്‍ അമേരിക്ക : സിവില്‍ വാര്‍, മാര്‍ഷല്‍, അവഞ്ചേഴ്‌സ് : ഇന്‍ഫിനിറ്റി വാര്‍ തുടങ്ങിയവയാണ് പാഡ് വിക്ക് ബോസ്മന്റെ പ്രശസ്ത സിനിമകള്‍.

ലിൻകൺ ഹൈറ്റ്സ് (2008), പേഴ്സൺ അൺനൗൺ (2010) എന്നീ ടെലിവിഷൻ സീരീസുകളിലും ബോസ്മൻ വേഷമിട്ടിട്ടുണ്ട്. സൗത്ത് കരോലീനയിലെ ആൻഡേഴ്സണിൽ 1977 നവംബർ 29 -നാണ് ബോസ്മന്റെ ജനനം. ആഫ്രിക്കൻ അമേരിക്കനായ കാരോലിന്റേയും, ലെറോയ് ബോസ്മാന്റേയും ഏക പുത്രനായിരുന്നു ചാഡ് വിക്ക്. അമ്മ നഴ്സും അച്ഛൻ ടെക്സ്റ്റയിൽ ഫാക്ടറി ജോലിക്കാരനുമായിരുന്നു.

ന്യൂയോർക്ക് സിറ്റിയിലെ ഡിജിറ്റൽ ഫിലിം അക്കാദമിയിൽ നിന്ന് ബിരുദം നേടിയ ബോസ്മൻ, 2008 ൽ അഭിനയ മേഖലയിൽ കാലുറപ്പിക്കാനായി ലോസ് ആഞ്ചലസ്സിലേക്ക് താമസ്സം മാറ്റി. 2003 ൽ തേഡ് വാച്ച് എന്ന ടെലിവിഷൻ പരമ്പരയിലൂടെയാണ് ചാഡ് വിക്ക് ബോസ്മൻ അഭിനയ ജീവിതത്തിന് തുടക്കം കുറിച്ചത്. നിരവധി നാടകങ്ങളും രചിച്ചു. 2008 -ൽ ലിൻകൺ ഹൈറ്റ്സ് എന്ന് സീരിസിൽ പ്രധാന വേഷം അവതരിപ്പിച്ചു,

അതേ വർഷം ദി എക്സപ്രസ്സ് എന്ന ചിത്രത്തിലൂടെ സിനിമയിലേക്കും രം​ഗപ്രവേശം ചെയ്തു. 2013 -ലെ സിനിമയായ 42 -ൽ ബോസ്മൻ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചു. ജാക്കി റോബിൻസൺ എന്ന് ബേസ്ബാൾ കളിക്കാരന്റെ ജീവിതകഥയെ ആസ്പദമാക്കി എടുത്ത സിനിമയിൽ ജാക്കി റോബിൻസണായി വേഷമിട്ടത് ബോസ്മനായിരുന്നു.