ന്യൂഡെൽഹി: ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് എന്ന ആശയവുമായി ബന്ധപ്പെട്ട് തദ്ദേശ, നിയമസഭ, ലോക്സഭാ തിരഞ്ഞെടുപ്പുകള്‍ക്ക് ഒറ്റ വോട്ടര്‍ പട്ടിക തയ്യാറാക്കാൻ നീക്കം. പ്രധാനമന്ത്രിയുടെ ഓഫീസ് ഇക്കാര്യം ചര്‍ച്ച ചെയ്തു.
ലോക്സഭയിലേക്കും നിയമസഭകളിലേക്കും ഒരുമിച്ച് തെരഞ്ഞെടുപ്പുകള്‍ നടത്തണമെന്നത് ഏറെ കാലമായി പ്രധാനമന്ത്രി നരേന്ദ്രമോദി മുന്നോട്ട് വയ്ക്കുന്ന ആശയമാണ്. എന്നാല്‍ ഒറ്റ വോട്ടർ പട്ടിക തയ്യാറാക്കാൻ ഭരണഘടന ഭേദഗതി ആവശ്യമാണ്. ഇത് സംബന്ധിച്ച നീക്കങ്ങള്‍ കാബിനറ്റ് സെക്രട്ടറി രാജീവ് ഗൌബ, ലെജിസ്ലേറ്റീവ് സെക്രട്ടറി ജി നാരായണ രാജു, പഞ്ചായത്തിരാജ് സെക്രട്ടറി സുനിൽ കുമാർ, സെക്രട്ടറി ജനറൽ ഉമേഷ് സിൻഹ തുടങ്ങിയവരുമായി പ്രധാനമന്ത്രിയുടെ ഓഫീസ് ചര്‍ച്ച ചെയ്തുവെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
തദ്ദേശഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പുകള്‍ക്ക് ചില സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് കമ്മീഷനുകള്‍ക്ക് പ്രത്യേകം വോട്ടര്‍ പട്ടികയുണ്ട്. കേരളമടക്കം എഴ് സംസ്ഥാനങ്ങള്‍ വ്യത്യസ്തമായ വോട്ടര്‍ പട്ടികയാണ് തദ്ദേശഭരണ തെരഞ്ഞെടുപ്പിനായി ഉപയോഗിക്കുന്നത്. ഇവയും കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ വോട്ടര്‍പട്ടികയും തമ്മില്‍ ലയിപ്പിച്ച് ഒറ്റ വോട്ടര്‍ പട്ടികയാക്കാനാണ് കേന്ദ്ര നീക്കം.
കഴിഞ്ഞ വർഷത്തെ ബിജെപി പ്രകടന പത്രികയിലെ പ്രധാനപ്പെട്ട വാഗ്ധാനങ്ങളില്‍ ഒന്നായിരുന്നു പൊതു വോട്ടർ പട്ടിക. ലോക്‌സഭ, സംസ്ഥാന സമ്മേളനങ്ങൾ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ എന്നിവയ്ക്ക് ഒരേസമയം തെരഞ്ഞെടുപ്പ് നടത്തണമെന്നത്.