കള്ളക്കടത്തു സ്വര്‍ണം പിടികൂടിയപ്പോള്‍ നയതന്ത്ര ബാഗേജ് അല്ലെന്നു പറയാന്‍ അനില്‍ നമ്പ്യാര്‍ ഉപദേശിച്ചെന്ന് സ്വപ്‌ന

കൊച്ചി: കള്ളക്കടത്തു സ്വര്‍ണം അടങ്ങിയ കാര്‍ഗോ കസ്റ്റംസ് പിടികൂടിയപ്പോള്‍ അതു നയതന്ത്ര ബാഗേജ് അല്ലെന്നു പറയാന്‍, മാധ്യമ പ്രവര്‍ത്തകനായ അനില്‍ നമ്പ്യാര്‍ ഉപദേശിച്ചിരുന്നതായി മുഖ്യപ്രതി സ്വപ്‌ന സുരേഷ്. സ്വകാര്യ ബാഗേജ് ആണെന്ന് അവകാശപ്പെട്ട് വാര്‍ത്താക്കുറിപ്പ് ഇറക്കാന്‍ കോണ്‍സുല്‍ ജനറലിനോട് ആവശ്യപ്പെടാന്‍ അനില്‍ നമ്പ്യാര്‍ പറഞ്ഞതായി കസ്റ്റംസിന് നല്‍കിയ മൊഴിയില്‍ സ്വപ്‌ന വെളിപ്പെടുത്തി.

”വാര്‍ത്ത കണ്ടാണ് താന്‍ വിളിക്കുന്നത് എന്നാണ് അനില്‍ നമ്പ്യാര്‍ പറഞ്ഞത്. സ്വര്‍ണം അടങ്ങിയ കാര്‍ഗോ നയതന്ത്ര ബാഗേജ് അല്ലെന്നു വാര്‍ത്താക്കുറിപ്പ് ഇറക്കാന്‍ കോണ്‍സുലേറ്റിനോട് ആവശ്യപ്പെടാന്‍ അനില്‍ നമ്പ്യാര്‍ പറഞ്ഞു. അതു സ്വകാര്യ ബാഗേജ് ആണെന്നു പറഞ്ഞാല്‍ മതി. ഇതു ഞാന്‍ കോണ്‍സുല്‍ ജനറലിനോടു പറഞ്ഞു. അദ്ദേഹത്തിന് അനിലിനെ അറിയാം. വാര്‍ത്താക്കുറിപ്പ് എഴുതിത്തരാന്‍ അനിലിനോട് ആവശ്യപ്പെടണമെന്ന് അദ്ദേഹം നിര്‍ദേശിച്ചു. അതനുസരിച്ച് ഞാന്‍ അനിലിനോട് ഇക്കാര്യം പറയുകയും അദ്ദേഹം സമ്മതിക്കുകയും ചെയ്തു.”- സ്വപ്‌നയുടെ മൊഴിയില്‍ പറയുന്നു. എന്നാല്‍ പിന്നീടുണ്ടായ ബഹളത്തില്‍ വാര്‍ത്താക്കുറിപ്പ് എഴുതിവാങ്ങാന്‍ തനിക്കു കഴിഞ്ഞില്ലെന്ന് സ്വപ്‌ന കസ്റ്റംസിനോടു പറഞ്ഞു.

അനില്‍ നമ്പ്യാര്‍ ദുബൈയില്‍ ഒരു വഞ്ചനാ കേസില്‍ പെട്ടപ്പോള്‍ താന്‍ സഹായിച്ചെന്നും അങ്ങനെയാണു പരിചയമെന്നുമാണ് സ്വപ്‌നയുടെ മൊഴിയില്‍ പറയുന്നത്. അറ്റ്‌ലസ് രാമചന്ദ്രനെ ഇന്റര്‍വ്യൂ ചെയ്യുന്നതിനായി ദുബൈയില്‍ പോവണമെന്നും അതുകൊണ്ട് കേസ് തീര്‍പ്പാക്കാന്‍ സഹായിക്കണമെന്നും ആവശ്യപ്പെട്ട് സരിത് മുഖേനയാണ് അനില്‍ നമ്പ്യാര്‍ തന്നെ സമീപിച്ചത്. താന്‍ കോണ്‍സുല്‍ ജനറലിനോടു പറഞ്ഞ് ഇക്കാര്യം ശരിയാക്കിക്കൊടുത്തു. അന്നു മുതലുള്ള സൗഹൃദമാണ്.

ഇന്ത്യയില്‍ യുഎഇ നടത്തുന്ന നിക്ഷേപങ്ങളെക്കുറിച്ച് ഒരിക്കല്‍ അനില്‍ നമ്പ്യാര്‍ ചോദിച്ചിരുന്നു. കോണ്‍സുലേറ്റ് ബിജെപിയെ പിന്തുണയ്ക്കണമെന്നും ആവശ്യപ്പെട്ടു.- മൊഴിയില്‍ പറയുന്നു.

ഇന്നലെ അഞ്ചു മണിക്കൂറാണ് കസ്റ്റംസ് അനില്‍ നമ്പ്യാരെ ചോദ്യം ചെയ്തത്. വേണ്ടിവന്നാല്‍ അനിലിനെ വീണ്ടും ചോദ്യം ചെയ്യുമെന്ന് കസ്റ്റംസ് അറിയിച്ചിട്ടുണ്ട്.