മാനന്തവാടി: കൊറോണ ചികിത്സാ കേന്ദ്രത്തിൽ പാർപ്പിച്ചിരുന്ന അമ്മയ്ക്കും കുഞ്ഞിനും രോഗബാധയുണ്ടായിരുന്നില്ല എന്ന ആരോഗ്യവകുപ്പിന്റെ എസ്എംഎസ് വിവാദമായി. വാളാട് കൂടംകുന്ന് പ്രദേശത്തെ 28 വയസുള്ള സ്ത്രീയെയും മൂന്ന് മാസം പ്രായമുള്ള കുഞ്ഞിനെയും പത്ത് ദിവസമാണ് കൊറോണ ചികിത്സ കേന്ദ്രത്തിൽ താമസിപ്പിച്ചത്. കൊറോണ മുക്തരായെന്ന് കണ്ടതിനെ തുടർന്ന് ഇരുവരും വീട്ടിൽ തിരിച്ചെത്തിയതിന് ശേഷമാണ് ആദ്യ പരിശോധനയിൽ ഫലം നെഗറ്റീവ് ആയിരുന്നെന്ന് സന്ദേശം മൊബൈൽ ഫോണിൽ ലഭിച്ചത്.
ഇതോടെയാണ് രോഗബാധ ഇല്ലാത്ത അമ്മയെയും കുഞ്ഞിനെയുമാണ് അധികൃതർ കൊറോണ ചികിത്സാ കേന്ദ്രത്തിൽ പാർപ്പിച്ചതെന്ന ആരോപണം ഉയർന്നത്.
ജൂലൈ 28നാണ് ഇരുവരുടെയും ആദ്യ ആന്റിജൻ പരിശോധന നടത്തിയത്. ഈ പരിശോധനയിൽ ഇരുവരും നെഗറ്റീവ് ആണെന്നാണ് കണ്ടെത്തിയത്. എന്നാൽ അടുത്ത ദിവസങ്ങളിൽ ഇവരുടെ അടുത്ത ബന്ധുക്കൾക്ക് കൊറോണ സ്ഥിരീകരിച്ചതിനെ തുടർന്ന് ഇരുവരെയും വീണ്ടും പരിശോധിക്കുകയായിരുന്നു. ഈ മാസം 3ന് ആർടിപിസിആർ പരിശോധനയ്ക്ക് വിധേയമാക്കിയപ്പോൾ ഫലം പോസറ്റീവാണെന്ന് ആരോഗ്യ പ്രവർത്തകർ അറിയിച്ചു.ഇതേതുടർന്ന് ഈ മാസം ആറാം തിയതി മുതൽ പത്ത് ദിവസം അമ്മയും കുഞ്ഞും നല്ലൂർനാട് കൊറോണ ചികിത്സാ കേന്ദ്രത്തിൽ കഴിഞ്ഞു.
രോഗം ഭേദമായെന്ന റിപ്പോർട്ടുകൾ ലഭിച്ചതിനെത്തുടർന്നാണ് ഇവർ വീട്ടിലേക്ക് മടങ്ങിയത്. 24 ന് ആരോഗ്യ വകുപ്പ് അയച്ച സന്ദേശത്തിൽ മൂന്നാം തിയതി നടത്തിയ ആർടിപിസിആർ പരിശോധനയിൽ ഫലം നെഗറ്റീവ് ആണെന്ന് കണ്ടതാണ് സംശയമുണ്ടാക്കിയത്. നാട്ടുകാരടക്കം സംഭവത്തിൽ വ്യാപകമായി പ്രതിഷേധം ഉയർത്തി. സംഭവത്തിൽ അന്വേഷണം വേണമെന്ന ആവശ്യവുമായി കോൺഗ്രസ്സും മുസ്ലീംലീഗും രംഗത്തെത്തി. അതേസമയം ഇരുവർക്കും കൊറോണ സ്ഥിരീകരിച്ചിരുന്നതാണെന്നും സാങ്കേതിക പിഴവ് മൂലം തെറ്റായ സന്ദേശം എത്തിയതാണെന്നും വാളാട് പ്രാഥമിക ആരോഗ്യകേന്ദ്രം മെഡിക്കൽ ഓഫിസർ പറഞ്ഞു.