ന്യൂഡെൽഹി: കേന്ദ്ര സാമൂഹിക ക്ഷേമ സഹമന്ത്രി കൃഷൻപാൽ ഗുർജറിന് കൊറോണ സ്ഥിരീകരിച്ചു. ഫരീദാബാദ് എംപി കൂടിയായ ഗുർജർ ട്വിറ്ററിലൂടെയാണ് താൻ കൊറോണ പോസിറ്റീവാണെന്ന് അറിയിച്ചത്.
“ആരോഗ്യപ്രശ്നം ഗൗരവത്തോടെ എടുത്ത് താൻ കഴിഞ്ഞ ദിവസം കൊറോണ പരിശോധന നടത്തിയിരുന്നു. പരിശോധനയിൽ ഫലം പോസിറ്റീവാണ്. കഴിഞ്ഞ ദിവസങ്ങളിൽ അടുത്തിടപെട്ടവർ നിർബന്ധമായും കൊറോണ പരിശോധന നടത്തണ”മെന്ന് മന്ത്രി ട്വീറ്റ് ചെയ്തു. കേന്ദ്ര ജലശക്തി വകുപ്പ് മന്ത്രി ഗജേന്ദ്ര സിങ് ഷെഖാവത്തിനും നേരത്തെ കൊറോണ സ്ഥിരീകരിച്ചിരുന്നു.
ഹരിയാനയിൽ മുൻ മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടർ, വിദാൻ സഭ സ്പീക്കർ ഗ്യാൻ ചന്ദ് ഗുപ്ത എന്നിവരും വൈറസ് ബാധിച്ച് ചികിത്സയിൽ കഴിയുകയാണ്. കൂടാതെ 10 ഓളം നേതാക്കളും ചികിത്സയിലാണ്. കൊറോണ പോസിറ്റീവായ വ്യക്തിയുമായി അടുത്തിടപഴകിയ ഹരിയാന കോൺഗ്രസ് പ്രസിഡൻറ് കുമാരി ഷെൽജ സ്വവസതിയിൽ ക്വാറൻറീനിൽ കഴിയുകയാണെന്ന് ട്വിറ്ററിലൂടെ അറിയിച്ചിരുന്നു.