ന്യൂഡെൽഹി: പുൽവാമ ഭീകരാക്രമണത്തിന് മുമ്പും ശേഷവും തീവ്രവാദികൾ തമ്മിൽ തുടർച്ചയായി ആശയവിനിമയം നടത്തിയതായി എൻഐഎ കുറ്റപത്രത്തിൽ വ്യക്തമാക്കി. ചൊവ്വാഴ്ചയാണ് 13,500 പേജുള്ള കുറ്റപത്രം എൻഐഎ സമർപ്പിച്ചത്.
2019 ഫെബ്രുവരി 14ന് നടത്തിയ ഭീകരാക്രമണത്തിന് മുമ്പും ശേഷവുമായി ഭീകരർ 350 ശബ്ദ സന്ദേശങ്ങൾ പരസ്പരം അയച്ചിരുന്നതായും കുറ്റപത്രത്തിൽ പറയുന്നു. തീവ്രവാദികളും അവരെ പാകിസ്താനിൽ ഇരുന്നു നിയന്ത്രിച്ചവരും തമ്മിലാണ് ആശയ വിനിമയം നടന്നിട്ടുള്ളത്.
ബാലാക്കോട്ട് വ്യോമാക്രണത്തിന് ശേഷം ധനസഹായത്തെക്കുറിച്ചും യുദ്ധ വിമാനങ്ങളുടെ നീക്കങ്ങളെക്കുറിച്ചും പുൽവാമ ആക്രമണ വീഡിയോ പ്രചാരണത്തിനായി ഉപയോഗിക്കുന്നതിനെക്കുറിച്ചും സന്ദേശങ്ങൾ കൈമാറിയതായി എൻഐഎ കുറ്റപത്രത്തിൽ വ്യക്തമാക്കുന്നു.
ആക്രമണത്തിന് ധനസഹായം നൽകാൻ വേണ്ടി പാക്കിസ്ഥാനിലെ ഒരു ബാങ്ക് അക്കൗണ്ടിൽ പണം നിക്ഷേപിക്കണമെന്ന് ജെയ്ഷ് മേധാവി മൗലാന മസൂദ് അസ്ഹറിന്റെ അനന്തരവൻ മുഹമ്മദ് ഉമർ ഫാറൂഖ് റൂഫ് അസ്ഗറിനോടും അസ്ഹറിന്റെ സഹോദരന്മാരായ അമ്മർ ആൽവിയോടും ആവശ്യപ്പെടുന്നതും ഇവർ തമ്മിൽ കൈമാറിയ സന്ദേശത്തിൽ ഉണ്ട്.
ആക്രമണത്തിന് മുന്‍പും ശേഷവും പദ്ധതി തയാറാക്കിയ ഭീകരര്‍ക്ക് ജെയ്‌ഷെ മുഹമ്മദിന്റെ നേതാക്കളായ മസൂദ് അസര്‍, റൂഫ് അസ്ഗര്‍, അമര്‍ അല്‍വി, ചോട്ട മസൂദ് എന്നിവര്‍ നിരന്തരം നിര്‍ദ്ദേശങ്ങള്‍ നല്‍കിയതായും എന്‍ഐഎ കണ്ടെത്തിയിട്ടുണ്ട്.
അതേസമയം ഭീകരരെ സഹായിച്ചത് ഇന്‍ഷാ ജാന്‍ എന്ന 23കാരിയാണെന്ന് എന്‍ഐഎ കണ്ടെത്തി. പുല്‍വാമ ആക്രമണത്തിന്റെ മുഖ്യ സൂത്രധാരന്‍മാരുമായി ഇന്‍ഷയ്ക്കുള്ള ബന്ധവും എന്‍ഐഎ കുറ്റപത്രത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഭീകരരെ ഇന്‍ഷ ഒന്നിലേറെ തവണ വീട്ടില്‍ പാര്‍പ്പിക്കുകയും ഭക്ഷണവും താമസവും നല്‍കി സഹായിക്കുകയും ചെയ്‌തെന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്.