മത്തായിയുടെ കസ്റ്റഡി മരണം ; അന്വേഷണം വേഗത്തിലാക്കാൻ സിബിഐ

പത്തനംതിട്ട: ചിറ്റാറിൽ ഫോറസ്റ്റ് കസ്റ്റഡിയിലിരിക്കെ മരിച്ച മത്തായിയുടെ കേസിൽ അന്വേഷണം വേഗത്തിലാക്കാൻ സിബിഐ നടപടി തുടങ്ങി. മൃതദേഹം റീ പോസ്റ്റുമോർട്ടം ചെയ്യാൻ സിബിഐ സ്വതന്ത്ര ഡോക്ടർമാരുടെ പാനൽ ഉടൻ രൂപീകരിക്കും. അടുത്തദിവസം തന്നെ പ്രഥമ വിവര റിപ്പോർട്ട് രേഖപ്പെടുത്തി സിബിഐ അന്വേഷണം തുടങ്ങും. റാന്നി മാർത്തോമ്മാ മെഡിക്കൽ മിഷൻ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മത്തായിയുടെ മൃതദേഹം വീണ്ടും പോസ്റ്റ്‌മോർട്ടം ചെയ്യാനുള്ള നടപടികളും തുടങ്ങിയിട്ടുണ്ട്. സിബിഐ അന്വേഷണം ഏറ്റെടുത്തതോടെ നീതി കിട്ടുമെന്ന പ്രതീക്ഷയിലാണ് മത്തായിയുടെ കുടുംബം.

അവ്യക്തതയുടെ പേരിൽ അന്വേഷണം തുടങ്ങാനുണ്ടായ സാങ്കേതിക തടസം നീങ്ങിയതോടെയാണ് മത്തായിയുടെ മരണത്തിൽ സിബിഐ തുടർനടപടികൾ ആരംഭിച്ചത്. മൃതദേഹം സിബിഐ ഏറ്റെടുക്കും. നടപടിക്രമങ്ങളിൽ സിബിഐയുടെ ബുദ്ധിമുട്ട് മനസിലാക്കുന്നുവെന്നും എന്നാൽ കേസ് ഏറ്റെടുത്ത് ഉടൻ അന്വേഷണം തുടങ്ങണമെന്നും ഡിവിഷൻ ബെഞ്ച് ഉത്തരവിട്ടിരുന്നു.

ഇതോടെയാണ് അന്വേഷണം ഉടൻ തുടങ്ങാൻ സിബിഐ തീരുമാനിച്ചത്.മത്തായിയുടെ മരണം സംബന്ധിച്ച കേസ് ഡയറി, പൊലീസ് പ്രത്യേക ദൂതൻ മുഖേന സിബിഐക്ക് കൈമാറി. ഡയറി കൈമാറാൻ സിബിഐയുടെ അപേക്ഷ വേണമെന്ന് ആദ്യം പൊലീസ് നിർബന്ധം പിടിച്ചിരുന്നു.

കേസിന്റെ കേസിന്റെ മുഴുവൻ രേഖകളും സി ബി ഐ കൈമാറാൻ ഡിജിപി ഉത്തരവിട്ടതോടെയാണ് പ്രത്യേക ദൂതൻ വഴി രേഖകൾ തിരുവനന്തപുരത്ത് എത്തിച്ചത്. ജൂലൈ 28നാണ് ഫോറസ്റ്റ് ഉദ്യോഗസ്ഥർ കസ്റ്റഡിയിലെടുത്ത മത്തായിയെ കുടുംബവീടിനുസമീപമുള്ള കിണറ്റിൽ മരിച്ച നിലയിൽ കണ്ടത്.