ഹൈദരബാദ്: സ്മാർട്ട്ഫോണുകളുമായി വന്ന ലോറി കൊള്ളയടിച്ചു. രണ്ടു കോടിയോളം രൂപ വിലവരുന്ന സ്മാർട്ട് ഫോണുകളാണ് കൊള്ളയടിച്ചത്. മുംബൈയിലേക്ക് പോയ ലോറിയാണ് ഡ്രൈവറെ കെട്ടിയിട്ട ശേഷം കൊള്ളയടിച്ചതെന്ന് പൊലീസ് പറഞ്ഞു. ബുധനാഴ്ച രാവിലെ ആന്ധ്രാപ്രദേശിലെ ചിറ്റൂരിലാണ് സംഭവം.
ഷവോമി മൊബൈൽ നിർമാതാക്കളുടെ ശ്രീപെരുംപുത്തൂരിലെ ഉൽപ്പാദന യൂണിറ്റിൽ നിന്ന് മുംബൈയിലേക്ക് മൊബൈലുകളുമായി പോവുകയായിരുന്നു ലോറി. രാത്രി തമിഴ്‌നാട് – ആന്ധ്ര അതിർത്തിയിൽ എത്തിയപ്പോൾ മറ്റൊരു ലോറി വഴിയിൽ ഇവരെ തടഞ്ഞു. തുടർന്ന് വാഹനത്തിന്റെ ഡ്രൈവറായ ഇർഫാനെ കെട്ടിയിട്ട്, മർദിച്ച് അവശനാക്കി പുറത്തേക്ക് എറിയുകയായിരുന്നുവെന്ന് എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നു.
സംഭവത്തിനു പിന്നാലെ നാട്ടുകാരുടെ സഹായത്തോടെ ഇർഫാൻ പൊലീസ് സ്‌റ്റേഷനിലെത്തി വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് നടന്ന അന്വേഷണത്തിൽ ഇന്ന് രാവിലെ നാരായവനത്തിനും പുത്തുരിനും ഇടയിൽ ലോറി കണ്ടെത്തി. 16 ബണ്ടിൽ മൊബൈൽ ഫോണുകളിൽ 8 എണ്ണം കൊള്ളയടിക്കപ്പെട്ടതായി കണ്ടെത്തി. ഇതിന് രണ്ടുകോടിയോളം രൂപ വില വരുമെന്ന് അധികൃതർ പറഞ്ഞു.
നിലവിൽ ഇർഫാൻ കസ്റ്റഡിയിൽ ആണെന്നും അന്വേഷണം നടക്കുകയാണെന്നും പൊലീസ് അറിയിച്ചു. ശ്രീപെരുംപുത്തൂരിലെ കമ്പനിയിൽ നിന്ന് പ്രതിനിധികൾ വൈകുന്നേരം മൂന്നരയോടെ നഗരിയിൽ എത്തി നാശനഷ്ടങ്ങൾ വിലയിരുത്തി.