ഇന്ത്യൻ റെയിൽവേയുടെ കാർബൺ പ്രസരണം 2030-ഓടെ പൂജ്യമാകുമെന്ന് കേന്ദ്ര റെയിൽവേ മന്ത്രി

ന്യൂഡെൽഹി : ഇന്ത്യൻ റെയിൽവേയുടെ കാർബൺ പ്രസരണം 2030-ഓടെ പൂജ്യമാകുമെന്ന് കേന്ദ്ര റെയിൽവേ മന്ത്രി പീയൂഷ് ഗോയൽ. ഇതിനു വേണ്ടിയുള്ള നടപടിക്രമങ്ങൾ റെയിൽവേ ആരംഭിച്ചു കഴിഞ്ഞു എന്നും ഗോയൽ വ്യക്തമാക്കി. ഓരോ സ്ഥലങ്ങളിൽ ഏതാണ്ട് 8 ബില്യൺ യാത്രക്കാരെയും 1.2 ബില്യൺ ടൺ ചരക്കുമാണ് പ്രതിവർഷം ഇന്ത്യൻ റെയിൽവേ എത്തിക്കുന്നത്. 2030-ഓടെ ഇന്ത്യൻ റെയിൽവേയുടെ അന്തരീക്ഷത്തിലേക്കുള്ള കാർബൺ പ്രസരണം പൂജ്യമാകും.

ഇത്തരത്തിൽ ആകുന്ന ലോകത്തിലെ ആദ്യ റെയിൽവേ സംവിധാനമായി ഇന്ത്യൻ റെയിൽവേ മാറുമെന്ന് പിയൂഷ് ഗോയൽ ട്വിറ്ററിലൂടെ അറിയിച്ചു. യുഎസ്, റഷ്യ, ചൈന എന്നിവയ്ക്ക് ശേഷം ലോകത്തിലെ നാലാമത്തെ ഏറ്റവും വലിയ റെയിൽവേ ശൃംഖലയാണ് ഇന്ത്യയുടേത്. ഇന്ത്യൻ റെയിൽ ശൃംഖലയിൽ 67,368 കിലോമീറ്റർ ട്രാക്കുകളും 7,300 സ്റ്റേഷനുകളുമുണ്ട്.

2023 ഡിസംബറോടെ 100 ശതമാനം വൈദ്യുതീകരിച്ച ട്രെയിൻ ശൃംഖല സാധ്യമാകും. ലോകത്തിലെ ആദ്യത്തെ റെയിൽ‌വേ ഡീസൽ രഹിതവും 100 ശതമാനം വൈദ്യുതി ഉപയോഗിച്ചുള്ളതും ആയിരിക്കും ഇതെന്ന് ഗോയൽ കൂട്ടിച്ചേർത്തു.

റെയിൽ ശൃംഖലയുടെ 100% വൈദ്യുതീകരണം ട്രെയിനുകളുടെ ശരാശരി വേഗത വർദ്ധിപ്പിക്കാൻ സഹായിക്കുമെന്ന് വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നു.