നഷ്ടപരിഹാര തര്‍ക്കങ്ങൾക്കിടെ ജിഎസ്‌ടി കൗണ്‍സിൽ യോഗം ഇന്ന്; ബിജെപി ഇതര സംസ്ഥാനങ്ങൾ പ്രതിഷേധത്തിന്

ന്യൂഡെൽഹി : സംസ്ഥാനങ്ങൾക്ക് നൽകാനുള്ള ജിഎസ്‌ടി നഷ്ടപരിഹാരത്തെ ചൊല്ലി തുടരുന്ന തര്‍ക്കങ്ങൾക്കിടെ ജിഎസ്‌ടി കൗണ്‍സിൽ യോഗം ഇന്ന് ചേരും. കൊറോണ പ്രതിസന്ധികൾക്കിടെ കേന്ദ്രം പണം നൽകാത്തത് സംസ്ഥാനങ്ങളെ സാമ്പത്തികമായി ശ്വാസം മുട്ടിക്കുന്ന സാഹചര്യത്തിൽ ഇന്നത്തെ യോ​ഗത്തിൽ ബിജെപി ഇതര സംസ്ഥാനങ്ങൾ കടുത്ത എതിർപ്പ് ഉയർത്തിയേക്കും.

കേന്ദ്രത്തിനെതിരെ ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങൾ പോലും പ്രതിഷേധിക്കുമെന്നാണ് സൂചന. വീഡിയോ കോണ്‍ഫറൻസിംഗ് വഴിയാണ് യോഗം. ജിഎസ്‌ടി നഷ്ടപരിഹാരം നിലവിലെ രീതിയിൽ സംസ്ഥാനങ്ങൾക്ക് നൽകാനാകില്ലെന്ന് കേന്ദ്രം നേരത്തെ വ്യക്തമാക്കിയിരുന്നു. ഇത് വലിയ പ്രതിഷേധങ്ങൾക്കാണ് വഴിവെച്ചത്.

നികുതി വരുമാനത്തിലെ 14 ശതമാനം വര്‍ദ്ധന കണക്കാക്കിയാണ് കേന്ദ്രം ഓരോ വര്‍ഷവും സംസ്ഥാനങ്ങൾക്ക് നഷ്ടപരിഹാരം നൽകേണ്ടത്. ലോക്ക് ഡൗണായതിനാൽ നഷ്ടപരിഹാരം നൽകാനായി ഏര്‍പ്പെടുത്തിയ സെസിൽ നിന്ന് വരുമാനം കിട്ടിയില്ലെന്നാണ് കേന്ദ്ര നിലപാട്. കേരളത്തിന് ഇതുവരെ 7300 കോടി രൂപയുടെ കുടിശ്ശികയാണ് കിട്ടാനുള്ളത്. ഇതോടൊപ്പം കൂടുതൽ ഉല്പന്നങ്ങൾക്കുമേൽ പുതിയ സെസുകൾ ചുമത്തുന്നത് സംബന്ധിച്ച ചര്‍ച്ചകളും യോഗത്തിൽ നടക്കും.