കൊറോണ പ്രതിരോധം; കൊവിഷീല്‍ഡ് വാക്‌സിന്റെ രണ്ടാംഘട്ട പരീക്ഷണം ഇന്ത്യയിൽ തുടങ്ങി

ന്യൂഡെൽഹി: കൊറോണയെ പ്രതിരോധിക്കാൻ ഓക്‌സ്‌ഫോര്‍ഡ് സര്‍വകലാശാലയുടെ കൊവിഷീല്‍ഡ് വാക്‌സിന്റെ രണ്ടാംഘട്ട പരീക്ഷണം രാജ്യത്ത് ആരംഭിച്ചു. പുനെയിലെ ഭാരതി വിദ്യാപീഠ മെഡിക്കല്‍ കോളജിലാണ് മനുഷ്യരില്‍ വാക്‌സിന്‍ കുത്തിവച്ചത്. തമിഴ്‌നാട്ടിലെ രണ്ട് ആശുപത്രികള്‍ വാക്‌സിന്‍ പരീക്ഷണത്തില്‍ ചേരുമെന്ന് ആരോഗ്യമന്ത്രി ഡോ സി. വിജയഭാസ്‌കര്‍ പറഞ്ഞു.

ഓക്‌സ്ഫഡ് സര്‍വ്വകലാശാലയും ആസ്ട്ര സെനേകയും ചേര്‍ന്ന് വികസിപ്പിച്ചതാണ് കൊറോണ വാക്‌സിനായ കോവിഷീല്‍ഡ്. ഇത് ഉല്‍പ്പാദിപ്പിക്കാനുളള അനുമതി മാത്രമാണ് പൂനെ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സെറം കമ്പനിക്ക് കേന്ദ്രത്തില്‍ നിന്ന് ലഭിച്ചത്.

ഭാവിയെ മുന്നില്‍ കണ്ട് വാക്‌സിന്‍ സ്‌റ്റോക്ക് ചെയ്യാനും അനുവദിച്ചിട്ടുണ്ട്. വാക്‌സിന്‍ പരീക്ഷണം വിജയകരമായി പൂര്‍ത്തിയാക്കിയാല്‍ കോവിഷീല്‍ഡിന്റെ വാണിജ്യാടിസ്ഥാനത്തിലുളള ഉല്‍പ്പാദനം കമ്പനി ആരംഭിക്കും. എന്നാല്‍ വിവിധ അനുമതികള്‍ക്ക് വിധേയമായി മാത്രമേ മരുന്ന് വിപണിയില്‍ എത്തിക്കുകയുളളൂവെന്നും കമ്പനി വ്യക്തമാക്കി. വാക്‌സിന്‍ ഫപ്രദമാണെന്ന് തെളിഞ്ഞാല്‍ മാത്രമേ വാക്‌സിന്റെ ലഭ്യത ഉറപ്പുവരുത്തുകയുളളൂവെന്നും സെറം വ്യക്തമാക്കി.

നിലവില്‍ വാക്‌സിന്‍ പരീക്ഷണത്തിന്റെ രണ്ടും മൂന്നും ഘട്ടങ്ങള്‍ക്കായി ക്ലിനിക്കല്‍ ട്രയല്‍സ് രജിസ്ട്രറി ഓഫ് ഇന്ത്യയില്‍ കമ്പനി രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഈ രണ്ടു ഘട്ടങ്ങളിലുളള പരീക്ഷണത്തിന് ഓഗസ്റ്റ് മൂന്നിന് ഡ്രഗ്‌സ് കണ്‍ട്രോളര്‍ കമ്പനിക്ക് അനുമതി നല്‍കിയിട്ടുണ്ട്. ആരോഗ്യമുളള 1600 ആളുകളില്‍ വാക്‌സിന്‍ പരീക്ഷണം നടത്തുമെന്നും കമ്പനി അറിയിച്ചു.