കൊച്ചി: സ്വര്‍ണക്കടത്തു കേസുമായി ബന്ധപ്പെട്ട് ബിജെപി അനുകൂല ചാനലായ ജനം ടിവിയുടെ കോര്‍ഡിനേറ്റിംഗ് എഡിറ്റര്‍ അനില്‍ നമ്പ്യാരെ കസ്റ്റംസ് ചോദ്യം ചെയ്ത് വിട്ടയച്ചു. അഞ്ചുമണിക്കൂര്‍ നേരമാണ് ചോദ്യം ചെയ്തത്.മൊഴി വിലയിരുത്തിയ ശേഷം വീണ്ടും ചോദ്യം ചെയ്യാന്‍ വിളിപ്പിക്കുന്നത് ഉള്‍പ്പെടെയുളള കാര്യങ്ങളില്‍ തീരുമാനമെടുക്കുമെന്നാണ് കസ്റ്റംസ് അധികൃതര്‍ നല്‍കുന്ന സൂചന.
കേസിലെ രണ്ടാം പ്രതി സ്വപ്ന സുരേഷുമായുള്ള ഇദ്ദേഹത്തിന്റെ ബന്ധം വ്യക്തമായതിനെ തുടര്‍ന്ന് കസ്റ്റംസ് കഴിഞ്ഞ ദിവസം ഹാജരാകാന്‍ നോട്ടിസ് നല്‍കിയിരുന്നു. തുടര്‍ന്നാണ് ഇന്ന് കൊച്ചിയിലെ ഓഫീസില്‍ മൊഴി നല്‍കാന്‍ ഹാജരായത്. സ്വര്‍ണക്കടത്തു കേസില്‍ മുഖ്യമന്ത്രിയുടെ ഐടി ഫെലോ ആയിരുന്ന അരുണ്‍ ബാലചന്ദ്രനോടും ഇന്ന് ഹാജരാകാന്‍ ആവശ്യപ്പെട്ടെങ്കിലും എത്തിയില്ല.