പഞ്ചാബിൽ 23 എം.എല്‍.എമാര്‍ക്ക് കൊറോണ വൈറസ് ബാധ

ചണ്ഡിഗഡ്: പഞ്ചാബിൽ 23 എം.എല്‍.എമാര്‍ക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതായി പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗ് അറിയിച്ചു. അതേസമയം, രാജ്യത്തെ കൊറോണ ബാധിതരുടെ എണ്ണം 32 ലക്ഷം കടന്നു.

രാജ്യത്ത് ആകെ പോസിറ്റീവ് കേസുകള്‍ 3,234,474 ആയി. ആകെ മരണം 59,449. ഇരുപത്തിനാല് മണിക്കൂറിനിടെ 67,151 പോസിറ്റീവ് കേസുകളും 1059 മരണവും റിപ്പോര്‍ട്ട് ചെയ്തു. മഹാരാഷ്ട്രയില്‍ 14,888 പുതിയ രോഗികള്‍. 295 മരണം. ആകെ രോഗബാധിതര്‍ 718,711ഉം, മരണം 23,089ഉം ആയി. മഹാരാഷ്ട പി.എസ്.സി പരീക്ഷകള്‍ ഇനിയൊരു ഉത്തരവുണ്ടാകുന്നത് വരെ മാറ്റിവച്ചു.

ആന്ധ്രയില്‍ 10,830, കര്‍ണാടകയില്‍ 8,580, തമിഴ്‌നാട്ടില്‍ 5,958 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഡെല്‍ഹിയില്‍ ഒരു ഇടവേളയ്ക്ക് ശേഷം രോഗികളുടെ എണ്ണം വര്‍ധിക്കുകയാണ്.

അസം മുന്‍മുഖ്യമന്ത്രി തരുണ്‍ ഗൊഗോയിക്ക് കൊറോണ സ്ഥിരീകരിച്ചു. അതേസമയം, രോഗമുക്തി നിരക്ക് 76.29 ശതമാനമായി ഉയര്‍ന്നു. 24 മണിക്കൂറിനിടെ 63,173 പേര്‍ രോഗമുക്തരായി. മരണനിരക്ക് 1.84 ശതമാനമായി തുടരുകയാണ്.