സംസ്ഥാനത്ത് നഗരവനങ്ങള്‍ വിപുലമാക്കും: മന്ത്രി കെരാജു

തിരുവനന്തപുരം: സംസ്ഥാനത്ത് കൂടുതല്‍ നഗരവനങ്ങള്‍ സൃഷ്ടിക്കുമെന്ന് വനംമന്ത്രി അഡ്വ കെ രാജു പറഞ്ഞു. നഗരങ്ങളില്‍ പുറന്തളപ്പെടുന്ന കാര്‍ബണ്‍ ഡൈ ഓക്‌സൈഡ് ആഗിരണം ചെയ്ത് പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ ലഘൂകരിക്കുകയാണ് ലക്ഷ്യം.കാലാവസ്ഥാവ്യതിയാനവും ആഗോളതാപനവും കുറക്കുന്നതിന് രാജ്യത്തിന്റെ മൂന്നിലൊരുഭാഗം വനമോ വൃക്ഷാവരണമോ ആയി സൂക്ഷിക്കാന്‍ അന്താരാഷ്ട്ര ഉടമ്പടി നിലവിലുണ്ട്. കേരളം ഇതിനകം ലക്ഷ്യപ്രാപ്തിയിലേക്കെത്തിയെന്നും അഭിമാനകരമായ നേട്ടമാണിതെന്നും അദ്ദേഹം പറഞ്ഞു.

വന മഹോത്സവങ്ങളുടെ ഭാഗമായി സംസ്ഥാനത്ത് നാല് നഗരവനങ്ങള്‍ സ്ഥാപിച്ചു കഴിഞ്ഞു. കുറഞ്ഞത് അഞ്ചുസെന്റ് സ്ഥലമെങ്കിലും ലഭ്യമായ നഗരങ്ങളില്‍ സ്വഭാവിക ചെറുവനമാതൃകകള്‍ സൃഷ്ടിക്കുകയാണ് ലക്ഷ്യം. കേന്ദ്രവും നഗരവന പദ്ധതി മുന്നോട്ട് വയ്ക്കുന്നുണ്ട്. കുറഞ്ഞത് പത്ത് ഹെക്ടര്‍ വിസ്തീര്‍ണ്ണമുള്ള സ്ഥലം വേണ്ടുന്ന നഗര്‍വന്‍ യോജന, ജനസാന്ദ്രത കൂടിയ നമ്മുടെ സംസ്ഥാനത്ത് പ്രയോഗികമല്ല. ഇക്കാര്യത്തില്‍ സംസ്ഥാനത്തിന് പ്രത്യേക പരിഗണനയും ഇളവും നല്‍കണമെന്ന് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനത്തെ സ്‌കുളുകളിലും വനവല്‍ക്കരണ പരിപാടി കാര്യക്ഷമമാക്കിയിട്ടുണ്ട്. ഇതിനോടകം 21 വിദ്യാവനങ്ങള്‍ പൂര്‍ത്തിയാക്കി കഴിഞ്ഞു. കൂടുതല്‍ സ്‌കൂളുകളിലേക്ക് പദ്ധതി വ്യാപിപ്പിക്കും.

ആലപ്പുഴ കൊമ്മാടിയില്‍
വനം വകുപ്പ് നിർമ്മിക്കുന്ന പുതിയ ഓഫീസ് സമുച്ചയത്തിന്റെ ശിലാസ്ഥാപനച്ചടങ്ങ് വീഡിയോ കോൺഫറൻസിലൂടെഅദ്ധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി രാജു. സാമൂഹ്യവനവല്‍ക്കരണ വിഭാഗത്തിന്റെ ഡിവിഷന്‍ ഓഫീസ് റെയിഞ്ച് ഓഫീസ് ജില്ലാ വിജ്ഞാനവ്യാപനകേന്ദ്രം എന്നിവയുടെ ശിലാസ്ഥാപന കര്‍മ്മം ധനകാര്യ കയര്‍ വകുപ്പ് മന്ത്രി ഡോ ടി എം തോമസ് ഐസക് വീഡിയോ കോണ്‍ഫറന്‍സിലൂടെ നിര്‍വഹിച്ചു.