തിരുവനന്തപുരം: സെക്രട്ടറിയേറ്റിലെ തീപിടിത്തം സ്വര്‍ണക്കടത്ത് കേസിലെ എന്‍ഐഎ അന്വേഷണത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തണം എന്നാവശ്യപ്പെട്ട് എന്‍ കെ പ്രേമചന്ദ്രന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു. ഉദ്യോഗസ്ഥര്‍ക്ക് നേരെ അന്വേഷണം നീളുന്നതിനിടെയാണ് തീപിടിത്തം സംഭവിച്ചതെന്നും തീപിടിത്തം തെളിവ് നശിപ്പിക്കാനുള്ള ശ്രമമാണെും പ്രേമചന്ദ്രന്‍ കത്തില്‍ ആരോപിച്ചു. പ്രധാനമന്ത്രിക്ക് പുറമേ, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കും ധനമന്ത്രി നിര്‍മ്മല സീതാരാമനും പ്രേമചന്ദ്രന്‍ കത്തയിച്ചിട്ടുണ്ട്.
അതേസമയം, സെക്രട്ടേറിയറ്റിലെ തീപിടിത്തത്തില്‍ പ്രതിഷേധിച്ച് ബിജെപി യുവമോര്‍ച്ച പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ച് സംഘര്‍ഷത്തില്‍ കലാശിച്ചു. ലാത്തി വീശിയിട്ടും പ്രവര്‍ത്തകര്‍ പിരിഞ്ഞുപോകാത്തതിനെ തുടര്‍ന്ന് പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. സംസ്ഥാനത്തെ വിവിധ ഭാഗങ്ങളില്‍ സര്‍ക്കാരിനെതിരെ പ്രതിഷേധം നടന്നു. കണ്ണൂര്‍, കൊച്ചി, കോഴിക്കോട് ജില്ലകളിലും യുവമോര്‍ച്ചാ പ്രവര്‍ത്തകര്‍ പ്രതിഷേധം സംഘടിപ്പിച്ചു. കണ്ണൂരില്‍ യുവമോര്‍ച്ച പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ചും അക്രമാസക്തമായി.
സെക്രട്ടറിയിലേറ്റിലെ പൊതുഭരണ വകുപ്പിലെ പ്രോട്ടോക്കോള്‍ ഓഫീസിലാണ് തീപിടിത്തമുണ്ടായത്. സ്വര്‍ണക്കടത്ത് കേസിലെ തെളിവുകള്‍ നശിപ്പിക്കാനുള്ള ശ്രമമാണ് ഇതെന്ന് ആരോപിച്ചാണ് പ്രതിപക്ഷവും ബിജെപിയും രംഗത്തുവന്നത്. തീപിടിത്തം അട്ടിമറിയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. സെക്രട്ടറിയേറ്റില്‍ ഇങ്ങനെയൊരു തീപിടിത്തം ഉണ്ടാകുന്നത് യാദൃച്ഛികമല്ല. പൊളിറ്റിക്കല്‍ ഡിപ്പാര്‍ട്ട്‌മെന്റിലാണ് തീപിടുത്തമുണ്ടായത്. ഇത് ആസൂത്രിതമാണ്. സ്വര്‍ണക്കള്ളക്കടത്തുകേസിലെ തെളിവുകള്‍ നശിപ്പിക്കാന്‍ വേണ്ടി മാത്രമുള്ളതാണെന്ന് രമേശ് ചെന്നിത്തല ആരോപിച്ചു.
ഇങ്ങനെ തീപിടിക്കാനുള്ള ഒരു സാധ്യതയും അവിടെയില്ല. തീപിടിത്തമുണ്ടായ ഓഫീസില്‍ സെന്‍ട്രലൈസ്ഡ് എസിയുണ്ട്. സെന്‍ട്രലൈസ്ഡ് എസിയുള്ള സ്ഥലത്ത് എന്തിനാണ് ഫാന്‍. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനായി പഴയ ഫാന്‍ കൊണ്ടുവന്ന് കെട്ടിത്തൂക്കിയിരിക്കുകയാണെന്നും ചെന്നിത്തല ആരോപിച്ചു.