തിരുവനന്തപുരം: സെക്രട്ടേറിയറ്റ് തീപിടിത്തത്തിന്റെ പേരില്‍ പ്രതിഷേധിച്ചവര്‍ക്കെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍, കോണ്‍ഗ്രസ് നേതാവ് വിഎസ് ശിവകുമാര്‍ എന്നിവര്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെയാണ് കേസ്. എട്ടു കേസുകളാണ് കന്റോണ്‍മെന്റ് പൊലീസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.
അതേസമയം പ്രോട്ടോകോള്‍ വിഭാഗത്തില്‍ തീപിടിത്തമുണ്ടായത് ഫാനില്‍ നിന്നെന്ന് പൊതുമരാമത്ത് വിഭാഗത്തിന്റെ റിപ്പോര്‍ട്ട്. ഫാന്‍ ഉരുകി കര്‍ട്ടനില്‍ വീണാണ് തീപിടിത്തമുണ്ടായതെന്ന് പിഡബ്ല്യൂഡി ചീഫ് എന്‍ജിനിയര്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.
ഫാന്‍ ചൂടായി പ്ലാസ്റ്റിക് ഉരുകി കര്‍ട്ടനില്‍ വീണാണ് തീപിടിത്തമുണ്ടായത്. വലിയ നാശനഷ്ടങ്ങള്‍ ഇല്ലാതെ തീ അണയ്ക്കാനായെന്നും കെട്ടിട വിഭാഗം ചീഫ് എന്‍ജിനിയര്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. റിപ്പോര്‍ട്ട് മുഖ്യമന്ത്രിക്കു കൈമാറിയെന്നാണ് സൂചന.
തീപിടിത്തമുണ്ടായ ഉടനെ സെക്രട്ടേറിയറ്റില്‍ എത്തിയ കെ സുരേന്ദ്രന്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ അന്വേഷണം നടത്താന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. സുരേന്ദ്രന്‍ സെക്രട്ടേറിയറ്റിന് അകത്തു കടന്നത് സുരക്ഷാ വീഴ്ചയാണെന്നാണ് മന്ത്രിസഭായോഗത്തിന്റെ വിലയിരുത്തല്‍. ചീഫ് സെക്രട്ടറി പോലും എത്തും മുമ്പ് സുരേന്ദ്രന്‍ സ്ഥലത്ത് എത്തിയത് സംശയകരമാണെന്നും യോഗത്തില്‍ അഭിപ്രായമുയര്‍ന്നു.