സെക്രട്ടറിയേറ്റിലെ പ്രോട്ടോക്കോൾ വിഭാഗത്തിൽ തീപിടുത്തമോ; തീയിട്ടതോ; ദുരൂഹത ബാക്കി

തിരുവനന്തപുരം: ഓഫീസ് സമയം തീരാറായപ്പോൾ സെക്രട്ടറിയേറ്റിലുണ്ടായ തീപിടിത്തം പ്രതിപക്ഷ ആരോപണത്തിന് ശക്തി പകരുന്നു.നിരവധി പേർ ജോലി ചെയ്തിരുന്ന ഓഫീസിൽ സംഭവ സമയത്ത് രണ്ടു പേർ മാത്രമേ ഡ്യൂട്ടിയിലുണ്ടായിരുന്നുള്ളുവെന്നാണ് ഔദ്യോഗിക വിശദീകരണം. ‘കുറച്ചു ഫയലുകൾ മാത്രമേ കത്തിച്ചുള്ളൂ’ എന്ന് പൊതുഭരണ വകുപ്പിലെ അഡിഷണൽ സെക്രട്ടറി ഹണി പറഞ്ഞതായാണ് റിപ്പോർട്ട്. സെക്രട്ടറിയേറ്റിലെ ഇടതുസംഘടനാ നേതാവ് കൂടിയായ ഇദ്ദേഹത്തിന് വെപ്രാളത്തിൽ നാവു പിഴച്ചതാണോ അറിയാതെ സത്യം വിളിച്ചു പറഞ്ഞതാണോ?. പ്രതിപക്ഷം എന്തായാലും ഇത് ഗൗരവമായെടുത്ത് പ്രതിഷേധത്തിന് തുടക്കം കുറിച്ചു കഴിഞ്ഞു.

സംസ്ഥാന സെക്രട്ടറിയേറ്റ് ഒരിക്കലെങ്കിലും കണ്ടിട്ടുള്ള ഏതൊരാൾക്കും ഇത്തരമൊരു തീ പിടിത്തം എപ്പോൾ വേണമെങ്കിലും ഉണ്ടാകാമെന്ന് മനസിലാക്കാൻ കഴിയും. പക്ഷേ ഉയരുന്ന ഒരു ചോദ്യമേയുള്ളു. ഷോർട്ട് സർക്യൂട്ടാണോ അതോ ആരെങ്കിലും തീയിട്ടതാണോ. രണ്ടിനും ഒരു പോലെ സാധ്യതയുള്ള സ്ഥലമാണിവിടം. ഇപ്പോഴത്തെ സങ്കീർണമായ രാഷ്ട്രീയ സാഹചര്യത്തിൽ ഇക്കാര്യത്തിൽ അന്വേഷണം നടന്നാൽ യഥാർഥ ചിത്രം പുറത്തു വരുമോ എന്നാണ് കണ്ടറിയേണ്ടത്.

പ്രോട്ടോകോൾ ഓഫീസറുടെ ഓഫീസിലാണ് തീ പിടിത്തമുണ്ടായത്. 5 അസിസ്റ്റൻറുമാരും 1 സെക്ഷൻ ഓഫിസറും, അസി.പ്രോട്ടോകോൾ ഓഫിസറും (സെക്ഷൻ ഓഫിസർ), അഡീ പ്രോട്ടോകോൾ ഓഫിസറും (അണ്ടർ സെക്രട്ടറി), സ്റ്റേറ്റ് പ്രോട്ടോകോൾ ഓഫിസറും (ഡെപ്യൂട്ടി, ജോയിൻറ് സെക്രട്ടറി), ജോയിൻറ് ചീഫ് പ്രോട്ടോകോൾ ഓഫിസറും അടങ്ങുന്നതാണ് പ്രോട്ടോകോൾ വിഭാഗം. ചീഫ് പ്രോട്ടോകോൾ ഓഫിസർ ചീഫ് സെക്രട്ടറിയാണ്. പൊതുഭരണ പൊളിറ്റിക്കൽ വിഭാഗത്തിന്റെ പ്രധാന്യമാണ് തീപിടിത്തത്തെ രാഷ്ട്രീയ വിവാദമാക്കുന്നത്.

സംസ്ഥാനത്തെ പ്രോട്ടോകോൾ സംബന്ധമായ കാര്യങ്ങൾ കൈകാര്യം ചെയ്യുന്നത് ഈ വിഭാഗമാണ്. സ്വാതന്ത്ര്യം കിട്ടുന്ന സമയത്ത് ഈ വിഭാഗത്തിന്റെ പേര് പൊളിറ്റിക്കൽ ആന്റ് മിലിറ്ററി എന്നായിരുന്നു. പേരിൽതന്നെ രഹസ്യ സ്വഭാവം വ്യക്തം. മുഖ്യമന്ത്രിയുടേയും ചീഫ് സെക്രട്ടറിയുടേയും ഓഫിസിനോടു ചേർന്നാണ് പ്രോട്ടോകോൾ വിഭാഗം. മുഖ്യമന്ത്രിയുടെ ഓഫിസ് സ്ഥിതി ചെയ്യുന്ന നോർത്ത് ബ്ലോക്കിനെ മെയിൻ ബ്ലോക്കുമായി ബന്ധിപ്പിക്കുന്ന നോർത്ത് സാൻവിച്ച് ബ്ലോക്കിലാണ് പ്രോട്ടോകോൾ വിഭാഗം വർഷങ്ങളായി പ്രവർത്തിക്കുന്നത്.

യുഎഇ കോൺസുലേറ്റുമായി ബന്ധപ്പെട്ട കാര്യങ്ങൾ കൈകാര്യം ചെയ്യുന്നതും പ്രോട്ടോകോൾ വിഭാഗമാണ്. കോൺസുലേറ്റിന്റെ സംസ്ഥാനത്തെ ആവശ്യങ്ങൾക്ക് ഈ വിഭാഗത്തെ ബന്ധപ്പെടണം. ഇവിടെ ചെയ്യാൻ കഴിയാത്ത കാര്യങ്ങൾക്കു വിദേശകാര്യമന്ത്രാലയത്തിന്റെ അനുമതി തേടണം. കോൺസൽ ജനറലിനു പുറത്തെ പരിപാടികളിൽ പങ്കെടുക്കുന്നതിനു പ്രോട്ടോകോള്‍ വിഭാഗത്തിന്റെ അനുമതി ആവശ്യമാണ്.

ഗവർണർമാരുടെയും മന്ത്രിസഭയുടേയും സത്യപ്രതിജ്ഞയുമായി ബന്ധപ്പെട്ട ഫയലുകൾ കൈകാര്യം ചെയ്യുന്നത് പൊളിറ്റിക്കൽ വിഭാഗത്തിലാണ്. രാജ്യത്തിനകത്തുനിന്നും പുറത്തുനിന്നും സർക്കാരിന്റെ അതിഥികളെത്തുമ്പോൾ സ്വീകരിക്കാൻ ഒരുക്കങ്ങൾ നടത്തുന്നതും അവർക്കു വേണ്ട സൗകര്യമൊരുക്കുന്നതും ഈ വിഭാഗമാണ്.

മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും വിദേശയാത്രകൾ, കോൺസുലേറ്റുമായി ബന്ധപ്പെട്ട കാര്യങ്ങൾ തുടങ്ങിയവയിലും ഈ വിഭാഗം തീരുമാനമെടുക്കുന്നു. മന്ത്രിമാർ സ്വന്തം ചെലവിലോ, മറ്റുള്ളവരുടെ ചെലവിലോ വിദേശത്തു സന്ദര്‍ശനം നടത്തുകയാണെങ്കിൽ അക്കാര്യം പ്രോട്ടോകോൾ വിഭാഗം കേന്ദ്ര വിദേശകാര്യമന്ത്രാലയത്തെ അറിയിച്ച് അനുവാദം വാങ്ങണം. വിദേശത്തുനിന്ന് വരുന്ന അതിഥികളെ സ്വീകരിക്കുന്ന പൊളിറ്റിക്കൽ 1 (ഇൻകമിങ് വിസിറ്റ്) വിഭാഗമാണ് കൂട്ടത്തിൽ ഏറ്റവും പ്രധാനപ്പെട്ടത്. അതിഥികളെത്തുന്നതിനു മുൻപ് കേന്ദ്രവിദേശകാര്യ, ആഭ്യന്തര മന്ത്രാലയങ്ങളിൽനിന്ന് അനുമതി തേടേണ്ടതുണ്ട്.

ലൈഫ് മിഷന്റെ ഭാഗമായി വിദേശത്തുനിന്ന് ആളുകളെത്തി കരാർ ഒപ്പിടുന്നതിനു മുൻപ് അനുവാദം വാങ്ങിയിരുന്നോ എന്ന കാര്യമാണ് എൻഐഎ പരിശോധിക്കുന്നത്. ഇതു സംബന്ധിച്ച ഫയലുകൾ അവർ ആവശ്യപ്പെട്ടിട്ടുണ്ട്. തീപിടിത്തം രാഷ്ട്രീയവിവാദമായതിനു കാരണവും ഇതാണ്.

ഇ ഫയൽ സംവിധാനം സെക്രട്ടേറിയറ്റിൽ നിലവിൽ വന്നെങ്കിലും പ്രധാന ഫയലുകൾ ഇപ്പോഴും കടലാസു രൂപത്തിലാണ് സൂക്ഷിക്കുന്നത്. പ്രോട്ടോകോൾ വിഭാഗത്തിലെ പ്രധാന ഫയലുകളെല്ലാം കടലാസുരൂപത്തിലുള്ളതാണ്. സെക്രട്ടേറിയറ്റിലെ മറ്റു വിഭാഗങ്ങളിലെ ഫയൽ സൂക്ഷിക്കുന്നത് പഴയ അസംബ്ലി ഹാളിനോട് ചേർന്ന റെക്കോർഡ് റൂമിലാണെങ്കിൽ പ്രോട്ടോകോൾ വിഭാഗത്തിലെ ഫയലുകൾ രഹസ്യസ്വഭാവം സൂക്ഷിക്കാൻ പ്രോട്ടോകോൾ വിഭാഗത്തിൽതന്നെയാണു സൂക്ഷിക്കുന്നത്. സംസ്ഥാനത്തെ ആദ്യമന്ത്രിസഭയുടെ സത്യപ്രതിജ്ഞയുടെ ഒരുക്കങ്ങൾ മുതലുള്ള ഫയലുകൾ ഈ വിഭാഗത്തിലുണ്ട്.
സെക്രട്ടേറിയറ്റിൽ ഏതു തപാൽ വന്നാലും നമ്പരിട്ട് അതതു വകുപ്പ് സെക്രട്ടറിക്ക് കൈമാറുകയാണു ചെയ്യുന്നത്. പൊളിറ്റിക്കൽ വിഭാഗത്തിൽ രഹസ്യ സ്വഭാവം സൂക്ഷിക്കാൻ പ്രത്യേക നമ്പരിങ് സംവിധാനമുണ്ട്.