ന്യൂഡെൽഹി: കോൺഗ്രസ് അധ്യക്ഷപദം ഏറ്റെടുക്കാൻ താൽപര്യം കാണിക്കാത്ത രാഹുൽ ഗാന്ധി പാർലമെന്ററി പാർട്ടി നേതൃസ്ഥാനം ഏറ്റെടുക്കാൻ തയാറെടുക്കുന്നതായി സൂചന. താമസിയാതെ രാഹുൽ പാർലമെന്ററി പാർട്ടി അധ്യക്ഷ സ്ഥാനത്തേക്ക് വരും.കേന്ദ്ര സർക്കാരിനെതിരെയുള്ള സമരങ്ങൾക്ക് പുതിയ വീര്യം നൽകാനാണ് രാഹുൽ ആലോചിക്കുന്നത്.
പാർട്ടി അധ്യക്ഷ സ്ഥാനത്തില്ലെങ്കിലും കേന്ദ്ര സർക്കാരിൻ്റെ നിലപാടുകൾക്കെതിരേ നിരന്തരം ശക്തമായി പ്രതികരിക്കുന്നതിൽ രാഹുൽ ഏറെ മുന്നിലാണ്. അതുകൊണ്ടു തന്നെ രാഹുലിനെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമിത് ഷാ അടക്കമുള്ള ബിജെപി നേതാക്കളും ലക്ഷ്യമിട്ടിരിക്കുന്നത്. ബിജെപി നേതാക്കൾ പത്രസമ്മേളനങ്ങളിൽ ഏറെ വിമർശിക്കുന്നതും പാർട്ടി നേത്യത്വത്തിലില്ലാത്ത രാഹുലിനെയാണ്. പ്രതിപക്ഷ നേതാവല്ലെങ്കിലും പ്രതിപക്ഷ നേതാവായി അദ്ദേഹം പേരെടുത്തു കഴിഞ്ഞു.
ഇപ്പോൾ തുടരുന്ന ശൈലിയിൽ മുന്നോട്ടു നീങ്ങിയാൽ ക്രമേണ ജനമനസുകളിൽ കൂടുതൽ സ്വാധീനം നേടിയെടുക്കാൻ രാഹുലിന് കഴിയുമെന്ന് അദ്ദേഹത്തോട് അടുപ്പമുള്ളവർ പറയുന്നു. അതുകൊണ്ട് തന്നെ പാർട്ടി പാർലമെൻ്ററി നേതൃത്വം വഴി പാർട്ടി അധ്യക്ഷൻ എന്ന നയമായിരിക്കും രാഹുൽ പിന്തുടരുക എന്നറിയുന്നു. തൽക്കാലത്തേക്ക് മറ്റാരെങ്കിലും പാർട്ടി അധ്യക്ഷനാകട്ടെ എന്ന നിലപാടിൽ തന്നെ ഉറച്ചു നിൽക്കുകയാണ് രാഹുൽ.
അതേസമയം പാർട്ടിയിലെ ഒരു വിഭാഗം നേത്യത്വവുമായി ബന്ധപ്പെട്ട് ഉയർത്തിയ വിമർശനത്തെ മറികടക്കാൻ സോണിയാ ഗാന്ധി അനുരഞ്ജനശ്രമങ്ങൾ തുടങ്ങി. കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായും മറ്റ് സംസ്ഥാനങ്ങളിലെ പ്രതിപക്ഷനേതാക്കളുമായും ഇന്ന് സോണിയാഗാന്ധി ചർച്ച നടത്തുന്നുണ്ട്.
പാർട്ടിയിൽ വിമർശനങ്ങൾ ഉയർന്നിട്ടുണ്ടെങ്കിലും അത് ഒരു പൊട്ടിത്തെറിയാകില്ലെന്ന് പൊതുവേ വിലയിരുത്തപ്പെടുന്നു.എന്നാൽ കഴിഞ്ഞ ഏതാനും മാസങ്ങളായി പാർട്ടി നേത്യത്വം വളരെ ദുർബലമാണ്. ഇപ്പോഴത്തെ പാർട്ടിയുടെ നിർജീവാവസ്ഥ മാറണമെന്നതിനപ്പുറം മറ്റൊരു താൽപര്യവും ബഹു ഭൂരിപക്ഷം നേതാക്കൾക്കുമില്ലെന്നാണ് സൂചന. ഈ സാഹചര്യത്തിൽ പാർട്ടി ഘടകങ്ങളും നേതാക്കളുമായുള്ള സമ്പർക്കം കൂടുതൽ ശക്തമാക്കാനുള്ള ശ്രമമാണ് സോണിയ ആരംഭിക്കുന്നത്.
രാഹുൽഗാന്ധിയെ കൂടി ഉൾപ്പെടുത്തിയാകും യോഗങ്ങൾ സംഘടിപ്പിക്കുക. ഇതിന്റെ ആദ്യഘട്ടമായി ഇന്ന് പാർട്ടി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുടെയും മറ്റ് സംസ്ഥാനങ്ങളിലെ പ്രതിപക്ഷ നേതാക്കളുടെയും യോഗത്തിൽ സോണിയാഗാന്ധി പങ്കെടുക്കും. നീറ്റ്, ജെഇഇ പരിക്ഷ, ജിഎസ്ടി പ്രതിസന്ധികൾ മുതലായവ അടക്കമാകും ചർച്ച വിഷയം. മഹാരാഷ്ട്രമുഖ്യമന്ത്രി ഉദ്ധവ് താക്കറേ, ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറൺ മുതലായവരും യോഗത്തിന്റെ ഭഗമാകും. കോൺഗ്രസ് പ്രതിപക്ഷത്തുള്ള സംസ്ഥാനങ്ങളിലെ പ്രതിപക്ഷ നേതക്കളും യോഗത്തിൽ പങ്കെടുക്കും. എതിർ സ്വരങ്ങളെ നേരിടാനുള്ള നീക്കങ്ങളുടെ ഭാഗമായാണ് രാഹുലിന്റെ സാന്നിധ്യം.