തിരുവനന്തപുരം: സെക്രട്ടേറിയറ്റിൽ ചീഫ് പ്രോട്ടോക്കോൾ ഓഫീസറുടെ ഓഫീസിൽ തീപ്പിടിത്തം. സ്വർണക്കടത്തുമായി ബന്ധപ്പെട്ട ദൃശ്യങ്ങളും ഫയലുകളും എൻഐഎ ആവശ്യപ്പെട്ടിട്ടുള്ളത് പ്രോട്ടോക്കോൾ ഓഫീസറോടാണ്. കുറെ ഫയലുകളും ഒരു കമ്പ്യൂട്ടറും കത്തിനശിച്ചതായാണ് സൂചന.
പൊതുഭരണവകുപ്പ് സ്ഥിതിചെയ്യുന്ന നോർത്ത് സാൻഡ് വിച്ച് ബ്ലോക്കിലാണ് തീപ്പിടിത്തമുണ്ടായത്.ഷോർട്ട് സർക്യൂട്ടാണ് തീപിടിത്ത കാരണമെന്ന് സംശയിക്കുന്നു. ഫയർഫോഴ്സ് തീ അണച്ചു. വൈകിട്ട് അഞ്ച് മണിയോടെയായിരുന്നു സംഭവം. ഇന്നലെ ഇവിടെ ഒരു ജീവനക്കാരന് കൊറോണ സ്ഥിരീകരിച്ചിരുന്നു. മറ്റു ജീവനക്കാർ ക്വാറന്റീനിലായിരുന്നു. രണ്ട് ജീവനക്കാർ മാത്രമാണ് ജോലിക്ക് എത്തിയിരുന്നത് എന്നാണ് സൂചന.സംഭവത്തെക്കുറിച്ച് അന്വേഷിക്കുമെന്ന് ചീഫ് സെക്രട്ടറി വിശ്വാസ് മേത്ത അറിയിച്ചു
ഏതൊക്കെ ഫയലുകൾ കത്തിനശിച്ചുവെന്ന് വ്യക്തമായിട്ടില്ല. ഏറെ പ്രധാന
പ്പെട്ട സ്ഥലമാണിത്. പൊളിറ്റിക്കൽ വിഭാഗത്തിലെ ഓഫീസുകൾ പ്രവർത്തിക്കുന്ന കെട്ടിടത്തിലാണ് തീപ്പിടിത്തമുണ്ടായത്.
പ്രധാനപ്പെട്ട ഫയലുകളൊന്നും കത്തിനശിച്ചിട്ടില്ലെന്ന് ഉന്നത ഉദ്യോഗസ്ഥർ പറഞ്ഞു. കമ്പ്യൂട്ടറിൽനിന്നുള്ള ഷോർട്ട് സർക്യൂട്ട് ആണ് തീപിടിത്തത്തിന് ഇടയാക്കിയത്. വിലപ്പെട്ട ഫയലുകളൊന്നും നശിച്ചിട്ടില്ല. ഡെൽഹി കേരള ഹൗസ് ഉൾപ്പെടെയുള്ള സർക്കാർ അഗതി മന്ദിരങ്ങളിലെ ബുക്കിങ് ഉൾപ്പെടെയുള്ള ചില ഫയലുകളാണ് നശിച്ചത്. ജീവനക്കാരുംഫയർഫോഴ്സും ചേർന്ന് നിമിഷ നേരം കൊണ്ട്
തീ അണച്ചു.നാല് മാസത്തിന് മുൻപുള്ള ഫയലുകളാണ് കത്തിനശിച്ചവ.പ്രധാനപ്പെട്ട ഫയലുകളൊന്നും തീപ്പിടിത്തമുണ്ടായ മുറിയിൽ ഉണ്ടായിരുന്നില്ലെന്നും ഉദ്യോഗസ്ഥർ പറയുന്നു.
പ്രോട്ടോക്കോൾ ഓഫീസ് സ്ഥിതിചെയ്യുന്ന കെട്ടിടത്തിൽ ഉണ്ടായ തീപ്പിടിത്തത്തിൽ ദുരൂഹതയുണ്ടെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. സ്വർണക്കടത്തുമായി ബന്ധപ്പെട്ട തെളിവുകൾ നശിപ്പിക്കാനും പ്രതികളെ സംരക്ഷിക്കാനുമുള്ള മുഖ്യമന്ത്രിയുടെ ശ്രമമാണ് ഇതിനു പിന്നിലെന്നും ചെന്നിത്തല ആരോപിച്ചു.